കോട്ടയം

രണ്ടാംഘട്ടം വാഗമൺ റോഡ് വികസനം: സ്ഥലമേറ്റെടുപ്പ് - സാമൂഹികആഘാത പഠനത്തിന് അനുമതിയായി

 ഈരാറ്റുപേട്ട : ഈരാറ്റുപേട്ട-വാഗമൺ റോഡ് കൂടുതൽ മികച്ച നിലയിൽ നിർമ്മിക്കുന്നതിന് ഉദ്ദേശിച്ച് വീതി കൂട്ടി പണിയുന്നതിന് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തിയതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.  റോഡ് വീതി കൂട്ടിയും, പരമാവധി വളവുകൾ നിവർത്തിയും,  സംരക്ഷണ ഭിത്തികൾ നിർമ്മിച്ചും,

മികച്ച സുരക്ഷിതത്വ ക്രമീകരണങ്ങൾ ഒരുക്കിയും  റോഡ് പുനർ നിർമ്മിക്കുന്നതിന് 2016-17ൽ 64 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും റോഡ് വീതി കൂട്ടി പണിയുന്നതിന് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് തുടക്കം കുറിച്ചിരുന്നില്ല.2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം  താൻ എംഎൽഎ ആയതിനുശേഷം ജില്ലാ കളക്ടർക്ക് കത്ത് നൽകി നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു എന്നും എംഎൽഎ പറഞ്ഞു.  ഇതേത്തുടർന്ന്  ലാൻഡ് അക്ക്വസിഷന്‍ ആക്ട് സെക്ഷൻ 4(1) പ്രകാരം നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ അളന്നു തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ച് വ്യക്തത വരുത്തി.ഇപ്രകാരം ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ നിശ്ചയിച്ചതിന്റെ വെളിച്ചത്തിൽ സ്ഥലമേറ്റെടുപ്പിന് മുന്നോടിയായി സാമൂഹിക ആഘാത പഠനത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി. ഇത് പ്രകാരം ടെൻഡർ ക്ഷണിച്ച് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് തിരുവനന്തപുരം എന്ന ഏജൻസിയെ സാമൂഹ്യ ആഘാത പഠനത്തിന് ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്.  90 ദിവസത്തിനുള്ളിൽ ലാൻഡ് അക്ക്വസിഷൻ റീഹാബിലിറ്റേഷൻ ആൻഡ് റീസെറ്റിൽമെന്റ്  ആക്ട് 2013 പ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് ഏജൻസിയോട് നിർദ്ദേശിച്ചിട്ടുള്ളത്  .  

റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക്  LARR ആക്ട് 2013 പ്രകാരo 11(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് സ്ഥലമേറ്റെടുപ്പിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതാണ്. മറ്റു തടസ്സങ്ങൾ വരാത്ത പക്ഷം  ഒരു വർഷത്തിനുള്ളിൽ ടെൻഡർ നടപടികളിലേയ്ക്ക് എത്തിക്കുന്നതിന് കഴിയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. 64 കോടി രൂപ ഉപയോഗിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാകുന്നതോടുകൂടി  വാഗമൺ റോഡ് കേരളത്തിലെ തന്നെ ഏറ്റവും നല്ല മലയോര ഹൈവേ ആയി മാറും. അതുവഴി വാഗമൺ ടൂറിസം കേന്ദ്രം അതിന്റെ വികസനത്തിന്റെ ഉന്നതിയിലേയ്ക്കും കുതിക്കും. റോഡ് അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതോടൊപ്പം വാഗമണ്ണിൽ റോപ്പ് വേയും, കേബിൾ കാറും ഉൾപ്പെടെ എല്ലാ ആധുനിക ടൂറിസം സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള വിശദമായ ടൂറിസം പ്രോജക്ട് തയ്യാറാക്കി  ഗവൺമെന്റിന് സമർപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു.