കേരളം

വിഴിഞ്ഞം തുറമുഖനിർമ്മാണം; സർക്കാർ ജനാധിപത്യപരമായി ചർച്ചയ്ക്ക് തയാറാകണം, തുറമുഖ നിർമാണത്തെ തുടർന്നുള്ള ആഘാതം കൃത്യമായി പഠിക്കണം; ലത്തീൻ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി ലത്തീൻ അതിരൂപത. അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ഇന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് പ്രതിഷേധമാർച്ച് നടത്തും. തുറമുഖത്തിൻ്റെ പ്രധാന കവാടം ഉപരോധിക്കും. ഏഴിന ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധക്കാരുടെ മാർച്ച്. മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ കരിങ്കൊടി ഉയർത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ ലാഘവത്തോടെ കാണുന്നു എന്ന് അതിരൂപത വികാരി ജനറൽ യൂജിൻ പെരേര പറയുന്നു.

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേൾക്കാൻ തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചർച്ച എങ്ങുമെത്തിയിട്ടില്ല. ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളിൽ നടപടികൾ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണം കുടാതെ  സർക്കാർ ജനാധിപത്യപരമായി ചർച്ചയ്ക്ക് തയാറാകണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പേരേര ഒരു ഓൺലൈൻ ന്യൂസിനോട് പറഞ്ഞു

അതേസമയം മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ ഈ മാസം 22 ന്  മന്ത്രിമാരുടെ അധ്യക്ഷതയിൽ യോഗം ചേരുമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾക്ക് അടിസ്ഥാനം ഉണ്ട്. സംസ്ഥാനത്തിന് മാത്രം ഏകപക്ഷീയമായി തീരുമാനമെടുക്കാൻ കഴിയില്ല. പുനരധിവാസം ഉൾപ്പെടെ ഉറപ്പാക്കാൻ 17 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു 

സംസ്ഥാന സർക്കാറിനെതിരെ തലസ്ഥാനത്ത് കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭയും മത്സ്യത്തൊഴിലാളികളും രംഗത്ത് വന്നിരുന്നു. തീരമേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെതിരെ ബോട്ടുമായി സമരത്തിനെത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞത് നേരത്തെ സംഘർഷത്തിനിടയാക്കിയിരുന്നു. പ്രതിഷേധം കനത്തതോടെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബോട്ടുമായി പോകാൻ സമരക്കാരെ പൊലീസ് അനുവദിക്കുകയായിരുന്നു. സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലന്ന് മത്സ്യത്തൊഴിലാളികൾ പ്രഖ്യാപിച്ചിട്ടുണ്ട്.