ഈരാറ്റുപേട്ട : ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പിൻ്റെ നേതൃത്വത്തിൽ അരുവിത്തുറ സെൻറ് ജോർജസ് കോളേജിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ചു ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസും, വിദ്യാർഥികൾക്കായി ഭക്ഷ്യ സുരക്ഷ ക്വിസ്സും സംഘടിപ്പിച്ചു.
ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സംരഭകർ, വിവിധ കോളേജ് വിദ്യാർത്ഥികൾ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ദൈനംദിന ജീവിതത്തിൻറെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും "ഭക്ഷ്യ എണ്ണയുടെ പുനരുപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ " എന്നീ വിഷയങ്ങൾ മുൻനിർത്തിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.
കോട്ടയം ജില്ലാ അസിസ്റ്റൻ്റ് ഭക്ഷ്യ സുരക്ഷ കമ്മീഷണർ അനസ് എ എ സെമിനാർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ എംപാനല്ഡ് ട്രെയിനർ ആയ സനുഷ് ചന്ദ്രൻ ക്ലാസുകൾ നയിച്ചു. അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ.ഫാ ബിജു കുന്നയ്ക്കാട്ടു,ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് മിനി മൈക്കിൾ, ചങ്ങനാശ്ശേരി സെർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സ്നേഹ എസ് നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സെമിനാറിന് ശേഷം വിദ്യാർഥികൾക്കായി ഭക്ഷ്യ സുരക്ഷ ക്വിസ്സും സംഘടിപ്പിച്ചു.









