കോട്ടയം

കടന്നല്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഇല്ലിക്കല്‍കല്ലിന്റെ പിന്‍ഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. |

പെരുംതേനീച്ച കടന്നൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇല്ലിക്കൽകല്ലിൻറെ പിൻഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. തലനാട് പഞ്ചായത്താണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

കഴിഞ്ഞ ഞായാറാഴ്‌ച ഇവിടെയെത്തിയ നിരവധി പേരെ കടന്നലുകൾ കുത്തി പരിക്കേൽപ്പിച്ചിരുന്നു. പിൻവശത്തെ പാർക്കിംഗ് ഭാഗത്ത് നിന്നും നടന്നുകയറിയ സംഘത്തിലെ ഒരാൾ കല്ലെറിഞ്ഞതാണ് കടന്നലുകൾ ഇളകാൻ കാരണമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ദിവസങ്ങൾക്കു ശേഷവും കടന്നലുകളുടെ ശല്യം ഒഴിവായിട്ടില്ല.

തിങ്കളാഴ്ച വൈകിട്ടും ഇവിടെയെത്തിയവർക്ക് കുത്തേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവേശനം നിരോധിച്ച് കൊണ്ട് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചത്. എവിടെയാണ് കടന്നുകളുടെ കൂട് എന്ന് കണ്ടെത്താനാകാത്തതിനാൽ ഇവയെ നശിപ്പിക്കാനായിട്ടില്ല. കിഴക്കാംതൂക്കായ ഭാഗത്ത് കൂടി നടക്കുന്നതിനിടെ കടന്നലാക്രമണം ഉണ്ടായാൽ അപകടം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് നിരോധനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ പറഞ്ഞു.