വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞ് വീണു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു.അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരംമൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയുംഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്.പരിക്കേറ്റ മൂന്നുപേരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പരിശോധന തുടരുകയാണ്. അപകടവിവരമറിഞ്ഞ് മന്ത്രി വിഎൻ വാസവൻ സ്ഥലത്തെത്തി. കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഉപയോഗശൂന്യമായ കെട്ടിടമാണ്. വാർഡ് അപ്പുറത്താണ്. സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ്. പുതിയ കെട്ടിടം പണിതുകഴിഞ്ഞു. കൂട്ടിരിപ്പുകാർ പഴയ കെട്ടിടത്തിന്‍റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് രണ്ട് പേർക്ക് പരിക്കേറ്റതെന്നും മന്ത്രി കൂട്ടിച്ചേർത്തു.കൂടുതൽ ആളുകൾ സ്ഥലത്തില്ലാത്തതുകൊണ്ട് വൻദുരന്തമാണ് ഒഴിവായത്. മ്യഖ്യമന്ത്രിയുടെ നേതൃത്യത്തിൽ നാല് ജില്ലകളിലെ സർക്കാർ പദ്ധതികളുടെ അവലോക യോഗം കോട്ടയത്തുവെച്ച് നടക്കവേയാണ് മെഡിക്കൽ കോളജിലെ അപകടം.

കോട്ടയം

കാഞ്ഞിരപ്പള്ളി ബൈപ്പാസ് ; കരാർ കമ്പനി കൂടുതൽ തുക ആവശ്യപ്പെട്ട് നിർമ്മാണം നിർത്തിവെച്ചു | കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുമെന്നു ചീഫ് വിപ്പ് എൻ ജയരാജ്.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിക്കാരുടെയും, കാഞ്ഞിരപ്പള്ളി എം.എൽ.എ ഡോ. എൻ. ജയരാജിന്റെയും സ്വപ്ന പദ്ധതിയായ കാഞ്ഞിരപ്പള്ളി ബൈപാസിന് പ്രതിസന്ധിയുടെ കരിനിഴലിൽ. അനുവദിച്ച ബഡ്ജറ്റ് തികയില്ലെന്നും കൂടുതൽ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കരാർ ഏറ്റെടുത്തു പണികൾ നടത്തിക്കൊണ്ടിരിക്കുന്ന ഗുജറാത്തിലെ ബാക്ക്ബോൺ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പണികൾ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്.2025 മാർച്ച് മൂന്നിന് പണികൾ തീരുമെന്ന ഉറപ്പിലാണ് കരാർ കമ്പനി ടെൻഡർ ഉറപ്പിച്ച് പണികൾ ആരംഭിച്ചത്. എന്നാൽ കമ്പനിയുടെ അപ്രതീക്ഷിത നീക്കം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇടഞ്ഞുനിൽക്കുന്ന ബാക്ക്ബോൺ കമ്പനിയുമായി അടുത്ത ആഴ്ച അധികാരികൾ ചർച്ചകൾ നടത്തുമെന്നാണ് അറിയുന്നത്. ചർച്ച വിജയിച്ചില്ലെങ്കിൽ, പുതിയ കരാർ കമ്പനിയെ പണികൾ ഏൽപ്പിക്കേണ്ടി വന്നേക്കാം. വീണ്ടും റീ ടെൻഡർ നടപടികളുമായി ആദ്യം മുതൽ തുടങ്ങേണ്ടി വന്നാൽ, ബൈപാസ് വീണ്ടും വലിയ പ്രതിസന്ധിയിലായേക്കും. അങ്ങനെയെങ്കിൽ ദിനംപ്രതി ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്ന കാഞ്ഞിരപ്പള്ളിക്കാർ ഇനിയും കുറേനാൾ കൂടി അങ്ങനെ സഹിച്ച് തുടരേണ്ടിവരും. കാഞ്ഞിരപ്പള്ളി ബൈപാസ് പദ്ധതിക്കായി 26.16 കോടി രൂപ കിഫ്ബി മുഖേനയാണ് അനുവദിച്ചിരിക്കുന്നത്. ദേശീയപാത 183ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിനു മുൻപിലെ വളവിൽ നിന്നാരംഭിച്ചു മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും മീതെ മേൽപാലം നിർമിച്ചു പൂതക്കുഴിയിൽ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയപാതയിൽ പ്രവേശിക്കുന്ന ബൈപാസിന്റെ ദൂരം 1.80 കിലോ മീറ്ററാണ്. ഇതിനായി മൂന്ന് ഹെക്ടര്‍ 49 ആര്‍ 84 ച.മീ. സ്ഥലം ആണ് പദ്ധതിക്ക് ആകെ ആവശ്യമുള്ളത്. (8 ഏക്കര്‍ 42.8 സെന്റ് സ്ഥലം). 29 വസ്തു ഉടമസ്ഥരില്‍ നിന്ന് 13 സര്‍വേ നമ്പറുകളിലായി കിടന്ന പ്രസ്തുത ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. 24.76 കോടി രൂപ നല്‍കിയാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്. നിർദിഷ്ട ബൈപാസ് റോഡിന്റെ പകുതിയോളം പണികൾ തീർന്നിരിക്കവെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത് . അനുവദിച്ച ബഡ്ജറ്റ് തുക വിതരണം ചെയ്യുവാൻ റെഡിയാണെങ്കിലും, കൂടുതൽ തുക അനുവദിക്കണം എന്ന ആവശ്യം പ്രശ്നം ഗുരുതരമാക്കിയേക്കും. പദ്ധതി നിർവഹണം നടത്തേണ്ട റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന്റെ ഉയർന്ന ഉദ്യോഗസ്ഥരും, പദ്ധതിയുടെ കൺസൾട്ടന്റെ ആയ ബ്രൈറ്റ്സ് ലിമിറ്റഡിന്റെ ഉദ്യോഗസ്ഥരും , കരാറുകാരായ ബാക്ക്ബോൺ കോൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പ്രതിനിധികളുമായി താമസിയാതെ ചർച്ച നടത്തി തീരുമാനമെടുത്തേക്കും.

