വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

പേവിഷബാധയേറ്റ് പന്ത്രണ്ടുവയസ്സുകാരി മരിച്ച സംഭവം; ധാർമിക ഉത്തരവാദിത്തം മന്ത്രി വീണ ജോർജിനെന്ന് ചെന്നിത്തല

തിരുവനന്തപുരം: പട്ടികടിയേറ്റ് പന്ത്രണ്ടുവയസ്സുകാരി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പുമന്ത്രിക്കാണ് ധാർമിക ഉത്തരവാദിത്തമുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നിയമസഭയിൽത്തന്നെ പേവിഷ വാക്സിൻ്റെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിക്കുകയും ഗുണനിലവാരം പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടുപോലും മന്ത്രി അത് ഗൗരവമായി എടുത്തില്ലെന്നു വേണം കരുതാൻ. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ കുടുംബത്തിനു 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. ഇനിയെങ്കിലും ഇത്തരം ദാരുണസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി എടുക്കണം. കടിയേറ്റശേഷം മൂന്നു വാക്സിൻ എടുത്തിട്ടും ജീവൻ രക്ഷിക്കാനാവാത്തത് വാക്സിൻ്റെ ഗുണനിലവാരത്തിൽ സംശയം ജനിപ്പിക്കുന്നതാണ്. സ്വന്തം ജില്ലയായിട്ടും സംഭവം മന്ത്രി ഗൗരവമായി എടുത്തില്ലെന്നാണ് ചെന്നിത്തലയുടെ ആരോപണം.

കേരളം

വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത്; ബംഗ്ലാദേശ് പൗരൻ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി; വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന ബംഗ്ലാദേശ് പൗരനെ പൊലീസ് അറസ്റ്റിൽ. ബംഗ്ലാദേശ് ചിറ്റഗോഗ് സ്വദേശി മുഹമ്മദ് അബ്ദുൾ ഷുക്കൂർ (32)നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയത്. മംഗലാപുരം വിമാനത്താവളത്തിൽ നിന്നുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അബ്ദുൾ ഷുക്കൂറിൽ നിന്ന് വ്യാജ പാസ്പോർട്ട്, പാൻകാർഡ്, ആധാർ കാർഡ്, ബാങ്ക് രേഖകൾ എന്നിവ കണ്ടെടുത്തു. കഴിഞ്ഞ 27 ന് നെടുമ്പാശേരി വിമാനത്താവളം വഴി വ്യാജ രേഖകളുമായി ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ച 4 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരാണെന്ന വ്യാജേനയാണ് ഇവർ പോകാൻ ശ്രമിച്ചത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ രേഖകൾ തയ്യാറാക്കി നൽകുന്ന റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്. സംഘത്തിലെ പ്രധാന ഏജന്‍റായ അബ്ദുൾ ഷുക്കൂർ മംഗലാപുരം വിമാനത്താവളം വഴി രണ്ട് പേരെ വിദേശത്തേക്ക് കടത്താൻ കൊണ്ടുവരുന്ന വഴിയാണ് പൊലീസ് പിടികൂടിയത്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് ആളുകളെ കൊണ്ടുവന്ന് പാസ്പോർട്ട് ഉൾപടെയുള്ള രേഖകൾ തയാറാക്കി നൽകി മനുഷ്യക്കടത്ത് നടത്തുകയാണ് ഇയാൾ ചെയ്യുന്നത്. ഡിവൈഎസ്പി വി.രാജീവ്, എസ്ഐ ടി.എം.സൂഫി, എഎസ്ഐ സി.ഡി.സാബു, എസ്‌സിപിഒ ലിജോ ജേക്കബ്‌ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

കേരളം

സംസ്ഥാനത്ത് തിരുവോണം വരെ വ്യാപകമായി മഴ തുടരും: അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം വരെ വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

കേരളം

എം.ബി. രാജേഷ് മന്ത്രിസഭയിലേക്ക്: എ.എൻ. ഷംസീർ സ്പീക്കറാകും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ അഴിച്ചുപണി. സ്പീക്കർ എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്. എം.വി.ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്നാണ്, അദ്ദേഹത്തിനു പകരക്കാരനായി രാജേഷ് എത്തുന്നത്. തലശേരി എം.എൽ.എയായ എ.എൻ.ഷംസീർ നിയമസഭാ സ്പീക്കറാകും. എ.കെ.ജി സെന്ററിൽ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. തദ്ദേശം, എക്സൈസ് എന്നീ വകുപ്പുകളാണ് എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്നത്. അതേസമയം, എം.ബി. രാജേഷിന്റെ വകുപ്പ് സംബന്ധിച്ച് തീരുമാനമായിട്ടില്ല. എം.വി. ഗോവിന്ദന് പകരമെത്തുന്നയാൾക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനാകണമെന്നും എം.ബി.രാജേഷിന് അതിനു കഴിയുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അതേസമയം, അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പകരമാണ് എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ. ബേബി തുടങ്ങിയവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമായിരുന്നു സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

കേരളം

പ്രായപൂർത്തിയാകാത്ത, ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചു : തിരുവനന്തപുരത്ത് നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ഇക്കാര്യം വെളിപ്പെടുത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അഞ്ചുതെങ്ങ് പൊലീസ് ആണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്നവരായിരുന്നു പ്രതികൾ. ഇവർ പെൺകുട്ടിയുടെ അകന്ന ബന്ധുക്കളുമാണ്. കൊവിഡിന്റെ ഭാഗമായി വന്ന ലോക്ക്ഡൗൺ സമയത്ത്, പ്രതികൾ പെൺകുട്ടിയെ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിന്റെ ടെറസിലും, പ്രദേശത്തുള്ള ചെറിയ ടെന്റിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവം പു‌റത്ത് വിട്ടിരുന്നില്ല. എന്നാൽ, കൊവിഡിന് ശേഷം പെൺകുട്ടി തിരികെ സ്കൂളിൽ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന്, സ്‌കൂൾ അധികൃതർ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരമറിയിച്ചു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒളിവിലായിരുന്ന പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

കേരളം

ജല നിരപ്പ് ഉയരുന്നു; ഇടമലയാർ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

കൊച്ചി: ഇടമലയാർ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടമലയാർ ഡാമിലെ ജല നിരപ്പ് ഉയരുകയാണ്. നിലവിലെ ജലനിരപ്പ് 163.5 മീറ്ററാണ്. റൂൾ കർവ് ലവൽ 164 മീറ്ററമാണ്.  ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് മൂന്നാം ഘട്ട മുന്നറിയിപ്പ് ആയ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഡാം തുറന്ന് ജലം ഒഴുക്കുന്നതിനുള്ള പ്രാരംഭ നടപടികളും മുന്നൊരുക്കങ്ങളും നടത്താനാണ് കെഎസ്ഇബി നിർദേശം.

കേരളം

പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് മുതൽ തുടക്കം കുറിക്കും

തിരുവനന്തപുരം: കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. മൂന്നാംഘട്ട അലോട്ട്മെന്റിലെ വിദ്യാർത്ഥികളുടെ പ്രവേശനം ഇന്ന് 5 മണിവരെ നീട്ടിയിട്ടുണ്ട്. ആകെയുള്ള 2,96,271 സീറ്റുകളിൽ 2,95,118 സീറ്റുകളിലേക്കും അലോട്ട്‌മെന്റ് പൂർത്തിയായിട്ടുണ്ട്. മൂന്നാം അലോട്ട്മെന്റിന് മുമ്പായി മാനേജ്‌മെന്റ് – അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിന് സൗകര്യം ലഭ്യമാണ്. അലോട്ട്മെൻറ് കിട്ടിയിട്ടും അതത് സ്കൂളുകളിൽ എത്താത്ത വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവർ സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകണം.  

കേരളം

തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ല; ആരോഗ്യ മന്ത്രാലയം

തക്കാളിപ്പനിക്ക് കൊവിഡ് 19, മങ്കിപോക്സ്, ഡെങ്കിപ്പനി എന്നിവയുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം. ലാൻസെറ്റ് റെസ്പിറേറ്ററി ജേണലിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 82 തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒഡീഷയിൽ 26 കുട്ടികൾ രോഗബാധിതരായി. രോ​ഗബാധിതരായ എല്ലാ കുട്ടികളും ഒമ്പത് വയസിൽ താഴെയുള്ളവരാണെന്ന് ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ വ്യക്തമാക്കി. സ്‌കൂളിൽ പോകുന്ന കുട്ടികളിൽ സാധാരണ കണ്ടുവരുന്ന എച്ച്‌എഫ്‌എംഡിയുടെ വകഭേദമാണ് തക്കാളിപ്പനിയെന്ന് സർക്കാർ അറിയിച്ചു. ഈ വൈറസിന് സാർസ് കോവ് 2, മങ്കിപോക്സ്, ഡെങ്കിപ്പനി അല്ലെങ്കിൽ ചിക്കുൻഗുനിയ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്നും എന്ററോവൈറസുകളുടെ ഗ്രൂപ്പിൽ പെടുന്ന Coxsackie A 17 ആണെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രോഗം സ്വയം പരിമിതപ്പെടുത്തുന്ന രോഗമാണെന്നും അതിനെ ചികിത്സിക്കാൻ പ്രത്യേക മരുന്ന് നിലവിലില്ലെന്നും വിദ​ഗ്ധർ പറയുന്നു. തക്കാളിപ്പനി ഒരു വൈറൽ രോഗമാണെന്നും ശരീരഭാഗങ്ങളിലെ തക്കാളിയുടെ ആകൃതിയിലുള്ള കുമിളകൾ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണെന്നും വി​​ദ​ഗ്ധർ പറയുന്നു. തക്കാളിപ്പനി ബാധിച്ച കുട്ടികളിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ മറ്റ് വൈറൽ അണുബാധകളുടേതിന് സമാനമാണ്. അതിൽ പനി, തിണർപ്പ്, സന്ധികളിലെ വേദന, ചർമ്മത്തിലെ തിണർപ്പ് എന്നിവ പ്രകടമാകാം. മറ്റ് വൈറൽ അണുബാധകൾ പോലെ, ക്ഷീണം, ഛർദ്ദി, വയറിളക്കം, പനി, നിർജ്ജലീകരണം, സന്ധികളുടെ വീക്കം, ശരീരവേദന, സാധാരണ ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റ് വൈറൽ പനികളെ പോലെ തക്കാളിപ്പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം. ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കുക.. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.