തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ആളുകള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. സ്‌നിഫര്‍ ഡോഗ്, തെര്‍മല്‍ ക്യാമറകള്‍ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നത്. ഇന്ത്യയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരന്തം പാടേ തകര്‍ത്ത തുര്‍ക്കിയിലെ കര്‍മന്‍മറാഷ് പട്ടണത്തില്‍ തകര്‍ന്നടിഞ്ഞ 3 നില കെട്ടിടത്തിനുള്ളില്‍ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.
ഇതിനിടെ തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 37,000 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ 31,700 മരണവും സിറിയയില്‍ 5,700 മരണവുമാണ് സ്ഥിരീകരിച്ചത്. ഭൂകമ്പത്തില്‍ 6,589 കെട്ടിടങ്ങളാണ് ഇരുരാജ്യങ്ങളിലുമായി തകര്‍ന്നടിഞ്ഞത്. തുര്‍ക്കിയിലും സിറിയയിലുമായി 8.7 ലക്ഷം പേര്‍ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഭൂകമ്പം 2.6 കോടി ജനങ്ങളെ ബാധിച്ചതായാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.
ഭൂകമ്പം ബാധിച്ച സിറിയയില്‍ സഹായമെത്തിക്കുന്നതിനായി രണ്ട് അതിര്‍ത്തി ക്രോസിംഗുകള്‍ കൂടി തുറക്കുമെന്നും യുഎന്‍ അറിയിച്ചിട്ടുണ്ട്. ‘ഞങ്ങള്‍ ഇപ്പോള്‍ ഒരു ക്രോസിംഗ് മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വീണ്ടും ഒരു ക്രോസിംഗ് കൂടി തുറക്കുമ്പോള്‍ ദുരന്തബാധിത മേഖലകളിലേക്ക് കടക്കാന്‍ അത് വലിയ സഹായമായിരിക്കു’മെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.