കോട്ടയം

പാലാ ഹോസ്‌പിറ്റലിൽ നിന്ന് രോഗിയുമായി ഉസലാംപെട്ടി പോകുകയായിരുന്ന ആംബുലൻസ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം അപകടത്തിൽപ്പെട്ടു

ഇടുക്കി▪️പാലാ ഹോസ്‌പിറ്റലിൽ നിന്ന് രോഗിയുമായി ഉസലാംപെട്ടി പോകുകയായിരുന്ന ആംബുലൻസ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം അപകടത്തിൽപ്പെട്ടു. കട്ടപ്പന കോട്ടയം റൂട്ടിൽ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം പാലാ മരിയൻ ഹോസ്‌പിറ്റലിൽ നിന്ന് രോഗിയുമായി ഉസലാംപെട്ടിക്ക് പോകുകയായിരുന്ന ആംബുലൻസ് ഏകദേശം 20 അടി താഴ്ചയിലേക്ക് മറിയുകയും രോഗിയും കൂടെ ഉണ്ടായിരുന്ന ബന്ധുക്കളും കുടുങ്ങി കിടക്കുകയും ചെയ്‌തു. ഫയർ ഫോഴ്സ‌് സംഭവസ്ഥലത്ത് എത്തി രോഗിയെയും കുടുങ്ങിക്കിടന്നയാളുകളെയും രക്ഷപ്പെടുത്തി.STO സുനിൽകുമാർ,SFRO മധുസൂദനൻ,FRO(D) സുനിൽകുമാർ,FRO എം സി സതീഷ്,FRO വിപിൻ സെബാസ്റ്റ്യൻ,FRO വിവേക്,FRO അൻഷാദ്. തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

