ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനായപ്പോൾ മികച്ച നടിക്കുള്ള അംഗീകാരം തേടി എത്തിയത് വിൻസി അലോഷ്യസിനെയാണ്. രേഖ എന്ന ചിത്രത്തിലെ മികച്ച പ്രകടനം ആണ് വിൻസിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ആദ്യമായി ലഭിച്ച സ്റ്റേറ്റ് അവാർഡിന്റെ സന്തോഷത്തിലാണ് വിൻസി ഇപ്പോൾ.
റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ നടിയാണ് വിൻസി അലോഷ്യസ്. ഷോയിൽ ആയിരുന്നപ്പോൾ തന്നെ തനിക്ക് കിട്ടുന്ന വേഷങ്ങൾ ഗംഭീരമാക്കാൻ വിൻസിക്ക് സാധിച്ചിരുന്നു. പിന്നീട് ബിഗ് സ്ക്രീനിൽ ചുവടുവച്ച വിൻസി മലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ചു. തനിക്ക് കിട്ടുള്ള ഏത് കഥാപാത്രവും ആ വേഷം ആവശ്യപ്പെടുന്നത് പൂർണമായും നൽകി വിൻസി കളറാക്കി. പ്രത്യേകിച്ച് ബോൾഡ് ആയ കഥാപാത്രങ്ങൾ. അത്തരത്തിൽ ഒരു കഥാപാത്രം ആയിരുന്നു രേഖയിലേയും.
നല്ലൊരു ചിത്രമായിരുന്നിട്ട് പോലും സിനിമ തിയറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോയെന്നും വേണ്ടത്ര ഷോകൾ ലഭിച്ചില്ലെന്നും പറഞ്ഞ് റിലീസ് വേളയിൽ വിൻസി രംഗത്തെത്തിയിരുന്നു. അമ്പത് തിയറ്ററുകളാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ അതല്ല പ്രശ്നമെന്നും പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ലെന്നാണ് വിന്‍സി പറഞ്ഞിരുന്നത്. നടി പാര്‍വ്വതി തിരുവോത്തടക്കം വിന്‍സിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. തിയറ്റിൽ വേണ്ടത്ര പ്രതികരണം ലഭിച്ചില്ലെങ്കിലും വിൻസിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുതന്നെയാണ് ഇന്ന് സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ താരത്തിന് അംഗീകാരം ലഭിക്കാൻ ഇടയായതും.
ആളുകളിലേക്ക് എത്താതെ പോയ ചിത്രമായിരുന്നു രേഖ. എന്നാല്‍ ഇപ്പോള്‍ തനിക്ക് കിട്ടിയ അവാര്‍ഡിലൂടെ രേഖയെന്ന ചിത്രത്തെ കേരളം മൊത്തം അറിയുമെന്നാണ് വിന്‍സി പറഞ്ഞത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് വിൻസിക്ക് ലഭിക്കുന്ന സമ്മാനം.