കേരളം

വന്ദേ ഭാരത്: കേരളത്തിലെ വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍; ഓടുന്നത് മറ്റുതീവണ്ടികളുടെ വേഗത്തില്‍

കൊച്ചി: കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ലോക്കോ പൈലറ്റ് എന്‍. സുബ്രഹ്മണ്യന്‍. കേരളത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള വന്ദേഭാരത് എക്‌സ്പ്രസ് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈറോഡില്‍നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ ഓടിച്ചത് എന്‍. സുബ്രഹ്മണ്യനായിരുന്നു. ഇന്ത്യന്‍ നിര്‍മിത സെമി ഹൈ സ്പീഡ് ട്രെയിനാണ് വന്ദേഭാരത് എക്‌സ്പ്രസ്. 160 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിന് സഞ്ചരിക്കാനാവും. എന്നാല്‍, കേരളത്തിലെ ട്രാക്കുകളിലെ വളവുകളും മറ്റും മൂലം വന്ദേഭാരതിന് വലിയ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ല. 'മറ്റു ട്രെയിനുകളുടെ വേഗത്തില്‍ തന്നെയാകും വന്ദേഭാരതും സഞ്ചരിക്കുക,' ലോക്കോ പൈലറ്റ് എന്‍.സുബ്രഹ്മണ്യന്‍ പറഞ്ഞു. 'മണിക്കൂറില്‍ 80 കിലോമീറ്ററാകും വേഗം. ഷൊര്‍ണൂരില്‍നിന്ന് കൊച്ചിയിലേക്ക് വന്നതും ഇതേ വേഗത്തിലാണ്. ഏപ്രില്‍ എട്ടുമുതല്‍ കോയമ്പത്തൂര്‍-ചെന്നൈ സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. അവിടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ജോലാര്‍പേട്ട്-ചെന്നൈ സ്റ്റേഷനുകള്‍ക്കിടയിലാണ്. 130 കിലോമീറ്റര്‍ വേഗത്തിലാണ് ഈ മേഖലയില്‍ ട്രെയിന്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.