കോട്ടയം

കോട്ടയത്തു ജയിൽ ചാടിയ പ്രതിയെ തപ്പി പോലീസ് വലയുന്നു

കോട്ടയം: മൊബൈല്‍ മോഷണക്കേസില്‍ റെയില്‍വേ പൊലീസ് പിടികൂടിയ പ്രതി ജയില്‍ചാടി. കോട്ടയം ജില്ലാ ജയിലില്‍ നിന്ന് അസം സ്വദേശി അമിനുള്‍ ഇസ്‌ളാം(ബാബു-20) ആണ് ജയില്‍ ചാടിയത്.ഇന്നലെ  വൈകിട്ട് മൂന്ന് മണിയോടെ ആണ് ജയില്‍ചാട്ടം നടന്നത്. ജയില്‍ ചാടുമ്പോള്‍ മുണ്ട് മാത്രമാണ് ഇയാള്‍ ധരിച്ചിരുന്നത്. ഇന്നലെ രാവിലെ യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച അമിനുള്‍ ഇസ്‌ളാമിനെ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വെച്ച് റെയില്‍വേ പൊലീസ് പിടികൂടിയിരുന്നു.ശേഷം കോട്ടയത്ത് എത്തിച്ച ഇയാളെ കോട്ടയം റെയില്‍വേ പൊലീസ് എസ്എച്ച്ഒ റെജി പി ജോസഫ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ജയിലില്‍ എത്തിച്ചത്

കോട്ടയം

എല്ലാ പഞ്ചായത്തിലും കായിക മത്സരങ്ങൾ, കായിക കേരളം പദ്ധതി നടപ്പാക്കും : മന്ത്രി വി. അബ്ദുറഹിമാൻ

കോട്ടയം: എല്ലാ പഞ്ചായത്തിലും കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്ന കായിക കേരളം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് കായിക- ന്യൂനപക്ഷക്ഷേമ -വഖഫ് ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. സംസ്ഥാന കായിക വകുപ്പിന്റെ 'ഒരു പഞ്ചായത്ത് ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി വൈക്കം ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അക്കരപ്പാടം ഗവൺമെൻറ് യു.പി. സ്‌കൂളിൽ നിർമാണം പൂർത്തിയായ ഫുട്‌ബോൾ ടർഫിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ലഹരിക്കെതിരെയുള്ള രണ്ടാംഘട്ട പോരാട്ടത്തിന്റെ ഭാഗമായാണ് കായിക കേരളം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നൂറിലധികം കളിക്കളങ്ങൾ പൂർത്തിയായി. 365 പഞ്ചായത്ത് ഇതര കളിക്കളങ്ങളുടെ നിർമാണവും പൂർത്തിയായി. ചടങ്ങിൽ സി.കെ. ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും സി.കെ. ആശ എം.എൽ.എ.യുടെ ഫണ്ടിൽ നിന്നുള്ള 60 ലക്ഷം രൂപയും ചെലവഴിച്ചാണ് ടർഫ് നിർമാണം പൂർത്തീകരിച്ചത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് .ബിജു, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ആനന്ദവല്ലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.പി. അനൂപ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി അധ്യക്ഷൻ ഗോപിനാഥൻ കുന്നത്ത്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.എം. ശോഭിക, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ കെ.ദീപേഷ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.എം. ഉദയപ്പൻ, സുലോചന പ്രഭാകരൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ഡി. ജോർജ് ,ജിനു ബാബു, രേവതി മനീഷ്, ടി. പ്രസാദ്, ദീപാ മോൾ, മിനി മനയ്ക്കപറമ്പിൽ ,രാജലക്ഷ്മി, ശരത് ടി. പ്രകാശ്, ടി.പി രാധാമണി , സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനിയർ പി.കെ. അനിൽകുമാർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് ബൈജു വർഗീസ് ഗുരുക്കൾ, സ്‌കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ. നടേശൻ, പി.ടി.എ. പ്രസിഡൻറ് കിഷോർ , സംഘാടകസമിതി പ്രസിഡൻറ് എ.പി നന്ദകുമാർ, സെക്രട്ടറി പി.ഡി. ബാബു,ബ്ലോക്ക് പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ ബിനു ചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ശശിധരൻ, സാബു പി. മണലോടി ,അക്കരപ്പാടം ശശി, വർഗീസ് നീന്തുകടവിൽ എന്നിവർ പങ്കെടുത്തു.

