പനയ്ക്കപ്പാലം വലിയമംഗലം പാലത്തിൽ നിയന്ത്രണംവിട്ട ലോറി ഇടിച്ച് കലുങ്ക് തകർന്നു. തോട്ടിലേയ്ക്ക് ലോറി മറിയാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. വാഴക്കുലകളുമായി വയനാട് നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.
ഇടിയേറ്റ് വട്ടംതിരിഞ്ഞ ലോറി റോഡിന് കുറുകെ കിടന്നതോടെ ചെറുവാഹനങ്ങൾ മാത്രമാണ് കടന്നുപോകാനായത്. പിന്നീട് ക്രെയിൻ എത്തിച്ച് ലോറി റോഡിന് നടുവിൽ നിന്നും മാറ്റി. ഇടിയേറ്റ് കലുങ്ക് പൂർണമായും തകർന്നു. മറ്റൊരു അപകടത്തിൽ തകർന്ന കലുങ്ക് പുനർ നിർമിച്ചിട്ട് അധികകാലം ആയിട്ടില്ല.
ഏറ്റുമാനൂർ പൂഞ്ഞാർ റോഡിലെ അപകരകരമായ പാലമായി വലിയമംഗലം പാലം മാറുകയാണ്. ഹൈവേ റോഡിന്റെ ഇരുവശത്തെയും മാർക്കിംഗ് കടന്നുപോകുന്ന കൃത്യം വീതി മാത്രമാണ് പാലത്തിനുള്ളത്. ഇവിടെ ഇതിനുമുൻപും നിരവധി അപകടങ്ങളുണ്ടാവുകയും വാഹനങ്ങൾ തോട്ടിൽപതിയ്ക്കുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് അപകടത്തിൽ ബൈക്ക് യാത്രികന്റെ കാലൊടിഞ്ഞിരുന്നു.
ശബരിമല സീസണിൽ നിരവധി തീർത്ഥാടക വാഹനങ്ങൾ കടന്നുപോകുന്നത് കണക്കിലെടുത്ത് ആവശ്യമായ സുരക്ഷ ഇവിടെ ഒരുക്കണമെന്ന് പീറ്റർ പന്തലാനി ആവശ്യപ്പെട്ടു. മറ്റ് ശബരിമല റൂട്ടുകളിലേത് പോലെ ഡ്രൈവർമാർക്ക് ചുക്കുകാപ്പിയും മറ്റും വിതരണം ചെയ്ത് ഡ്രൈവർമാരുടെ ഉറക്കമകറ്റാൻ നടപടി സ്വീകരിക്കണമെന്നും പീറ്റർ പന്തലാനി പറഞ്ഞു.