ഓണക്കാലത്തെ പ്രത്യേക വിൽപന ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തിച്ച വൻ ലഹരിശേഖരം പാലക്കാട് പൊലീസ് പിടികൂടി.ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് ഒലവക്കോട് പിടിയിലായത്.പിടിയിലായവരിൽ ദമ്പതികളും ഇവരുടെ സുഹൃത്തും ഉൾപ്പെടുന്നു.കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്.എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും ഇവരിൽനിന്ന് പിടിച്ചെടുത്തു.
ഒരു കോടി രൂപയോളം വിലവരുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്.ബെംഗളൂരുവിൽനിന്നാണ് പ്രതികൾ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.തമിഴ്നാട്ടിൽനിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലായിരുന്നു ലഹരിക്കടത്ത്.പ്രതികൾ സ്ഥിരമായി ലഹരിക്കടത്ത് നടത്തുന്നവരാണെന്നും സംഭവത്തിന് പിന്നിൽ വൻ ലഹരിമരുന്ന് റാക്കറ്റുണ്ടെന്നുമാണ് പൊലീസിന്റെ നിഗമനം.സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചും ലഹരിവസ്തുക്കളുടെ വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.