കോട്ടയം

കോഴാ ​സയൻസ് സിറ്റി​ സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോട്ടയം: ശാസ്ത്രത്തിന്റെ വിസ്മയലോകത്തേക്ക് വാതിലുകൾ തുറന്നിട്ട് കോഴാ ​സയൻസ് സിറ്റി. ഇനി പ്രപഞ്ചസത്യങ്ങളുടെ വിശാലവിസ്മയങ്ങളിലേക്ക് കൗതുകപ്രവേശനം. ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലയിൽ സ്ഥാപിക്കുന്ന സയൻസ് സിറ്റിയുടെ ഒന്നാംഘട്ടമായ സയൻസ് സെന്റർ യാഥാർഥ്യമായി. ഉദ്ഘാടനം ജൂലൈ മൂന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷത വഹിക്കും.  സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്താനും ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്കുള്ള ആഭിമുഖ്യം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോഴായിൽ എം.സി. റോഡരിൽ സർക്കാർ അനുവദിച്ച  30  ഏക്കർ ഭൂമിയിൽ സയൻസ് സിറ്റി സ്ഥാപിച്ചത്.  ശാസ്ത്ര ഗ്യാലറികൾ, തൃമാന പ്രദർശന തിയേറ്റർ, ശാസ്ത്ര പാർക്ക്, സെമിനാർ ഹാൾ, ഇന്നവേഷൻ ഹബ്ബ് എന്നിവ ഉൾക്കൊള്ളുന്ന  സയൻസ് സെന്റർ  ആണ് ഇതിലെ പ്രധാന ഭാഗം . പദ്ധതി പ്രദേശത്ത് 47,147 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമിച്ചിരിക്കുന്ന സയൻസ് സെന്റർ കെട്ടിടത്തിൽ പല വിഭാഗങ്ങളിലായിട്ടാണ് പ്രദർശനം സജ്ജമാക്കിയിട്ടുള്ളത്. ഇതിനുപുറമേ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ അപൂർവയിനം വനസുഗന്ധവ്യഞ്ജനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് പൊതുജനങ്ങൾക്കായി ഒരു ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിർമാണോദ്ഘാടനം ഉടൻ നടക്കും. സയൻസ് സെന്റർ   ഫൺ സയൻസ് ഗാലറി, എമെർജിങ് ടെക്നോളജി, മറൈൻ സയൻസ്, സയൻസ് പാർക്ക്, ആക്ടിവിറ്റി സെന്റർ എന്നിവയും ഒരുത്രീ ഡി തീയറ്റർ, എക്സിബിഷൻ ഹാൾ എന്നിവയുമാണ് സയൻസ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്.   1. ഫൺ സയൻസ് ഗാലറി  ശാസ്ത്രതത്വങ്ങളും അതിന്റെ പ്രായോഗിക വശങ്ങളും പ്രതിപാദിക്കുന്ന ഫൺ സയൻസ് ഗാലറി ശാസ്ത്രതൽപരരെ ഏറെ ആകർഷിക്കും. ഇവിടെ അമ്പതോളം ഇനങ്ങൾ വിവിധ ശാസ്ത്ര ശാഖയുടെ കീഴിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഇലക്ട്രോ മാഗ്‌നറ്റിക് തിയറിയെ അടിസ്ഥാനമാക്കിയുള്ള പ്രദർശനങ്ങൾ, സൗണ്ട് ഓഫ് മ്യൂസിക്, ബ്രെയിൻ ഗെയിംസ്, ഗണിതമാതൃകകൾ  എന്നീ വിഭാഗങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്. 