എസ്എസ്എല്‍സി ഫലപ്രഖ്യാപനം; വിജയശതമാനം കൂടുതല്‍ കോട്ടയത്ത്, കുറവ് തിരുവനന്തപുരത്ത്
സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെ കുറവാണിത്. ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്. കൂടുതല്‍ കോട്ടയത്തും. പാലാ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ജയിച്ചു. 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ശതമാനമാണ് വിജയം. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എപ്ലസ് കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ് 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. 2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത് (99.92). പരീക്ഷാ ഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. എസ്എസ്എല്‍സി / ഹയര്‍ സെക്കന്‍ഡറി/ വിഎച്ച്എസ്.ഇ ഫലങ്ങളറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിന് പുറമെ ‘സഫലം 2024’ എന്ന മൊബൈല്‍ ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി.