കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ യാതൊരു കാരണവശാലും അപകടസാധ്യത അവഗണിക്കരുത്. സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ അധികൃതർ സജ്ജീകരിച്ചിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ഉടൻ മാറിത്താമസിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
അത്യാവശ്യ സാഹചര്യങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം അടിയന്തര സാഹചര്യങ്ങളിൽ ഇടപെടുന്നതിനായി എൻ ഡി ആർ എഫിന്റെയും പോലീസിന്റെയും പ്രത്യേകസംഘം പൂഞ്ഞാറിൽ എത്തി. പൂഞ്ഞാർ SMV സ്‌കൂളിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. 23 NDRF സംഘാംഗങ്ങളും 20 എസ് ഡി ആർ എഫ് അംഗങ്ങളുമാണ് സംഘത്തിലുള്ളത്..അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ഇന്ന് (ഓഗസ്റ്റ് 3, തിങ്കൾ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.









