ഈരാറ്റുപേട്ട: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലുകളിലും പ്രളയത്തിലും ബാധിക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ ഔദ്യോഗികമായി ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കോട്ടയം ജില്ലാ 'സ്നേഹസ്പർശം' വളണ്ടിയർ സംഗമം ആവശ്യപ്പെട്ടു. ദുരന്തബാധിതർക്ക് അടിയന്തര ദുരിതാശ്വാസ സഹായങ്ങൾ സർക്കാർ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
ഉപജീവനമാർഗം പൂർണമായും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തരമായി ആശ്വാസ ധനസഹായം അനുവദിക്കണം. വീടുകൾ തകരുകയും സുരക്ഷാ കാരണങ്ങളാൽ മാറി താമസിക്കേണ്ടി വരികയും ചെയ്തവർക്ക് ആവശ്യമായ പുനരധിവാസ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വീടുകളിൽ നിന്ന് മാറി താമസിക്കേണ്ടി വന്നവർക്ക് വാടക നൽകുന്നത് സർക്കാർ പരിഗണിക്കണം. വീടുകളിൽ വെള്ളം കയറി വാസയോഗ്യമല്ലാതായവർക്കും കേടുപാടുകൾ പറ്റിയവർക്കും ഇലക്ട്രിക്, പ്ലംബിംഗ് ഉപകരണങ്ങൾ നശിച്ചവർക്കും കാലതാമസമില്ലാത്ത നഷ്ടപരിഹാരം അനുവദിക്കാൻ സർക്കാർ ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നബീൽ രണ്ടത്താണി സംഗമം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് നിഷാദ് സലഫി മുഖ്യ പ്രഭാഷണം നടത്തി. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ. ബഷീർ വി.പി, വൈസ് പ്രസിഡന്റ് ജംഷീർ സ്വലാഹി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ഷമീൽ നൗഷാദ് കെ.എം, ജില്ലാ ട്രഷറർ മുഹമ്മദ് യൂസഫ് , ജില്ലാ റിലീഫ് കൺവീനർ അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.









