ജനറൽ

പ്രേക്ഷകരുടെ ധൈര്യത്തിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന് മമ്മൂക്ക; ടര്‍ബോ ഉടന്‍ തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ടര്‍ബോ ഉടന്‍ തിയേറ്ററുകളിലേക്ക്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഈ മാസം 23ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രം ഒരു മാസ്സ് എന്റര്‍ടൈനര്‍ ആയിരിക്കുമെന്ന് മമ്മൂട്ടി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ ടര്‍ബോ. പ്രേക്ഷകരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് മമ്മൂട്ടി. 42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനി വിടില്ലെന്നും മമ്മൂട്ടി പറഞ്ഞു. ടര്‍ബോയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും മമ്മൂട്ടി വാചാലനായി.

കഥയുടെ ആധാരം എന്നത് ജോസിന് പറ്റുന്ന കയ്യബദ്ധമാണ്. ചില പരിതസ്ഥിതികളില്‍ ഒരു ശക്തി എവിടെന്നോ വന്നുചേരും. വേണമെങ്കില്‍ ഇതിനെ സര്‍വൈവല്‍ ത്രില്ലര്‍ എന്ന് വിളിക്കാം എന്ന് സംവിധായകന്‍ വൈശാഖ് പറഞ്ഞു. റിയല്‍ ലൈഫില്‍ സംഭവിച്ച ഒന്ന് രണ്ട് സംഭവങ്ങള്‍ സിനിമയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് വൈശാഖ് കൂട്ടിച്ചേര്‍ത്തു.

മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കമ്പനിയുടെ അഞ്ചാമത്തെ ചിത്രമെന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്. കന്നഡ നടന്‍ രാജ് ബി ഷെട്ടിയും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. ഈ മാസം 23നാണു ചിത്രം തിയേറ്ററില്‍ എത്തുന്നത്.