കോട്ടയം

കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിന് മൂന്നു വയസ്

കോട്ടയം: കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിന് മൂന്നു വയസ്. 2021 ഒക്ടോബർ 16നാണ് കോട്ടയം കൂട്ടിക്കലും സമീപ പഞ്ചായത്തായ ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട കൊക്കെയാറിലും ഉരുൾപൊട്ടിയത് . 21 പേരാണ് അപകടത്തിൽ മരിച്ചത്.അപകടത്തിനു പിന്നാലെ നൂറിലധികം കുടുംബങ്ങൾ പ്രദേശത്ത് നിന്നും പലായനം ചെയ്തു. മൂന്നു വർഷം പിന്നിടുമ്പോഴും ഇവിടെ പാലങ്ങളുടെയും റോഡുകളുടെയും പുനർനിർമാണം എങ്ങുമെത്തിയിട്ടില്ല. -അന്ന് അതിരാവിലെ മുതൽ പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു .പിന്നാലെ ദുരന്തവും .2021 ഒക്ടോബർ 16 മഴയുണ്ടാക്കിയ മുറിവ് കുട്ടിക്കലിലും കൊക്കയാറിലും ഉണങ്ങിയിട്ടില്ല ഇന്നും. പ്ലാപ്പള്ളി കാവാലിയിൽ ഒരു കുടുംബത്തിലെ മൂന്നു കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് ജീവൻ നഷ്ടമായി .ഇളംകാട്ടിലും കൊക്കയാറിലുമായി നിരവധി ജീവനുകൾ പ്രളയം കവർന്നു. നൂറിലധികം വീടുകൾ വാസയോഗ്യമല്ലാതായി. ഉടുതുണി മാത്രമായി ക്യാമ്പുകളിൽ ഒരുപാട് ജീവിതങ്ങൾ ഓടിക്കയറി

കോട്ടയം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം, വെബ്ലി കമ്മ്യൂണിറ്റി പാലം, കൊക്കെയാർ പാലം എന്നിങ്ങനെ പ്രളയം തകർത്തെറിഞ്ഞത് 44 പാലങ്ങൾ. ഇളങ്കാട്- വാഗമൺ റോഡ് ,ഏന്തിയാർ - വടക്കേമല റോഡ് എന്നിങ്ങനെ നിരവധി റോഡുകളും ഇപ്പോഴും പ്രളയത്തിൻ്റെ അവശേഷിപ്പുകളിലേക്ക് വിരൽ ചൂണ്ടുന്നു.വിവിധ മത സാമുദായിക സംഘടനകൾ വീട് നഷ്ടപ്പെട്ടവർക്ക് 15 ഓളം വീടുകൾ നിർമ്മിച്ചു നൽകി. സിപിഎം 25 വീടുകളുടെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.ഡീൻ കുര്യാക്കോസ് എ. പി നിർമിച്ചു നൽകിയ 20 വീടുകളും ഉടൻ കൈമാറും. ഇവയൊക്കെ ആശ്വാസം പകരുന്ന കാര്യങ്ങളാണ്. എന്നാൽ റോഡുകളും പാലങ്ങളും പുനർനിർമിക്കുന്നതിലുണ്ടായ കാലതാമസം ദുരന്തബാധിതരായ ജനതയെ ഒരു പാട് വേദനിപ്പിക്കുന്നുണ്ട്.