പ്രവാസം

52ന്റെ നിറവില്‍ യുഎഇ; ആഘോഷത്തിമര്‍പ്പില്‍ രാജ്യം

യുഎഇക്ക് ഇന്ന് അന്‍പത്തിരണ്ടാമത് ദേശീയ ദിനം. വിസ്മയകരമായ വികസന പദ്ധതികളിലൂടെ അതിവേഗം പുരോഗതിയിലേക്ക് കുതിച്ച യുഎഇ, മലയാളികളുടെ പോറ്റമ്മ നാട് കൂടിയാണ്. അര നൂറ്റാണ്ടുകൊണ്ട് ഒരു വികസിത രാജ്യമായ യുഎഇയുടെ ചരിത്ര വഴികള്‍ ലോകത്തിനു മാതൃകയാണ്.

ഭൂമിശാസ്ത്ര പരമായ പരിമിതികളെയും പ്രതിസന്ധികളെയും അതി ജീവിച്ച് അനന്യമായ വികസന മാതൃകകള്‍ കൊണ്ട് ഒരു മരുഭൂപ്രദേശത്തെ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് മാറിയ ചരിത്രമാണ് യുഎഇയുടേത്. ഏഴു എമിറേറ്റുകള്‍ ചേര്‍ന്ന് യുഎഇ ഒരു ഐക്യ രാജ്യമായി രൂപം കൊണ്ട 1971 ഡിസംബര്‍ രണ്ട് മുതല്‍ യുഎഇ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നു

 എമിറേറ്റുകളുടെ ഏകീകരണത്തിന് നേതൃത്വം നല്‍കിയ ഷെയ്ഖ് സായിദ് എന്ന മികച്ച ഭരണാധികാരിയുടെ കീഴില്‍ രാജ്യം അതിവേഗം മുന്നോട്ടു കുതിച്ചു. എണ്ണ ഖനനത്തിന് സാദ്ധ്യതകള്‍ രാജ്യം നന്നായി ഉപയോഗപ്പെടുത്തി. മുത്ത് വാരലും മത്സ്യ ബന്ധനവും മാത്രമായിരുന്ന ഈ തീരങ്ങളില്‍ പുതിയ വികസന പദ്ധതികള്‍ രൂപം കൊണ്ടു.

അറബ് സംസ്‌കാരത്തിന്റെ മഹനീയ മാതൃക കാട്ടി യുഎഇ ലോകത്തെ ക്ഷണിച്ചു. ലോകത്തെ ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇവിടേക്കെത്തി. കുടുംബത്തെ പോറ്റാന്‍ വഴി തേടി കടല്‍ കടന്ന മലയാളികള്‍ക്ക് യുഎഇ പോറ്റമ്മയായി. ദീര്‍ഘ വീക്ഷണത്തോടെയുള്ള ഷെയ്ഖ് സായിദിന്റെ വികസന പദ്ധതികള്‍ രാജ്യത്തിന് കരുത്തായി മാറി.

ലോകത്തെ വിസ്മയ നഗരങ്ങളുടെ പട്ടികയില്‍ ദുബായ് അതി വേഗം സ്ഥാനം പിടിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ഖലീഫ, കടലില്‍ തീര്‍ത്ത വിസ്മയം പാം ജുമേറ, ലോകത്തെ ഏറ്റവും നീളം കൂടിയ ഡ്രൈവര്‍ ഇല്ലാ മെട്രോ, ഭൂമിയിലെ മനോഹര കെട്ടിടം എന്ന് വിശേഷിപ്പിക്കുന്ന ഫ്യുച്ചര്‍ മ്യൂസിയം തുടങ്ങിയവ ദുബായ്ക്ക് മാത്രം സ്വന്തം`