ഈരാറ്റുപേട്ട : നവംബർ 14 ന് ശിശുദിനത്തിൽ ശുചിത്വ മാലിന്യ സംസ്കരണത്തിൽ പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികളുമായി നേരിട്ട് സംവാദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു.മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ്റെ ഭാഗമായി നടത്തുന്ന കുട്ടികളുടെ ഹരിത സഭകളിലാണ് സംവാദം നടക്കുക. നഗരസഭയിലെയും ബ്ലോക്ക്‌പരിധിയിലെ 8 പഞ്ചായത്തുകളിലുമായി ഒരേ സമയം 800 വിദ്യാർത്ഥികളും 800 വിദ്യാർത്ഥിനികളും അതാത് തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ തൽസ്ഥിതിയെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിക്കും.
സഭയിൽ കുട്ടികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ജനപ്രതിനിധികൾ കൃത്യമായ മറുപടി നൽകണം. നടപ്പിലാക്കേണ്ട ശുചിത്വ പദ്ധതികൾ, കുട്ടികളുടെ ആശയങ്ങൾ എന്നിവ അടിസ്ഥാനമാക്കി ഹരിത സഭയ്ക്ക് ശേഷം അടുത്ത ദിവസം വിദ്യാർത്ഥികളുടെ പ്രതിനിധി സംഘം തദ്ദേശ സ്ഥാപന ഓഫിസിലെത്തി ഹരിത സഭയുടെ സംക്ഷിപ്ത റിപ്പോർട്ട് സമർപ്പിക്കും. ഇത് പ്രത്യേക അജണ്ടയാക്കി തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതി ചേർന്ന് തീരുമാനമെടുക്കണം. നാടിൻ്റെ ശുചിത്വത്തിൽ വിദ്യാർത്ഥികളെയും കൂടി പങ്കെടുപ്പിക്കുക എന്നതാണ് ഹരിത സഭയുടെ ലക്ഷ്യം.