കോട്ടയം

വാഗമൺ ചില്ല് പാലം വീണ്ടും തുറന്നു, ആദ്യദിനമെത്തിയത് 600 ലേറെ പേർ

ഇടുക്കി: വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം (ഗ്ലാസ്‌ ബ്രിഡ്ജിന്റെ) പ്രവര്‍ത്തനം  പുനരാരംഭിച്ചു. ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ്  പാലത്തിൽ കയറാനെത്തിയത്. നാൽപത് അടി നീളത്തിലും  നൂറ്റിയന്പത് അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിഡ്ജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറക്കുന്നത്.  

കഴിഞ്ഞ മഴക്കാലത്ത്  സുരക്ഷയെ  മുൻനിർത്തി പാലം അടച്ചിടാൻ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ നിർദേശിച്ചിരുന്നു. തുടർന്ന് ജൂൺ 1 മുതൽ ഗ്ലാസ്‌  ബ്രിഡ്ജിന്റെ  പ്രവര്‍ത്തനം നിർത്തിവച്ചിരുന്നു. കോഴിക്കോട്‌ എന്‍. ഐ. ടിയിലെ സിവില്‍ എന്‍ജിനിയറിങ്‌ വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന്  ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്.ഒരു സമയം 15 പേരെ മാത്രമേ അനുവദിക്കുകയുള്ളു. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ  പ്രവേശനം അനുവദിക്കില്ല. രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ സഞ്ചാരികൾക്ക് ചില്ല് പാലത്തിൽ പ്രവേശിക്കാം. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് ചാർജ്.