കോട്ടയം: മോശം കാലാവസ്ഥ മാറി മാനം തെളിഞ്ഞിട്ടും വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായ വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കാതെ അധികൃതർ. സംസ്ഥാനത്ത് കനത്ത മഴയും മോശം കാലാവസ്ഥയു രൂക്ഷമായിരുന്ന ഘട്ടത്തിലാണ് ആയിരക്കണക്കിന് സഞ്ചാരികൾ എത്തിയിരുന്ന വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് അടച്ചത്. കാലവർഷം ശക്തമായതോടെ സംസ്ഥാന ടൂറിസം ഡയറക്ടറുടെ നിർദേശത്തെ തുടന്ന് മെയ് മുപ്പതിനാണ് ഗ്ലാസ് ബ്രിഡ്ജ് അടച്ചത്. മഴ കനത്തതോടെ സുരക്ഷ കണക്കിലെടുത്തായിരുന്നു തീരുമാനം.വാഗമണ്ണിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയതിനൊപ്പമാണ് ഇവിടെയും നിയന്ത്രണമുണ്ടായത്. എന്നാൽ, മറ്റ് കേന്ദ്രങ്ങൾ തുറന്നെങ്കിലും ഗ്ലാസ് ബ്രിഡ്ജ് ഇതുവരെ തുറക്കാൻ തീരുമാനമായിട്ടില്ല. കാലാവസ്ഥ അനുകൂലമായിട്ടും ചില്ലുപാലം തുറക്കാനുള്ള തീരുമാനം ഇതുവരെ ഉണ്ടാകുന്നില്ലെന്നാണ് ജനപ്രതിനിധികളുടെയും സഞ്ചാരികളുടെയും പരാതി. ടൂറിസം വകുപ്പ് ഡയറക്ടർ അനുമതി നൽകാത്തതാണ് ഇതിനുകാരണമെന്നാണ് റിപ്പോർട്ടുകൾ.
വാഗമണ്ണിൽ എത്തുന്ന നൂറുകണക്കിന് സഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്. ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിരിക്കുന്ന വിവരം അറിയാതെയാണ് പലരും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഓണാവധിക്ക് പോലും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്. തമിഴ്നാട്ടിൽ നിന്ന് എത്തുന്ന സഞ്ചാരികളുടെ എണ്ണവും ഉയർന്ന തോതിലാണ്.വാഗമണ്ണിൻ്റെ പ്രധാന ആകർഷണ കേന്ദ്രമായ ഗ്ലാസ് ബ്രിഡ്ജിലേക്ക് ആളുകൾ എത്തിയതോടെ പദ്ധതി വൻ വിജയമായിരുന്നു. ദിവസവും നൂറുകണക്കിനാളുകൾ എത്തിയതോടെ വരുമാനം വർധിച്ചു. പദ്ധതി ആരംഭിച്ച് ആദ്യ ഒൻപത് മാസം കൊണ്ട് ഡിടിപിസിക്ക് ഒന്നരക്കോടിയിലധികം രൂപ വരുമാനം ലഭിച്ചു. ചില്ലുപാലത്തിൽ നിന്നുള്ള വരുമാനത്തിൻ്റെ 60 ശതമാനം നടത്തിപ്പുകാരായ സ്വകാര്യ കമ്പനിക്കും ബാക്കിയുള്ള 40 ശതമാനം ഡിടിപിസിക്കുമാണ് ലഭിക്കുക.ഇത്രയും വലിയ വിജയമാകുകയും, ഉയർന്ന വരുമാനം ലഭിക്കുകയും ചെയ്തിരുന്ന പദ്ധതിക്ക് എന്തുകൊണ്ടാണ് പൂട്ട് ഇട്ടിരിക്കുന്നതെന്ന് വ്യക്തമല്ല. ഇതുവഴി കോടികളുടെ നഷ്ടമാണ് ടൂറിസം വകുപ്പിനുണ്ടാകുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിൽ നിലകൊള്ളുന്ന ഗ്ലാസ് ബ്രിഡ്ജ് ചുരുങ്ങിയകാലം കൊണ്ട് തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറി. തുടക്കത്തിൽ 500 രൂപയായിരുന്നു പാസ്. സഞ്ചാരികളിൽ നിന്നും പ്രദേശവാസികളിൽ നിന്നും ഉയർന്ന പാസ് നിരക്കിനെതിരെ ശബ്ദമുയർന്നതോടെ 250 രൂപയാക്കി നിരക്ക് കുറയ്ക്കുകയായിരുന്നു. ദിവസവും 1500 സഞ്ചാരികൾക്കായിരുന്നു ഗ്രാസ് ബ്രിഡ്ജിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. ഒരേസമയം 15 പേർക്ക് ചില്ലുപാലത്തിൽ നിൽക്കാം. ഒരാൾക്ക് അഞ്ച് മിനിറ്റ് സമയമാണ് അനുവദിച്ചിരിരുന്നത്.