അബുദാബി: കൊവിഡ് നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കി യുഎഇ. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. കൊവിഡ് പൂര്‍ണമായും നിയന്ത്രണവിധേയമായതോടെയാണ് രണ്ടര വര്‍ഷത്തോളമായി രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചത്. തിങ്കളാഴ്ച (നവംബര്‍ 7) രാവിലെ ആറു മണി മുതല്‍ നിയന്ത്രണം ഒഴിവാക്കിയത് നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വക്താവ് പത്ര സമ്മേളനത്തില്‍ അറിയിച്ചു.
മാസ്ക് ധരിക്കുന്നതില്‍ വീണ്ടും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് ധരിക്കേണ്ടത് ഇനി മുതല്‍ നിര്‍ബന്ധമല്ല. എന്നാല്‍ ആരോഗ്യ കേന്ദ്രങ്ങളിലും നിശ്ചയദാര്‍ഡ്യമുള്ളവരുടെ കേന്ദ്രങ്ങളിലും മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. പൊതുസ്ഥലങ്ങളിലും ഗതാഗത സംവിധാനങ്ങളിലും മാസ്ക് നിര്‍ബന്ധമല്ല. പൊതു സ്ഥലങ്ങളിലേക്കും പരിപാടികളിലേക്കും പ്രവേശിക്കുന്നതിന് അല്‍ ഹൊസ്ന്‍ ഗ്രീന്‍ പാസ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. വാക്സിനേഷൻ സ്വീകരിച്ചതിൻറെയും കൊവിഡ് പരിശോധനാ ഫലങ്ങളുടെയും വിശദാംശങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനം മാത്രമായിരിക്കും ഇനി മുതൽ അൽ ഹൊസൻ ആപ്ലിക്കേഷൻ. കൊവിഡ് പരിശോധന കേന്ദ്രങ്ങളും ചികിൽസാ കേന്ദ്രങ്ങളും പ്രവര്‍ത്തനം പതിവു രീതിയിൽ തുടരും.
കൊവിഡ് ബാധിച്ചവര്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയണമെന്ന നിബന്ധനയ്ക്ക് മാറ്റമില്ലെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതി അറിയിച്ചു. കായിക മൽസരങ്ങളും മറ്റും സംഘടിപ്പിക്കുന്നവര്‍ക്ക് പരിപാടിയുടെ സ്വഭാവം അനുസരിച്ച് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളും, വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റുകളും ആവശ്യപ്പെടാമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കുകൾ മൂന്നൂറിൽ താഴെയെത്തിയ സാഹചര്യത്തിലാണ് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നത് അടക്കമുള്ള നിബന്ധനകൾ കഴിഞ്ഞമാസമായിരുന്നു ഒഴിവാക്കിയത്.