ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്തു വച്ച് കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ കൊണ്ടൂർ ഭാഗത്ത് നെല്ലൻകുഴിയിൽ വീട്ടിൽ ആദർശ് (31) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രി അമിതവേഗതയിൽ കാർ ഓടിച്ചു കൊണ്ടുവന്ന് ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്ത് വച്ച് റോഡരികിൽ നിന്നിരുന്ന ഈരാറ്റുപേട്ട കടുവാമൂഴി സ്വദേശിയായ അബ്ദുൽഖാദറിനെയും, ഇയാളുടെ സുഹൃത്തിനെയും ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുൽഖാദർ ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു.
അപകടത്തിൽ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും ഇലക്ട്രിക് പോസ്റ്റും തകർന്നിരുന്നു. പോലീസ് ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയിൽ ആദർശ് മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയും ചെയ്തു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ദീപു ടി. ആറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു