കേരളം

ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താൽലൈസന്‍സ് റദ്ദാക്കും: എംവിഡി മുന്നറിയിപ്പ്

ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അറിയിപ്പ്. 

ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരാളെ മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. പക്ഷെ വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ് നിത്യകാഴ്ചയാണ്. ഇത് അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത് കാരണമാകാമെന്ന് എംവിഡി വ്യക്തമാക്കി.

എംവിഡി ഫേസ്ബുക്ക് പോസ്റ്റ് : ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി. ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു.

പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തില്‍ മൂന്നുപേര്‍ കയറിയ ട്രിപ്പിള്‍ റൈഡിംഗ് സര്‍ക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതില്‍ കൂടുതലും കാണാറുണ്ട്. ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തില്‍ കൈത്താങ്ങ് ആകേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാല്‍ തന്നെ ഈ ‘വീരകൃത്യം’ ശിക്ഷാര്‍ഹവുമാണ്.