ഈരാറ്റുപേട്ട: പഴയ ഓർമകൾ മനസിലേക്ക് വീണ്ടും ഇരമ്പി വന്നു.ഒരിക്കൽ തങ്ങളുടെ 'സ്വന്ത 'മായിരുന്ന ക്ലാസ് മുറികൾ മറ്റാരൊക്കെയോ 'കയ്യടക്കിയിരിക്കുന്നു ' പണ്ടത്തെ സംഗമ വേദികൾ വീണ്ടും വീണ്ടും ആർത്തിയോടെ അവർ നോക്കി നിന്നു.പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആ സുവർണ ഓർമകൾ അവരെ വിട്ട് പിരിയുന്നില്ല.
അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ 1981 - 83 പ്രീഡിഗ്രി എച്ച് ബാച്ച് ' വിദ്യാർഥി 'കളാണ് സഹപാഠി സംഗമത്തിൻ്റെ നാലാമത് വാർഷികത്തിനായി കോളേജിൽ ഒത്ത് കൂടിയത്.കോളേജിൽ നടന്ന ഉദ്ഘാടനത്തിന് ശേഷം അംഗങ്ങൾ റോട്ടറി ക്ലബ്ബിൽ ഒത്ത് കൂടി, വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.രുചികരമായ ഭക്ഷണം കഴിച്ച്, പാട്ടും കവിതകളും കുശലം പറച്ചിലുകളുമായി സമയം പോയതറിഞ്ഞില്ല. സൗഹാർദം പൂത്തുലയട്ടെ,വീണ്ടും നമുക്ക് കാണാം എന്ന് എല്ലാവരും ഏറ്റു പറഞ്ഞതോടെ സംഗമത്തിന് സമാപനമായി.
വാർഷിക സംഗമം അഡ്വ. എം ജെ.സെബാസ്റ്റ്യൻ എംഎൽഎ കോളേജ് വളപ്പിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.സഹപാഠി ഗ്രൂപ്പ് ചെയർമാൻ വി എം അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു.കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ ഫാദർ ബിജു കുന്നക്കാട്ട്,പ്രിൻസിപ്പൽ ഡോ.സിബി ജോസഫ്, ഗ്രൂപ്പ് സെക്രട്ടറി ജോയ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.









