വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ കടുവയിറങ്ങി. ബുധനാഴഴ്ച പുലർച്ചെ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിന് മുമ്പിലൂടെ കടുവ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്.
പ്രദേശത്ത് കുറച്ചുദിവസമായി കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. യുവാക്കൾ കാറിൽ പോകുന്നതിനിടെ വലതുവശത്തുനിന്ന് കടുവ കാറിൻ്റെ മുന്നിലേക്ക് ചാടുകയായിരുന്നു.കാറിനുള്ളിൽ നിന്ന് തങ്ങൾ ബഹളംവച്ചപ്പോൾ കടുവ ഓടിമറഞ്ഞെന്ന് യുവാക്കൾ പറഞ്ഞു. സ്ഥലത്ത് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി.