അപകടകാരിയായ ജീവിയാണ് കൊതുക്. അവപരത്തുന്ന രോഗങ്ങളും ചില്ലറയല്ല. കൊതുക് കടിച്ചാലുണ്ടാകുന്ന അസഹനീയമായ ചൊറിച്ചിൽ വേറേയും. അത് കൊണ്ട് കൊതുക് വളരാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുകയും കൊതുകിന്റെ കടിയേൽക്കാതിരിക്കാനുമാണ് ശ്രമിക്കേണ്ടത്.
എന്നാൽ എത്ര ശ്രമിച്ചാലും കൊതുക് നിങ്ങളെ തിരഞ്ഞ് പിടിച്ച് കടിക്കുന്നുണ്ടെന്ന തോന്നൽ നിങ്ങൾക്കുണ്ടോ? ആൾക്കൂട്ടത്തിലായാലും നിങ്ങൾക്ക് മാത്രം കൊതുക് കടിയേൽക്കുന്നുണ്ടെന്ന് തോന്നലുണ്ടോ? എന്നാലിത് നിങ്ങളുടെ മാത്രം തോന്നലല്ല. സത്യമാണ്. അതിന് പല ശാസ്ത്രീയ വിശദീകരണങ്ങളും നൽകുന്നുണ്ട്.
വസ്ത്രത്തിന്റെ നിറം
ഇരുണ്ട വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കിൽ കൊതുകുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും.
ഗന്ധം
കാഴ്ച കഴിഞ്ഞാൽ പിന്നെ ഗന്ധമായിരിക്കും കൊതുകുകൾ നിങ്ങളെ ലക്ഷ്യമിടുന്നതിനുള്ള കാരണം. നിശ്വാസത്തിലൂടെ പുറത്തുവിടുന്ന കാർബൺഡയോക്‌സൈഡിന്റെ അളവ് കൊതുകുകൾ ആകർഷിക്കപ്പെടാനുള്ള ഒരു ഘടകമാണ്.
ശരീരത്തിന്റെ താപനില
ശരീരത്തിന്റെ താപനില കൂടുന്നതിന് അനുസരിച്ച് കൊതുകുകൾ ശരീരത്തിലേക്കെത്തും. ഗർഭിണിയായിരിക്കുമ്പോൾ മെറ്റാബോളിക് നിരക്ക് കൂടുന്നത് മൂലം സ്വതന്ത്രമാക്കപ്പെടുന്ന കാർബൺഡയോക്‌സൈഡിന്റെ അളവ് വർദ്ധിക്കുന്നതിനൊപ്പം ശരീരത്തിന്റെ ചൂട് അല്പം കൂടുകയും ചെയ്യുന്നത് കൊതുകുകളെ ആകർഷിക്കാൻ കാരണമാകുന്നു.
രക്തഗ്രൂപ്പ്
നിങ്ങളുടെ രക്തഗ്രൂപ്പ് ‘ഒ’ ആണെങ്കിൽ കൊതുകുകൾ ആകർഷിക്കപ്പെടാനുള്ള സാധ്യത ‘എ’, ‘എബി’ അല്ലെങ്കിൽ ‘ബി’ ഗ്രൂപ്പിൽ ഉള്ളവരെക്കാൾ അധികമായിരിക്കും. രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെടുന്ന ഒരു രാസ സ്രവമായിരിക്കാം ഇതിനു കാരണമാകുന്നതെന്ന് ജപ്പാനിൽ നിന്ന് പുറത്തുവന്ന ഒരു പഠനത്തിൽ പറയുന്നു.
ചർമ്മത്തിലെ ബാക്ടീരിയ
ചർമ്മത്തിൽ കാണപ്പെടുന്ന ബാക്ടീരിയകൾ പുറപ്പെടുവിപ്പിക്കുന്ന ഗന്ധം കൊതുകുകളെ ആകർഷിച്ചേക്കാമെന്ന് നെതർലാൻഡിൽ നിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. ചർമ്മത്തിലെ ബാക്ടീരിയകളും കൊതുകുകൾ ആകർഷിക്കപ്പെടുന്നതും തമ്മിൽ ബന്ധമുള്ളതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.