ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സ്കൂളുകളിലെ പഠനസമയം മാറ്റാന്‍ നിര്‍ദേശം
തിരുവനന്തപുരം: സ്കൂളുകളിലെ പഠനസമയത്തില്‍ മാറ്റം കൊണ്ടുവരണമെന്നതുള്‍പ്പെടെയുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. സ്കൂളുകളിലെ പഠനസമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാക്കണമെന്ന നിര്‍ദേശമാണ് ഡോ.എം.എ. ഖാദര്‍ അധ്യക്ഷനായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ രണ്ടാം റിപ്പോര്‍ട്ടിലെ നിര്‍ദേശം. അതേസമയം പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് സ്കൂളുകള്‍ക്കു സമയം ക്രമീകരിക്കാമെന്നും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഓരോന്നും പ്രത്യേകമായി പരിശോധിച്ചു മാത്രമേ തീരുമാനം എടുക്കാവൂ എന്ന വ്യവസ്ഥയോടെയാണു റിപ്പോര്‍ട്ടിനു മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയത്. പ്രീ സ്കൂളുകള്‍, അങ്കണവാടികള്‍ എന്നിവയുടെ പഠനസമയം പ്രാദേശിക സമൂഹം തീരുമാനിക്കുന്നതായിരിക്കും ഉചിതമെന്നാണു നിര്‍ദേശം. നാലു-നാലര മണിക്കൂര്‍ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിച്ചാല്‍ മതി. പഠനസമയത്തിനു പുറമേ രണ്ടു മുതല്‍ നാലുവരെ കലാകായിക അഭിരുചി പ്രവര്‍ത്തനങ്ങള്‍ക്കും ലൈബ്രറി, ലബോറട്ടറി, തൊഴില്‍ വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുമാ യി വിനിയോഗിക്കാം. എന്നാല്‍, നിലവിലെ സാമൂഹിക സാഹചര്യം ഇത്തരമൊരു സമയമാറ്റത്തിനു പരുവപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായി പരിശോധിച്ച് ആവശ്യമായ ചര്‍ച്ചകള്‍ക്കു ശേഷമേ തീരുമാനമെടുക്കാവൂ എന്നും ശനിയാഴ്ചകള് കുട്ടികളുടെ സ്വാതന്ത്ര്യദിനമായി മാറണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകരുടെ സ്ഥാനക്കയറ്റം സീനിയോറിറ്റി അടിസ്ഥാനത്തില്‍ നടത്തുന്നതിനു പകരം കഴിവും അഭിരുചിയും പരിഗണിച്ചു നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതു നടപ്പാക്കുമ്പോള്‍ സുതാര്യമായി വേണമെന്നും അതിനു കഴിയുന്ന തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. അധ്യാപക തസ്തികനിര്‍ണയം കാലോചിതമായി പരിഷ്കരിക്കണം, പഠനമാധ്യമം മാതൃഭാഷയാകണം, ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. പാഠ്യേതര മേഖലയിലെ മികവിനു നല്കുന്ന ഗ്രേസ് മാര്‍ക്ക് തുടരണമെന്നു നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ ഗ്രേസ് മാര്‍ക്കിനു നിയന്ത്രണം കൊണ്ടുവരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള നിര്‍ദേശങ്ങള്‍ പലതും വിവാദമാകാനിടയുള്ളതിനാല്‍ പരിശോധിച്ചു മാത്രമേ നടപ്പിലാക്കാവൂ എന്നാണ് തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളത്. അതിനാല്‍ ഓരോ നിര്‍ദേശവും നടപ്പാക്കുന്നതിനു മന്ത്രിസഭയുടെ ഉള്‍പ്പെടെ പ്രത്യേക അംഗീകാരം ആവശ്യമായി വരും.