വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 28 ശനിയാഴ്ചത്തേക്ക് അഞ്ച് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകള്‍ക്ക് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതിശക്തമായ മഴയ്ക്ക് ഇവിടങ്ങളില്‍ സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. മഴക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. നദീതീര പ്രദേശങ്ങളിലും പാറമാതലുകളിലും ജാഗ്രത പാലിക്കണമെന്നും മഴ ശക്തമായ സാഹചര്യത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് ഒഴിവാകണമെന്നും ദുരന്ത നിവാരണ അതോറിറ്റിയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്. മഴയെ തുടര്‍ന്ന് കൃഷിയിടങ്ങളിലും നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ വെച്ച് ജില്ലാ ഭരണകൂടങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുകയാണ്. തീരദേശ മേഖലകളിലും ഒറ്റപ്പെട്ട മേഖലകളിലും ശക്തമായ നിരീക്ഷണമാണെന്നാണ് അധികൃതരുടെ നിലപാട്.

കോട്ടയം

അതിദരിദ്രരില്ലാത്ത ആദ്യജില്ല കോട്ടയം; പ്രഖ്യാപനം ഇന്ന്

കോട്ടയം: അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യ ജില്ലയായി കോട്ടയത്തെ ഇന്നു  (ശനിയാഴ്ച, ജൂൺ 28) പ്രഖ്യാപിക്കുമെന്ന് സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അറിയിച്ചു. രാവിലെ 11.00 മണിക്ക് ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.അതിദാരിദ്ര്യനിർമാർജനം സംസ്ഥാന സർക്കാർ മുൻഗണനാ പദ്ധതിയായി പ്രഖ്യാപിച്ച പിന്നാലെ ജില്ലയിൽ സർവേ നടത്തി 1071 അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. മരണപ്പെട്ടവർ, ഇതര സംസ്ഥാനങ്ങളിൽ/ ജില്ലകളിൽ കുടിയേറിയവർ എന്നിവരെ ഒഴിവാക്കിയ ശേഷം 903 കുടുംബങ്ങളാണ് അന്തിമപട്ടികയിലുണ്ടായിരുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനതലത്തിൽ തയാറാക്കിയ മൈക്രോപ്ലാൻ പ്രകാരം ഭക്ഷണവും മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും  ലഭ്യമാക്കി. ഭക്ഷണത്തിനു ബുദ്ധിമുട്ടു നേരിട്ട കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യൽ, ആഹാരം പാകം ചെയ്യാൻ സാധിക്കാത്ത കുടുംബങ്ങൾക്ക് പാകം ചെയ്ത് ഭക്ഷണം നൽകൽ തുടങ്ങിയവ ലഭ്യമാക്കി തുടർന്നുവരുന്നുണ്ട്. ഇത്തരത്തിൽ 605 കുടുംബങ്ങൾക്കാണു സേവനം നൽകുന്നത്.  മരുന്നുകൾ ആവശ്യമുള്ള 693 കുടുംബങ്ങൾക്ക് അവ ലഭ്യമാക്കി. പാലിയേറ്റീവ് കെയർ സേവനങ്ങൾ ആവശ്യമായിരുന്ന 206 കുടുംബങ്ങൾക്കും സേവനം നൽകിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ സാമഗ്രികൾ ആവശ്യമായിരുന്ന ആറു കുടുംബങ്ങൾക്കും ലഭ്യമാക്കി.   വരുമാനമാർഗം ഒരുക്കിക്കൊടുക്കേണ്ടിയിരുന്ന 155 കുടുംബങ്ങൾക്ക് അതിനുള്ള സൗകര്യമൊരുക്കി. കുടുംബശ്രീ- ഉജ്ജീവനം പദ്ധതി വഴി 140 കുടുംബങ്ങൾക്കും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ  വഴി ആറു കുടുംബങ്ങൾക്കും  മറ്റ് വകുപ്പുകൾ വഴി നാലു കുടുംബങ്ങൾക്കും  സ്വകാര്യ സ്ഥാപനങ്ങൾ വഴി അഞ്ചു കുടുംബങ്ങൾക്കും വരുമാന മാർഗങ്ങൾ ലഭ്യമാക്കി.   ഭവനരഹിതരും, ഭൂരഹിത ഭവനരഹിതരും ആയ മുഴുവൻ പേർക്കും സുരക്ഷിത വാസസ്ഥലങ്ങൾ ഉറപ്പാക്കി. അതിദരിദ്ര്യ കുടുംബങ്ങളിലെ വീട് മാത്രം ആവശ്യമായ 67 കുടുംബങ്ങൾക്കും വീടും വസ്തുവും വീടും ആവശ്യമായിട്ടുള്ള 50 കുടുംബങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കി. 22 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി. ലൈഫ് പദ്ധതി, പി.എം.എ.വൈ പദ്ധതി, സ്‌പോൺസർഷിപ്പ്, മറ്റ് സന്നദ്ധ സംഘടനകളുടെ സഹായം വഴിയാണ് ഇവ യാഥാർഥ്യമാക്കിയത്. അവശേഷിച്ച ഒരാൾക്ക് വീടുനിർമിക്കുന്നതിനായി മന്ത്രി വി.എൻ. വാസവൻ ഇടപെട്ട് വൈക്കത്ത് നാലുസെന്റ് ഭൂമി ലഭ്യമാക്കിയതോടെയാണു ജില്ല അതിദാരിദ്ര്യമുക്തമെന്ന ലക്ഷ്യം പൂർത്തീകരിച്ചത്. പദ്ധതിയുടെ ഭാഗമായി അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ, മാനസികവെല്ലുവിളി നേരിടുന്നവർ എന്നിവരെ പുനരധിവസിപ്പിക്കാനും, ചികിത്സയ്ക്കുമുള്ള നടപടികൾ സ്വീകരിച്ചു. 490 ഗുണഭോക്താക്കൾക്ക് ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മറ്റു തിരിച്ചറിയൽ കാർഡുകൾ അടക്കമുള്ള അവകാശ രേഖകൾ ലഭ്യമാക്കി. 55 വിദ്യാർത്ഥികൾക്കു സൗജന്യ ബസ്പാസും ലഭ്യമാക്കി. ഈ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനൊപ്പം പഠനമാർഗ നിർദേശ പരിപാടികളും ഒരുക്കി. ജില്ലയെ അതിദാരിദ്ര്യമുക്തമാക്കാനുള്ള പ്രവർത്തനത്തിൽ സജീവമായി പങ്കാളികളായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരെയും പദ്ധതിക്കു നേതൃത്വം നൽകിയ ജില്ലാ ഭരണകൂടത്തെയും തദ്ദേശ സ്വയം ഭരണവകുപ്പിന്റെ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തെയും മന്ത്രി വി.എൻ. വാസവൻ അഭിനന്ദനം അറിയിച്ചു. പ്രഖ്യാപന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരിക്കും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ റിപ്പോർട്ട് അവതരിപ്പിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.പിമാരായ  അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, എം.എൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, അഡ്വ. മോൻസ് ജോസഫ്, സി.കെ. ആശ, അഡ്വ. ജോബ് മൈക്കിൾ, മാണി സി. കാപ്പൻ, അഡ്വ. ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനാൻ, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് മുകേഷ് കെ. മണി, അഡീഷണൽ ഡയറക്ടർ പി.സി. ബാലഗോപാൽ, ഡെപ്യൂട്ടി ഡയറക്ടർ, വി.ആർ. രാജീവ്, തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ് എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.

