പ്രാദേശികം

വഖഫ് വിഷയത്തിൽ വർഗീയ മുതലെടുപ്പിനുള്ള സംഘപരിവാർ നീക്കം അപകടകരം -വി.എച്ച് അലിയാർ ഖാസിമി

ഈരാറ്റുപേട്ട : വഖഫ് വിഷയത്തിൽ വർഗീയത പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ നീക്കം ചെറുത്തു തോൽപ്പിക്കണമെന്ന് ജംഇയ്യത്തിൽ ഉലമ സംസ്ഥാന സെക്രട്ടറി വി.എച്ച്. അലിയാർ മൗലവി അൽഖാസിമി പറഞ്ഞു. എസ്.ഡി.പി.ഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ഈരാറ്റുപേട്ടയിൽ നടത്തിയ വഖഫ് സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

രാജ്യത്തിന്‍റെ പൊതുനന്മ ഉദ്ദേശിച്ച് സമര്‍പ്പിച്ച സ്വത്തുക്കളാണ് വഖഫ് സ്വത്തുക്കൾ. പൊതുനന്മയും ജനക്ഷേമവും സംഘപരിവാറിന് അസഹനീയമാണ്. അതുകൊണ്ടാണ് വഖഫിന്‍റെ പേരിലും വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. പോലീസിലെ സംഘി വൽകരണം തടയാനാവാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനങ്ങൾ ഒരു മതേതര സർക്കാറിന് ചേർന്നതല്ലെന്നും, സംഘപരിവാര്‍ വിദ്വേഷ പ്രചാരകരെ കൈയ്യാമം വെച്ച് തടവിലാക്കേണ്ടതിന് പകരം കയറൂരി വിടുകയാണ് പിണറായിയുടെ ഇടത് സര്‍ക്കാരെന്നും മുഖ്യ പ്രഭാഷണം നടത്തിയ എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ. എം.കെ. നിസാമുദ്ധീൻ പറഞ്ഞു. 

മണ്ഡലം പ്രസിഡൻ്റ് ഹലീൽ തലപള്ളിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ജോർജ് മുണ്ടക്കയം, മുഹിയിദ്ധീൻ ജുമാ മസ്ജിദ് ചീഫ് ഇമാം വി.പി. സുബൈർ മൗലവി, നൗഫൽ ബാഖവി, വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയംഗം വി.എം. ഷഹീർ, ഡിവൈൻ അക്കാദമിക്ക് പ്രിൻസിപ്പൽ അൻസർ ഫാറൂഖി, എസ്.ഡി.പി.ഐ. മണ്ഡലം ജനൽ സെക്രട്ടറി എം.എസ്. റഷീദ്, സെക്രട്ടറിമാരായ യാസിർ കാരയ്ക്കാട്, അബ്ദുൽ സമദ് പാത്തോട്, ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അയ്യൂബ് കൂട്ടിയ്ക്കൽ, കെ.എസ്. ആരിഫ്, നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. 

മണ്ഡലം വൈസ് പ്രസിഡൻ്റ് ഇസ്മായിൽ കീഴേടം സ്വാഗതവും മുനിസപ്പൽ വൈസ് പ്രസിഡൻ്റ സുബൈർ വെള്ളാപ്പള്ളി നന്ദിയും പറഞ്ഞു.