കാഞ്ഞിരപ്പള്ളി: കടം വീട്ടുന്നതിനായി വീട്ടമ്മയുടെ രണ്ടു പവൻ തൂക്കമുള്ള സ്വർണ്ണ താലിമാല പൊട്ടിച്ചെടുത്ത കേസിൽ മകനെയും വിൽക്കുന്നതിനും മറ്റും സഹായിച്ച ആളിനെയും കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ കാളകെട്ടിയിൽ താമസിക്കുന്ന തീക്കോയി സ്വദേശി മരാമറ്റത്തിൽ ഹൗസിൽ കുര്യൻ മകൻ ടോജൻ കുര്യൻ (26), മീനച്ചിൽ വില്ലേജിൽ ഈരാറ്റുപേട്ട അരുവിത്തുറ ചേലപീരുപറമ്പിൽ കബീറിന്റെ മകൻ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) എന്ന കുട്ടാപ്പി എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെയാണ് സംഭവം. ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി വീട്ടിൽവെച്ച് ടോജൻ അമ്മയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് ഓടി കളയുകയായിരുന്നു. പൊട്ടിച്ച മാല രണ്ടാം പ്രതിയുടെ സഹായത്തോടെ ഈരാറ്റുപേട്ടയിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് പൈസ വാങ്ങിയശേഷം, പുതിയ മൊബൈൽ ഫോണും ബാക്കി തുക കടം വീട്ടാനുള്ള വർക്കും നൽകുകയും കൂട്ടുകാരുമൊത്ത് മദ്യപിച്ച് കളയുകയുമായിരുന്നു. മുമ്പും ഒന്നാംപ്രതി വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും എടുത്തുകൊണ്ടുപോയി വിറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ടാം പ്രതി ഷംഷാദ് കോട്ടയം എറണാകുളം, പത്തനംതിട്ട ജില്ലകളിലായി മുമ്പ് നിരവധി മോഷണക്കേസുകളിൽ ജയിലിൽ കിടന്നിട്ടുള്ള ആളാണ്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസിന്റെ നിർദ്ദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി റിജോ പി. ജോസഫിന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് ഇൻസ്പെക്ടർ സി.കെ. മനോജ്, സബ് ഇൻസ്പെക്ടർ വർഷാ മധു, എസ്.ഐമാരായ രംഗനാഥൻ, മനോജ്, എ.എസ്.ഐമാരായ അജീവുദ്ദിൻ, സീന, ഓമന എസ്.സി.പി.എ ശ്രീജിത്ത്, സി.പി.ഒമാരായ ബിനു ടി.കെ, ഹോം ഗാർഡ് ബൈജു എന്നിവ അടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്.