കോട്ടയം

സമസ്ത നൂറാം സ്ഥാപക ദിനം ആചരിച്ചു.

കോട്ടയം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം സ്ഥാപക ദിനം ജില്ലയിൽ വിപുലമായി ആചരിച്ചു. "100 പ്രകാശവർഷങ്ങൾ "എന്ന പ്രമേയാടിസ്ഥാനത്തിൽ പ്രഖ്യാപിച്ച സെന്റിനറി ജൂബിലി യുടെ ഭാഗമായി സമാധാനപ്രതിജ്ഞയും, സമസ്ത രൂപീകരണ പശ്ചാത്തലം, ആദർശം, ബഹുമുഖ പദ്ധതികൾ, അനുസ്മരണം എന്നിവ സ്ഥാപകദിനത്തിന്റെ ഭാഗമായി നടന്നു.ജില്ലാതലത്തിൽ ചങ്ങനാശ്ശേരി മർക്കസുൽ ഹുദയിൽ ജില്ലാ ട്രഷറർ കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി പതാക ഉയർത്തി സംസാരിച്ചു. അബ്ദുസ്സലാം ബാഖവി അധ്യക്ഷനായിരുന്നു. ഷാഫി ഹിമമി സിറാജുദ്ദീൻ നൂറാനി സംസാരിച്ചു. എന്തെയാർബദരിയ്യ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ചീഫ് ഇമാം സുലൈമാൻ സഅദി പതാക ഉയർത്തി, മുഹമ്മദ് കുട്ടി മിസ്‌ബാഹി, അബ്ദു ആലസം പാട്ടിൽ, ഷിയാസ് അംജദി, ജമാഅത്ത് ഭാരവാഹികൾ പങ്കെടുത്തു,  ഈരാറ്റുപേട്ട സഈദിയ സുന്നീ മദ്രസയിൽ  പ്രസിഡണ്ട് ഇ എസ് സഅദ്ദ്ദീൻ അൽ ഖാസിമി പതാക ഉയർത്തി, മദ്രസ സദർ മുഅല്ലിം അബ്ദുറഹ്മാൻ സഖാഫി സന്ദേശം നൽകി.മദ്രസ അസംബ്ലി നടത്തി, തീക്കോയി തർബിയത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ ജമാഅത്ത് പ്രസിഡണ്ട് സലീം യാക്കിരി പതാക ഉയർത്തി. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ സെക്രട്ടറി അജ്നാസ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി, ഷംസുദ്ദീൻ അഷ്റഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ഈരാറ്റുപേട്ട സോൺ ൺ  സെക്രട്ടറി ഷിനാസ് തീകോയി സംസാരിച്ചു, മുണ്ടക്കയം ഇർഷാദിയ അക്കാദമിയിൽ ലിയഖത്ത് സഖാഫി, തലയോലപ്പറമ്പ് യൂണിറ്റിൽ അബ്ദുല്ലത്തീഫ് മുസ്ലിയാർ ആപ്പാഞ്ചിറയും വൈക്കം യൂണിറ്റിൽ സുബൈർ നക്കം തുരുത്തും പതാക ഉയർത്തി.അൻവർ മദനി, യഅഖൂബ് നഈമി സംസാരിച്ചു..

കോട്ടയം

കോട്ടയം ജില്ലയിൽ കനത്ത മഴ, മലയോര മേഖലയിൽ അതിശക്തമായ തീവ്ര മഴ, മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു, ജാഗ്രത പാലിക്കണം.

കോട്ടയം: ഇന്നലെ മുതൽ തുടരുന്ന അതിശക്തമായ തീവ്ര മഴയിൽ കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നു. അതിശക്തമായ മഴയാണ് ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ പെയ്യുന്നത്. ഇന്നലെ രാവിലെ മുതൽ പെയ്യാൻ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.അതിശക്തമായ മഴയിൽ ജില്ലയിലെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. പ്രധാന നദികളായ മണിമല,മീനച്ചിൽ ആറുകളിൽ ജലനിരപ്പ്ഉയർന്നിരിക്കുകയാണ്. മണിമലയാറ്റിൽ മുണ്ടക്കയം,എരുമേലി-ഓരുങ്കൽ കടവ് മേഖലകളിൽ ജലനിരപ്പ് അപകടകരമായനിലയിൽ ഉയർന്നു നിൽക്കുകയാണ്. കനത്ത മഴയുടെ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപെട്ടതായും പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡിഷ, ഗംഗ തട പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

കോട്ടയം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും എം.ഡി.സി.എം.എസ് ഹൈസ്കൂള്‍ ഇരുമാപ്രമറ്റവും ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാം മാനേജ്മെന്‍റ് യൂണീറ്റും സംയുക്തമായി ലോക ലഹരിവിരുദ്ധദിനം ആചരിച്ചു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും എം.ഡി.സി.എം.എസ് ഹൈസ്കൂള്‍ ഇരുമാപ്രമറ്റവും ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാം മാനേജ്മെന്‍റ് യൂണീറ്റും സംയുക്തമായി ലോക ലഹരിവിരുദ്ധദിനം ആചരിച്ചു. എം.ഡി.സി.എം.എസ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ ചിത്ര രചനാപ്രദര്‍ശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ. ജെറ്റോ ജോസ് ചൊല്ലികൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. അജിത്കുമാര്‍.ബി അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ് മിസ്ട്രസ് ശ്രീമതി. സൂസന്‍ വി മനോജ്, ശ്രീ. കെ.ജെ.ജോസഫ് കള്ളികാട്ടില്‍, ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീ. സജീവ് എ.എന്‍, ആര്‍.ജി.എസ്.എ കോര്‍ഡിനേറ്റര്‍ സുചിത്ര എന്നിവര്‍ സംസാരിച്ചു.

കോട്ടയം

പി സി ജോര്‍ജിന്റെ വെല്ലുവിളി നിയമ വ്യവസ്ഥയോട്; വിദ്വേഷ പ്രചാരണത്തിന് കേസെടുക്കണം - പി.ഡി.പി.

