പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പാതാമ്പുഴയിലെ അരുവിക്കച്ചാൽ വെള്ളച്ചാട്ടത്തോടനുബന്ധിച്ച് വികസന പദ്ധതികൾ നടപ്പാക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിനായി 43 ലക്ഷം രൂപ സംസ്ഥാന ടൂറിസം വകുപ്പിൽനിന്ന് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.
കോട്ടയം ജില്ലയിലെ ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടമാണ് അരുവിക്കച്ചാൽ. നയനാനന്ദകരമായ ഈ ദൃശ്യഭംഗിയും, പ്രകൃതി രമണീയമായ ഈ പ്രദേശവും സന്ദർശിക്കുന്നതിന് ധാരാളം വിനോദസഞ്ചാരികൾ നിത്യേന എത്തിച്ചേരാറുണ്ട്. എന്നാൽ നാളിതുവരെയായും ഇവിടെ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ഇക്കാര്യങ്ങൾ പ്രദേശത്ത് നിന്നുള്ള ജനപ്രതിനിധികളും, പ്രദേശവാസികളും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സംസ്ഥാന ടൂറിസം വകുപ്പിനെ കൊണ്ട് ഒരു പ്രോജക്ട് തയ്യാറാക്കിച്ച് ഗവൺമെന്റിൽ സമർപ്പിച്ച് അരുവിക്കച്ചാലിനെ ഒരു ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ടൂറിസം വകുപ്പിൽനിന്ന് പണം അനുവദിച്ചതെന്ന് എം.എൽ.എ അറിയിച്ചു.
പ്രവർത്തി ആരംഭിക്കുന്നതിന് മുന്നോടിയായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോടും, ജനപ്രതിനിധികളോടും, പ്രദേശത്തെ പൊതുപ്രവർത്തകരോടുമൊപ്പം സ്ഥലം സന്ദർശിച്ച് അവലോകനം നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു.