ജനറൽ

രാത്രിയില്‍ കറങ്ങി നടക്കും, സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി നഗ്നതാ പ്രദർശനം; ഏകലവ്യന്‍ പിടിയിൽ

തിരുവനന്തപുരം: രാത്രികാലങ്ങളിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിലെത്തി നഗ്നതാ പ്രദർശനവും അതിക്രമവും നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  വട്ടപ്പാറ മണലി സ്വദേശിയായ ഏകലവ്യൻ (30) ആണ് വട്ടപ്പാറ പൊലീസിന്‍റെ പിടിയിലായത്. വട്ടപ്പാറ കണക്കോട് സ്വദേശിയായ യുവതിയുടെ വീട്ടിൽ കയറി അതിക്രമം കാണിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തിയെന്നുമുള്ള പരാതിയിലാണ് പ്രതിയെ പിടികൂടിയത്. 

ലഹരിവസ്തുക്കൾക്ക് അടിമയാണ് പ്രതിയെന്നും മദ്യലഹരിയിലാണ് കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തിയതെന്നും പൊലീസ് പറഞ്ഞു. രാത്രികാലങ്ങളില്‍ കറങ്ങി നടക്കുന്ന യുവാവ്  സ്ത്രീകൾ മാത്രമുള്ള വീടുകളുടെ മുന്നിലെത്തി നഗ്നത പ്രദർശനവും അതിക്രമവും നടത്തിവരുകയാണെന്നും ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വട്ടപ്പാറ പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ അഞ്ചോളം ക്രിമിനൽ കേസുകളും നിരവധി പരാതികളും വട്ടപ്പാറ സ്റ്റേഷനിൽ നിലവിലുണ്ട്. 

നേരത്തേയും നഗ്നതാ പ്രദര്‍ശനത്തിന്  നിരവധി പരാതികൾ ഏകലവ്യനെതിരെ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവതിയുട പരാതിയുടെ അടിസ്ഥാനത്തില്‍ വട്ടപ്പാറ  എസ്എച്ച്ഒ ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുനിൽ ഗോപി, മഞ്ജു, സലീൽ, സിപിഒ ഷിബു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.