തൊടുപുഴ: മുസ്ലിം സമുദായത്തിനെതിരെ പച്ച വര്‍ഗീയതയും വിദ്വേഷവും പ്രസംഗിച്ച പി.സി.ജോര്‍ജിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയ പരാതികളിലെ കേസുകളില്‍ ഗൗരവതരമായ നിയമനടപടികള്‍ ഉണ്ടാകാത്തതാണ് വീണ്ടും വീണ്ടും വര്‍ഗീയതയും വിദ്വേഷവും പ്രസംഗിക്കാനും പ്രചരിപ്പിക്കാനും പിസി ജോര്‍ജിനെ പ്രേരിപ്പിക്കുന്നതെന്ന് പി.ഡി.പി. വായ തുറന്നാല്‍ വിദ്വേഷം മാത്രം പ്രസംഗിക്കുന്ന സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേരളത്തിന്റെ പൊതുശല്യമായ പി.സി.ജോര്‍ജ് വെല്ലുവിളിക്കുന്നത് മുഖ്യമന്ത്രിയെ അല്ലെന്നും രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ ആണെന്നും മതവിദ്വേഷം പ്രസംഗിക്കുന്ന ജോര്‍ജിനെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മാഹിന്‍ ബാദുഷ മൗലവി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അടിയന്തിരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തില്‍ ഇന്ന് തൊടുപുഴയില്‍ നടന്ന പൊതുപരിപാടിയില്‍ മത വിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി. ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എ.കെബീര്‍ തൊടുപുഴ പോലീസില്‍ പരാതി നല്‍കി.    

കോട്ടയം

ലോഹിതദാസ് സ്‌മാരക ഷോർട്ട് ഫിലിം-തിരക്കഥാ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട: ചലച്ചിത്രകാരൻ ലോഹിതദാസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഷോർട്ട് ഫിലിം-തിരക്ക മത്സരത്തിൽ മൂന്നാം സ്ഥാനം നേടി ഈരാറ്റുപേട്ട സ്വദേശി.ലോഹിതദാസിന്റെ 16-ാം ഓർമദിനത്തിന് മുന്നോടിയായി നടത്തിയ മത്സരത്തിലാണ് ഈരാറ്റുപേട്ട സ്വദേശിയും കുവൈത്ത് പ്രവാസിയുമായ സി.എ. ഷാഹിദ് ചാലിപ്പറമ്പ് മൂന്നാം സ്ഥാനം നേടിയത്. വി.കെ.കെ. രമേഷ് ഒന്നാംസ്ഥാനവും ശ്രീനാഥ് ശിവ രണ്ടാംസ്ഥാന വും നേടി. 11 പേർക്ക് പ്രോത്സാഹന സർട്ടിഫിക്കറ്റ് നൽകും. ജൂൺ 28-ന് 4.30-ന് കേരള സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തിൽ നടക്കുന്ന ലോഹിതദാസ് സ്മരണയിൽ പുരസ്കാരം സമ്മാനിക്കും. ചിൽഡ്രൻ ഫിലിം ക്ലബ്ബാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

കോട്ടയം

ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജും വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംഷൻ കോളേജും ജേതാക്കളായി.

കോട്ടയം ; സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ  കോട്ടയത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ  നടന്ന ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജും വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംഷൻ കോളേജും ജേതാക്കളായി.സെമിഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് സിഎംഎസ് കോളേജ് കോട്ടയത്തെയും  അഞ്ചു സെറ്റ് നീണ്ടുനിന്ന ഫൈനൽ മത്സരത്തിൽ സെന്റ്. തോമസ് കോളേജ് പാലായെയും ആണ് സെന്റ്. ജോർജ് കോളേജ് അരുവിത്തുറ  പരാജയപ്പെടുത്തിയത്.  വനിതാ വിഭാഗം ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ 3 സെറ്റുകൾക്ക് അൽഫോൻസാ കോളേജ് പാലായെ പരാജയപ്പെടുത്തിയാണ് ആണ് അസംഷൻ കോളേജ് ചങ്ങനാശ്ശേരി ജേതാക്കളായത്.വിജയികൾക്കുള്ള ട്രോഫിയും മെഡലും ക്യാഷ് പ്രൈസും  കോട്ടയം ജില്ലാ കളക്ടറുടെയും യും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെയും സാന്നിധ്യത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോട്ടയം എംഡി സെമിനാരി സ്കൂളിൽ   നടക്കുന്ന ചടങ്ങിൽ വെച്ച് നൽകുന്നതാണ്.