അരുവിത്തുറ :ആഗോളതാപനത്തിന്റെയും എൽനിനോ പ്രതിഭാസത്തിന്റെയും ഭാഗമായി രൂക്ഷമായ വരൾച്ചയും ശുദ്ധജലക്ഷാമവും പ്രതീക്ഷിക്കുന്ന ഈ വർഷം അതിജീവനത്തിന്റെ സാധ്യതകൾ തേടി അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാന പഠനത്തിന്റെ പ്രകൃതിദത്ത പരീക്ഷണശാലയായ അൻറാർട്ടിക്കയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ.എം ആർ രമേഷ് കുമാർ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി.
അൻറാർട്ടിക്കയിലെ തൻ്റെ ജീവിതാനുഭവങ്ങൾ ദൃശ്യാവതരണങ്ങളുടെ സഹായത്തോടെ അദ്ദേഹം വിദ്യാർത്ഥികൾക്ക് മുമ്പിൽ അവതരിപ്പിച്ചു. സ്‌ഫോടനാത്മക കാർബൺ വ്യാപനം തടയാൻ യോജിച്ചുള്ള മുന്നേറ്റങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോളേജിലെ പൊളിറ്റിൽ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കോളേജ് ബർസാർ റവ. ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ.തോമസ് പുളിക്കൻ, പ്രമുഖ പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ എബി ഇമ്മാനുവൽ പൂണ്ടികുളം ,അധ്യാപകരായ സിറിൽ സൈമൺ,ദിവ്യമോൾ എം വി തുടങ്ങിയവർ സംസാരിച്ചു.പരിപാടിയോട് അനുബന്ധിച്ച് ഫുട്ബോളുമായി ബന്ധപ്പെട്ട വിവിധ ലോകരാജ്യങ്ങളിൽ പുറത്തിറക്കിയ സ്റ്റാമ്പുകളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.അർജൻറീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയുടെ ജന്മദിനാഘോഷത്തിനും ചടങ്ങ് വേദിയായി.









