ഇൻഡ്യ

രാജ്യത്തെ പള്ളികളില്‍ സര്‍വേയ്ക്ക് അനുമതി നല്‍കുന്നതില്‍ നിന്ന് കീഴ്‌ക്കോടതികളെ സുപ്രിംകോടതി തടയണം

ന്യൂഡല്‍ഹി: രാജ്യത്തെ മുസ്‌ലിം പള്ളികളില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കുന്നതില്‍ നിന്ന് കീഴ്‌ക്കോടതികളെ സുപ്രിംകോടതി വിലക്കണമെന്ന് ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്. ഉത്തര്‍പ്രദേശിലെ സംഭലിലെ ശാഹീ ജാമിഅ് മസ്ജിദിലെയും അജ്മീര്‍ ദര്‍ഗയിലെയും സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സുപ്രിംകോടതി വിഷയത്തില്‍ സ്വമേധയാ ഇടപെടണമെന്ന് ബോര്‍ഡ് ദേശീയ വക്താവ് ഡോ. എസ് ക്യു ആര്‍ ഇല്‍യാസ് ആവശ്യപ്പെട്ടു. 
 രാജ്യത്തെ ആരാധനാലയങ്ങളില്‍ 1947ലെ തല്‍സ്ഥിതി തുടരണമെന്ന 1991ലെ ആരാധനാലയ നിയമം കര്‍ശനമായി പാലിക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ആരാധനാലയ നിയമം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സ്‌ഫോടനാത്മകമായ സാഹചര്യമായിരിക്കും രാജ്യത്തുണ്ടാവുക. അതിന് സുപ്രിംകോടതിയും കേന്ദ്രസര്‍ക്കാരുമായിരിക്കും ഉത്തരവാദിയെന്നും ഡോ.എസ് ക്യു ആര്‍ ഇല്‍യാസ് പ്രസ്താവനയില്‍ പറഞ്ഞു.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പള്ളികളിലും ദര്‍ഗകളിലും അവകാശവാദങ്ങള്‍ ഉയരുന്നതില്‍ ബോര്‍ഡ് ആശങ്ക പ്രകടിപ്പിച്ചു. സംഭലിലെ ശാഹീ ജാമിഅ് മസ്ജിദില്‍ അവകാശവാദം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ അജ്മീറിലെ ദര്‍ഗയിലും ചിലര്‍ അവകാശ വാദം ഉന്നയിച്ചിരിക്കുകയാണ്. അജ്മീര്‍ ദര്‍ഗ ശിവക്ഷേത്രമാണെന്നാണ് അവകാശവാദം. നിര്‍ഭാഗ്യവശാല്‍ അജമീറിലെ വെസ്റ്റ് സിവില്‍ കോടതി ഹരജി ഫയലില്‍ സ്വീകരിക്കുകയും ദര്‍ഗ കമ്മിറ്റിക്കും കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കും നോട്ടീസ് അയക്കുകയും ചെയ്തിരിക്കുന്നു.

ഇതെല്ലാം 1991ലെ ആരാധനാലയ നിയമത്തിന് എതിരാണ്. 1947 ആഗസ്റ്റ് 15ലെ ആരാധനാലയങ്ങളുടെ തല്‍സ്ഥിതി തുടരണമെന്നാണ് ഈ നിയമം പറയുന്നത്. ബാബരി മസ്ജിദ് കേസിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്.  എന്നാല്‍, വരാണസിയിലെ ഗ്യാന്‍ വ്യാപി പള്ളി, മധുരയിലെ ശാഹീ ഈദ്ഗാഹ് മസ്ജിദ്, മധ്യപ്രദേശിലെ ഭോജ്ശാല മസ്ജിദ്, ലഖ്‌നോവിലെ തീലെവാലി മസ്ജിദ്, സംഭാല്‍ ജാമിഅ് മസ്ജിദ് എന്നിവിടങ്ങളില്‍ കീഴ്‌ക്കോടതികള്‍ സര്‍വേയ്ക്ക് അനുമതി നല്‍കി. ഇപ്പോള്‍ ഇത് ലോകപ്രശസ്തമായ അജ്മീര്‍ ദര്‍ഗയിലേക്കും എത്തിയിരിക്കുന്നു. നിയമവിരുദ്ധമായാണ് ഹിന്ദുസേനാ നേതാവ് വിഷ്ണു ഗുപ്തയുടെ ഹരജി കോടതി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

ദര്‍ഗ നിലനില്‍ക്കുന്ന പ്രദേശത്ത് ശിവക്ഷേത്രമുണ്ടായിരുന്നുവെന്നും അവിടെ പ്രാര്‍ത്ഥനകള്‍ നടക്കാറുണ്ടായിരുന്നുവെന്നാണ് ഹരജിക്കാരന്‍ വാദിക്കുന്നത്. ബാബരി മസ്ജിദ് കേസ് പരിഗണിക്കുന്ന കാലത്ത് ആരാധനാലയ നിയമത്തെ കുറിച്ച് സുപ്രിംകോടതി നിലപാട് പറഞ്ഞിരുന്നു. കൂടുതല്‍ ആരാധനാലയങ്ങളില്‍ അവകാശവാദമുണ്ടാവരുതെന്നും കോടതി അന്ന് പറഞ്ഞു. എന്നിട്ടും ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേയ്ക്ക് കീഴ്‌ക്കോടതി അനുമതി നല്‍കി. അതിനെ ചോദ്യം ചെയ്ത് മുസ്‌ലിം പക്ഷം സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍, കോടതി മുന്‍ നിലപാട് മയപ്പെടുത്തി സര്‍വേയ്ക്ക് അനുമതി നല്‍കി. സര്‍വേ നടത്തുന്നത് 1991ലെ നിയമത്തിന്റെ ലംഘനമാവില്ലെന്നാണ് സുപ്രിംകോടതി പ്രഖ്യാപിച്ചത്. ഇതോടെയാണ് മധുരയിലെ ശാഹീ ഈദ്ഗാഹ് മസ്ജിദിലും ലഖ്‌നോവിലെ തീലെവാലി മസ്ജിദിലും സംഭലിലെ ശാഹി ജാമിഅ് ജുമാ മസ്ജിദിലും ഇപ്പോള്‍ അജ്മീര്‍ ദര്‍ഗയിലും അവകാശ വാദങ്ങള്‍ ഉന്നയിക്കപ്പെടുന്നത്. അതിനാല്‍, വിഷയത്തില്‍ സുപ്രിംകോടതി സ്വമേധയാ ഇടപെടണമെന്ന് ഡോ. എസ് ക്യു ആര്‍ ഇല്‍യാസ് ആവശ്യപ്പെട്ടു.