പ്രാദേശികം

ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും രണ്ട് പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു.


ഈരാറ്റുപേട്ട : കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോയുടെ പ്രവർത്തനങ്ങൾ കൂടുതൽ  കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പൂഞ്ഞാർ എംഎൽഎ അഡ്വ.  സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല   യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട-കൈപ്പള്ളി-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ, ഈരാറ്റുപേട്ട- കോട്ടയം-പുള്ളിക്കാനം ഓർഡിനറി സ്റ്റേ (പേപ്പർ വണ്ടി )എന്നീ രണ്ട് സർവീസുകൾ ഇന്നലെ  ഡിപ്പോയിൽ നടന്ന ചടങ്ങിൽ എംഎൽഎ  ഫ്ലാഗ് ഓഫ് ചെയ്ത് പുനരാരംഭിച്ചു.  യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങളും കൈകൊണ്ടു.

 പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ ഉൾപ്രദേശങ്ങളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ യാത്ര ക്ളേശം പരിഹരിക്കുന്നതിന് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടുകൂടി  ഗ്രാമവണ്ടി സർവീസുകൾ ആരംഭിക്കുന്നതിന് നിശ്ചയിച്ചു. ഈരാറ്റുപേട്ട ഡിപ്പോയിൽ 15 ലക്ഷം രൂപ അനുവദിച്ച് പുതിയ ടോയ്ലറ്റ് സമുച്ചയം  പണിയുന്നതിനും   യോഗത്തിൽ തീരുമാനമെടുത്തു. പാലാ ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന പാലാ- കോഴിക്കോട്,  പാലാ-മണ്ണാർക്കാട്, പാലാ- തൃശ്ശൂർ, പാലാ-പെരിക്കല്ലൂർ ,  പാലാ-ആനക്കട്ടി എന്നീ ദീർഘദൂര സർവീസുകൾ ഈരാറ്റുപേട്ടയിലേക്ക്  നീട്ടുന്നതിനും നിശ്ചയിച്ചു. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി, വാഗമൺ, പരുന്തുംപാറ,ഗവി, തേക്കടി, ഇല്ലിക്കൽ കല്ല്, മാര്‍മല അരുവി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് ടൂറിസം സർവീസുകൾ ആരംഭിക്കുന്നതിനും നിശ്ചയിച്ചു. എരുമേലിയിൽ നിന്നും ആരംഭിച്ച് കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട വഴി നെടുമ്പാശ്ശേരിയിലേക്ക് ഒരു പുതിയ സർവീസ് ആരംഭിക്കുന്നതിന്   പ്രൊപ്പോസൽ സമർപ്പിക്കുന്നതിന് നിശ്ചയിച്ചു. കൂടാതെ ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാർക്ക് ഉപകാരപ്രദമായ നിലയിൽ കാൻറ്റീനോട് കൂടിയ ഒരു ഡോർമെറ്ററി നിർമ്മിക്കുന്നതിന് എംഎൽഎ ഫണ്ട് അനുവദിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.  യോഗത്തിൽ സെൻട്രൽ സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. ടി സെബി, പാലാ ക്ലസ്റ്റർ ഓഫീസർ എ.റ്റി ഷിബു ,  ഈരാറ്റുപേട്ട യൂണിറ്റ് ഇൻസ്പെക്ടർ സാം ഐസക്,  സെൻട്രൽ സോൺ ഇൻസ്പെക്ടർ ജാന്‍സ്   എന്നിവർ പങ്കെടുത്തു.

 കെഎസ്ആർടിസി ചിലവ് ചുരുക്കി ലാഭത്തിലാക്കുന്നതിന്റെ ഭാഗമായി ഭരണനിർവഹണ ഓഫീസുകൾ ജില്ലാതലത്തിൽ ആക്കി പരിമിതപ്പെടുത്തുകയും, എല്ലാ ഡിപ്പോയോടും അനുബന്ധിച്ച് വർക്ക് ഷോപ്പുകൾ എന്ന രീതി മാറ്റി  ജില്ലാതല ഡിവിഷൻ വർക്ക് ഷോപ്പുകൾ എന്ന പുതിയ രീതി ആരംഭിച്ചത് ഉൾപ്പെടെ കെഎസ്ആർടിസി സംസ്ഥാനതലത്തിൽ നടത്തിയ മാറ്റങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ടയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.  കൂടാതെ ലാഭകരമല്ലാത്ത സർവീസുകൾ നിർത്തലാക്കുന്ന നടപടിയുടെ ഭാഗമായി ഈരാറ്റുപേട്ടയിൽ നിന്നും മറ്റ് എല്ലാ ഡിപ്പോകളെയും പോലെ തന്നെ സർവീസുകൾ വെട്ടി കുറച്ചിട്ടുണ്ട്. ഇതല്ലാതെ ഈരാറ്റുപേട്ടയ്ക്ക് മാത്രമായി ഏതെങ്കിലും തരത്തിലുള്ള അവഗണനയോ , പരിമിതപ്പെടുത്തലുകളോ ഉണ്ടായിട്ടില്ല എന്നും  മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും  എംഎൽഎ അറിയിച്ചു.