ജനറൽ

തീപ്പൊരി ഐറ്റവുമായ് പ്രേക്ഷകര്‍ക്ക് വിഷ്വല്‍ ട്രീറ്റൊരുക്കി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ‘ടര്‍ബോ’; ട്രെയിലര്‍ റിലീസായി, മെയ് 23 മുതല്‍ ചിത്രം തിയറ്ററുകളില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ്ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’യുടെ ട്രെയിലര്‍ റിലീസായി. ദുബായിലെ സിലിക്കോണ്‍ സെന്‍ട്രല്‍ മാളില്‍ വെച്ചാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുന്നത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടര്‍ബോ’.