തിരുവനന്തപുരം ;സംസ്ഥാനത്തെ സകൂളുകളിലെ പരീക്ഷകളിൽ അടക്കം സമഗ്ര മാറ്റത്തിന് സാധ്യത. സ്കൂളുകളിൽ ഇനി ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും ഉണ്ടാകാൻ സാധ്യതയില്ല. പകരം വർഷത്തിൽ 2 പരീക്ഷകൾ നടത്താനാണ് സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ ശുപാർശ. സെപ്റ്റംബറിലെയും ഡിസംബറിലെയും ഓണ- ക്രിസ്മസ് പരീക്ഷകൾക്ക് പകരം ഒക്ടോബർ മാസത്തിൽ അർദ്ധ വാർഷിക പരീക്ഷയും മാർച്ച് മാസത്തിൽ വാർഷിക പരീക്ഷയും നടത്താനാണ് നിർദ്ദേശം. വിദ്യാർത്ഥികളുടെ പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം. ഹൈസ്കൂൾ ക്ലാസുകളിൽ പഠനസമയം കൂട്ടാനും നിർദ്ദേശമുണ്ട്. എന്നാൽ എൽപി, യുപി ക്ലാസ് സമയം കൂട്ടേണ്ടതില്ല. ഹൈസ്‌കൂളിൽ ദിവസവും അര മണിക്കൂർ കൂട്ടിയാൽ വർഷത്തിൽ 1200 മണിക്കൂർ അദ്ധ്യയനം ഉറപ്പാക്കാം. സ്‌കൂൾ ഇടവേളകൾ പത്ത് മിനിട്ടാക്കണം.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ കലണ്ടർ പരിഷ്കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടേതാണ് ഈ നിർദേശങ്ങൾ.ഇനി സംസ്ഥാന സർക്കാർ യോഗം ചേർന്ന് ഈ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവിറക്കണം. ഇതിന്റെ അടിസ്ഥാനത്തിലാകും വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കുക. എന്നാൽ വിദഗ്‌ധസമിതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കണമോ എന്ന കാര്യം മന്ത്രിസഭായോഗമാണ് തീരുമാനിക്കുക.









