തിരു.: കേരളം കനത്ത ചൂടിലേയ്ക്ക്. സംസ്ഥാനത്ത് മിക്കയിടത്തും പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തി.ഇത്തവണ ഫെബ്രുവരി മാസത്തില്‍ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നതെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. പാലക്കാട് ജില്ലയിലെ എരിമയൂരില്‍ ഇന്നലെ 41 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
ഇക്കൊല്ലത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണിത്. അതേസമയം, രാത്രി നേരിയ തണുപ്പുണ്ട്. രാത്രിയും പകലും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വടക്കു ഭാഗത്തു നിന്നുള്ള ആന്റി- സൈക്ലോണിക് സര്‍ക്കുലേഷന്റെ ഫലമായാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്ത് കടുത്ത വേനല്‍ മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 15 വരെയാകും.
മാര്‍ച്ച് 15നും ഏപ്രില്‍ 15നും ഇടയില്‍ സൂര്യരശ്മികള്‍ ലംബമായി കേരളത്തില്‍ പതിക്കും. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ കേരളത്തില്‍ ഒറ്റപ്പെട്ട വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനം. എന്നാലും കൊടുംചൂടിന് കാര്യമായ ശമനമുണ്ടായേക്കില്ല. മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ അവസാനത്തോടെ എല്‍നിനോ അവസ്ഥകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദർ പറയുന്നു. ഇത് മണ്‍സൂണിനെയും ബാധിച്ചേക്കും. നമ്മുടെ ജലസ്രോതസ്സുകള്‍ പലതും ഇതിനോടകം വറ്റിത്തുടങ്ങിയിട്ടുണ്ട്.