വിദ്യാഭ്യാസം

പഠനയാത്രയിൽ അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി

പഠനയാത്രകൾക്ക് എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ തുക നിശ്ചയിക്കേണ്ടതാണെന്നും വിദ്യാർഥികൾക്ക് അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളിൽ നിന്ന് ഈടാക്കാൻ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഷാനവാസ് ഒപ്പിട്ട സർക്കുലർ വ്യക്തമാക്കുന്നു. ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. 

നിലവിലെ നിർദേശങ്ങൾക്ക് വിരുദ്ധമായി പഠനയാത്രകൾ സംഘടിപ്പിക്കുന്നതും യാത്രാച്ചെലവായി വൻതുക നിശ്ചയിക്കുന്നതിനാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാൻ കഴിയാതെ മാനസിക പ്രയാസം ഉണ്ടാവുന്നതുമായി നിരവധി പരാതികൾ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ, സ്കൂളുകളിൽ ജീവനക്കാരുടേയും വിദ്യാർഥികളുടേയും മറ്റും ജന്മദിനാഘോഷം പോലുള്ള വ്യക്തിപരമായ കാര്യങ്ങളിൽ ആഘോഷം സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകാൻ കുട്ടികളെ നിർബന്ധിതമാക്കുന്നതുമായ സാഹചര്യവുമുണ്ട്. സമ്മാനം കൊണ്ടുവരാത്ത കുട്ടികളെ വേർതിരിച്ചു നിർത്തുന്ന പ്രവണതയും ശ്രദ്ധയിൽ പെട്ടിട്ടുള്ളതായി സർക്കുലർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

പണമില്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടില്ല. ഏതെങ്കിലും കുട്ടിയെ സൗജന്യമായി പഠനയാത്രയിൽ പങ്കെടുപ്പിക്കുന്ന പക്ഷം ആ വിവരം മറ്റു കുട്ടികൾ അറിയാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. സ്കൂളുകളിൽ ജീവനക്കാരുടേയും വിദ്യാർഥികളുടേയും ജന്മദിനം പോലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങൾ പരമാവധി ഒഴിവാക്കണം. ഇത്തരം ആഘോഷം സംഘടിപ്പിച്ചാൽ അതിന്റെ സാമ്പത്തികബാധ്യത കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകാതിരിക്കാൻ സ്കൂൾ അധികാരികൾ ശ്രദ്ധിക്കണം- ഉത്തരവ് പറയുന്നു.ഈ നിർദേശങ്ങൾ സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. തുടങ്ങി മറ്റ് ഇതര ബോർഡുകളിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ബാധകമാണെന്നും സർക്കുലറിൽ പറയുന്നുണ്ട്.

സ്കൂളുകളിലെ പഠനയാത്ര നടത്തുന്നത് സംബന്ധിച്ച് സർക്കാർ മുമ്പു നൽകിയ മാർഗനിർദ്ദേശങ്ങൾ പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ട്. പതിനഞ്ച് വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ/ അധ്യാപിക ഉണ്ടാവണമെന്നാണ് ചട്ടം. യാത്രയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വാഹനത്തിന്റെ വിശദാംശങ്ങൾ (ഇൻഷൂറൻസ്, ഫിറ്റ്നസ്, പെർമിറ്റ്), ഡ്രൈവറുടെ ലൈസൻസ് തുടങ്ങിയ കാര്യങ്ങൾ പ്രധാനാധ്യാപിക സാക്ഷ്യപ്പെടുത്തി നൽകുകയും വേണം.പഠനയാത്രയ്ക്ക് പി.ടി.എ തീരുമാനം, കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം എന്നിവ ഉണ്ടാവണം. പ്രധാനാധ്യാപകർ അതു സംബന്ധിച്ച് സത്യവാങ്മൂലം നൽകണം. രാത്രിയാത്ര പാടില്ല. യാത്ര കഴിഞ്ഞുവന്നാൽ വിശദമായ ടൂർ റിപ്പോർട്ട് നൽകുകയും വേണം.