തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ലാൻസെറ്റ് റെസ്പിറേറ്ററി ജേണലിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 82 തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിൽ 26 കുട്ടികൾ രോഗബാധിതരായി. രോഗബാധിതരായ എല്ലാ കുട്ടികളും ഒമ്പത് വയസിൽ താഴെയുള്ളവരാണെന്ന് ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ വ്യക്തമാക്കി.
സ്‌കൂളിൽ പോകുന്ന കുട്ടികളിൽ സാധാരണ കണ്ടുവരുന്ന എച്ച്‌എഫ്‌എംഡിയുടെ വകഭേദമാണ് തക്കാളിപ്പനിയെന്ന് സർക്കാർ അറിയിച്ചു. ഈ വൈറസിന് സാർസ് കോവ് 2, മങ്കിപോക്സ്, ഡെങ്കിപ്പനി അല്ലെങ്കിൽ ചിക്കുൻഗുനിയ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും എന്ററോവൈറസുകളുടെ ഗ്രൂപ്പിൽ പെടുന്ന Coxsackie A 17 ആണെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രോഗം സ്വയം പരിമിതപ്പെടുത്തുന്ന രോഗമാണെന്നും അതിനെ ചികിത്സിക്കാൻ പ്രത്യേക മരുന്ന് നിലവിലില്ലെന്നും വിദഗ്ധർ പറയുന്നു. തക്കാളിപ്പനി ഒരു വൈറൽ രോഗമാണെന്നും ശരീരഭാഗങ്ങളിലെ തക്കാളിയുടെ ആകൃതിയിലുള്ള കുമിളകൾ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണെന്നും വിദഗ്ധർ പറയുന്നു.
തക്കാളിപ്പനി ബാധിച്ച കുട്ടികളിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ മറ്റ് വൈറൽ അണുബാധകളുടേതിന് സമാനമാണ്. അതിൽ പനി, തിണർപ്പ്, സന്ധികളിലെ വേദന, ചർമ്മത്തിലെ തിണർപ്പ് എന്നിവ പ്രകടമാകാം. മറ്റ് വൈറൽ അണുബാധകൾ പോലെ, ക്ഷീണം, ഛർദ്ദി, വയറിളക്കം, പനി, നിർജ്ജലീകരണം, സന്ധികളുടെ വീക്കം, ശരീരവേദന, സാധാരണ ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് വൈറൽ പനികളെ പോലെ തക്കാളിപ്പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.