ഈരാറ്റുപേട്ട : നഗരം വൃത്തിയേറിയ ഭംഗിയുടെ നന്മകളാൽ സമൃദ്ധമാകണമെന്ന സന്ദേശം വിളംബരം ചെയ്ത് വിദ്യാർത്ഥി സംഘം ഫ്ലാഷ് മോബ് നൃത്തം നടത്തിയപ്പോൾ ഒപ്പം കൂടി നാട്ടുകാരും. ഇന്നലെ രാവിലെ അഹമ്മദ് കുരിക്കൾ നഗറിലെ ബസ് സ്റ്റോപ്പ് ആണ് വൃത്തിയുടെ വിളംബര സന്ദേശത്തിന്റെ ഇടം കൂടിയായി മാറിയത്. ഇന്ത്യൻ സ്വച്ചതാ ലീഗ് 2.0 ക്യാമ്പയിൻ (ഐഎസ്എൽ 2.0) ഭാഗമായി ഇന്ന് നടത്തുന്ന ശുചിത്വ സന്ദേശ റാലിയുടെ വിളംബരമായിട്ടായിരുന്നു ഫ്ലാഷ് മോബ്. രാജ്യത്തെ മുഴുവൻ നഗരസഭകളും വിദ്യാർത്ഥികളെയും യുവജനതയെയും അണിനിരത്തി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശുചിത്വ ക്യാമ്പയിൻ ആണ് ഈരാറ്റുപേട്ട നഗരസഭ ഇന്ന് നടത്തിയതെന്ന് ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ച പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഫ്ലാഷ് മോബും സെൽഫി പോയിന്റും വൃത്തിക്കൊരു കയ്യൊപ്പ് എന്ന ശുചിത്വ ക്യാൻവാസ് സന്ദേശ ബാനറും എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒപ്പം നഗരസഭ തയ്യാറാക്കിയ ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ടിന്റെ പ്രകാശനവും എംഎൽഎ നിർവഹിച്ചു. ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫിന് ആദ്യ കോപ്പി നൽകിയാണ് ഓഡിറ്റ് റിപ്പോർട്ട് പ്രകാശനം എംഎൽഎ ചെയതു.
കോളേജിലെ വിദ്യാർത്ഥി സംഘം ആണ് ശുചിത്വ ക്യാമ്പയിൻ റാലിയുടെ വിളംബരമായി ശുചിത്വ സന്ദേശ ഗാനങ്ങൾക്ക് നൃത്തച്ചുവടുകൾ പകർന്ന് ഫ്ലാഷ് മോബ് നടത്തിയത്. ചൊവ്വാഴ്ച രാവിലെ 10 ന് പിഎംസി ജങ്ഷനിൽ നിന്നാണ് ശുചിത്വ സന്ദേശ റാലി ആരംഭിക്കുകയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു. ഇന്ന് നടക്കുന്ന റാലിയിൽ 700 പേർ പങ്കെടുക്കും.
റാലിയുടെ തുടക്കത്തിൽ പുത്തൻപള്ളി ഇമാം മുഹമ്മദ് നദീർ മൗലവി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പോലിസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ബാബു സെബാസ്റ്റ്യൻ റാലി ഫ്ലാഗ് ഓഫ് ചെയ്യും. തെക്കേക്കര ചുറ്റി സെൻട്രൽ ജങ്ഷനിൽ സമാപിക്കും. നഗരസഭയുടെ ബ്രാൻഡ് അംബാസിഡറും ഗായികയുമായ അസ്ന ഖാന്റെ നേതൃത്വത്തിൽ മുസ്ലിം ഗേൾസ് സ്കൂളിലെ 111 വിദ്യാർത്ഥിനികൾ ശുചിത്വ സന്ദേശ സമൂഹ ഗാനം ആലപിക്കും. തുടർന്ന് എംഇഎസ് കോളേജ്, ബിഎഡ് കോളേജ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തും. ഗവ. എൽപി സ്കൂളിലെ കുട്ടികൾ ശുചിത്വ നൃത്ത ശില്പം അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിലും ശുചീകരണത്തിലും നൂറുകണക്കിന് ആളുകൾ പങ്കെടുക്കും.
ഒപ്പം മാതൃക ഹരിത ഭവനത്തിന്റെ പ്രദർശനവുമുണ്ടാകുമെന്ന് ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ അറിയിച്ചു. ഇന്നലെ വിളംബര സന്ദേശ പരിപാടിയിൽ സെന്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ സുനിത ഇസ്മായിൽ, കൗൺസിലർമാരായ പി എം അബ്ദുൽ ഖാദർ, അനസ് പാറയിൽ, ഡോ. സഹല ഫിർദൗസ്, അൻസൽന പരീക്കുട്ടി, സജീർ ഇസ്മായിൽ, ക്ലീൻ സിറ്റി മാനേജർ ടി രാജൻ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അബ്ദുൽ മുത്തലിബ് തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭ ഹെൽത്ത് ഉദ്യോഗസ്ഥരായ അനൂപ് ജി കൃഷ്ണൻ, വി എച്ച് അനീസ, പി എം നൗഷാദ്, ലിനീഷ് രാജ്, ജെറാൾഡ് മൈക്കിൾ തുടങ്ങിയവർ നേതൃത്വം നൽകി.