ഈരാറ്റുപേട്ട : സാമ്പത്തിക പ്രതിസന്ധിയെ മലർത്തിയടിച്ച് ആം റെസ് ലിങ് ദേശീയ ചാമ്പ്യൻ അഞ്ചു സന്തോഷ് കസാഖിസ്ഥാനിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇത്തവണ പങ്കെടുക്കും. ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനയ്ക്കലും ഭാര്യ ജാനെറ്റും ചേർന്ന് അഞ്ചു സന്തോഷിൻ്റെ യാത്രയ്ക്ക് ആവശ്യമായ ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം രൂപാ മാതാപിതാക്കൾക്ക് കൈമാറി . കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ ക്വാളിഫൈ ചെയ്തിരുന്നെങ്കിലും സ്പോൺസറെ ലഭിച്ചിരുന്നില്ല. ഇത്തവണയും അവസരം നഷ്ടമാകുമെന്ന് കരുതിയ അഞ്ചു താൻ പഠിച്ച ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകരെ സമീപിക്കുകയായിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ ഷൈജു വേൾഡ് മലയാളി കൗൺസിൽ തിരുക്കൊച്ചി പ്രൊവിൻസ് പ്രസിഡന്റ് അബ്ദുള്ള ഖാനെ അറിയിച്ചതിനെ തുടർന്ന് അഞ്ചു സന്തോഷിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ വർഗീസ് പനയ്ക്കൽ സഹായിക്കാനായി മുന്നോട്ടു വരികയായിരുന്നു.ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 3 വരെ കസാക്കിസ്ഥാനിലെ അൽമാട്ടിയിലാണ് ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നത്. സ്കൂൾ പിടിഎ പ്രസിഡന്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ
ജോണി കുരുവിള ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഷൈജു ടി.എസ്, തിരുക്കൊച്ചി പ്രൊവിൻസ് പ്രസിഡന്റ് വി. എം.അബ്ദുള്ള ഖാൻ, ആം റെസ്ലിങ് ഫെഡറേഷൻ ഭാരവാഹികളായ ജോജി എല്ലൂർ, സെബാസ്റ്റ്യൻ മാത്യു എന്നിവർ പ്രസംഗിച്ചു.പാലായിലെ ശ്രീജിത്ത് കെ.പർവണയുടെ കീഴിലാണ് അഞ്ചു സന്തോഷ് പ്രാക്ടീസ് ചെയ്യുന്നത്.