2.എമെർജിങ് ടെക്നോളജി മാറിയ കാലത്തിന്റെ ശാസ്ത്രപുരോഗതി വ്യക്തമാക്കുന്ന കാര്യങ്ങളാണിവിടെ കാണാനാകുന്നത്. ഈ വിഭാഗത്തിൽ കാർഷിക വിഭാഗം, ആരോഗ്യ വിഭാഗം, മെറ്റീരിയൽ സയൻസ് വിഭാഗം, ഊർജ്ജം, വിവര സാങ്കേതിക വിദ്യ, കമ്മ്യൂണിക്കേഷൻ, സ്പെയ്സ് സയൻസ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രദർശനം ഒരുക്കിയിട്ടുണ്ട്. 3. മറൈൻ സയൻസ് ഈ വിഭാഗത്തിൽ കടലിനടിയിലെ കാഴ്ചകളാണ് ആളുകളെ ആകർഷിക്കുന്നത്. വിവിധയിനം കടൽസസ്യങ്ങൾ, അവയുടെ സമുദ്രാന്തർഭാഗത്തെ വിന്യാസം, കടൽ ജീവികളുടെ മാതൃകകളും ചിത്രങ്ങളും, ഓരോ ജീവികളും കാണപ്പെടുന്ന ആഴങ്ങളുടെ അടയാളപ്പെടുത്തൽ എന്നിവയെല്ലാം ഇവിടെ കാണാം. അമ്പതോളം പ്രദർശന വസ്തുക്കളാണുള്ളത്.  4. ത്രീ ഡി തിയറ്റർ  ത്രീ ഡി  തിയറ്റർ ആണ് മറ്റൊരു ആകർഷണം. സമുദ്രാന്തർഭാഗത്തെ കാഴ്ചകളും  ആകാശകാഴ്ചകളും ത്രിമാന വീഡിയോ പ്രദർശനത്തിലൂടെ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പഴയകാല മനുഷ്യർ എങ്ങനെ ജീവിച്ചുവെന്നും പതിയെപതിയെയുണ്ടായ പരിവർത്തനങ്ങളും ത്രീ ഡി ദൃശ്യാനുഭവത്തിൽ കണ്ടു മനസ്സിലാക്കാം. 20 മിനിട്ട് നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ രണ്ട് വീഡിയോകളാണുള്ളത്.    5.സയൻസ് പാർക്ക് ഇവിടെ 32 കാഴ്ചകൾ ഉണ്ട്. ഫിസിക്സ് പ്രവർത്തന തത്വം ആധാരമാക്കി പ്രവർത്തിക്കുന്ന ഉപകാരണങ്ങളാണേറെയും.  6. ആക്ടിവിറ്റി സെന്റർകുട്ടികൾക്കു പരീക്ഷണങ്ങൾ നടത്താനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ട്. അതിനുവേണ്ട സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.  7. ടെമ്പററി എക്സിബിഷൻ ഹാൾഇവിടെ സ്റ്റിൽ മോഡലുകളുടെ പ്രദർശനം ആണ് ഒരുക്കിയിട്ടുള്ളത്. വിവിധ ശാസ്ത്രതത്വങ്ങളുടെ തിയറികളും പ്രസന്റേഷനും ഉണ്ട്. പ്രധാന ആകർഷണങ്ങൾ കാണുന്നതെല്ലാം വിശ്വസിക്കാമോ? ശാസ്ത്രം പറയുന്നത് വിശ്വസിക്കുന്നതിനു പകരം പിന്നിലുള്ള ശാസ്ത്ര രഹസ്യങ്ങൾ മനസ്സിലാക്കണമെന്നാണ്. ഇത് കൃത്യമായി മനസ്സിലാക്കിത്തരുന്നവയാണ് സയൻസ് സെന്ററിലെ സ്പിന്നങ് ഇറേസർ, മാജിക് വാട്ടർ ടാപ്, ഇല്യൂഷൻ വിത്ത് റിങ്സ്, സ്‌കാനിമേഷൻ തുടങ്ങിയവ. കാഴ്ച തലച്ചോറിനെ എങ്ങനെ തെറ്റിധരിപ്പിക്കുന്നുവെന്ന് തിരിച്ചറിയുന്നത് ഫൺ മിറർ, കർവിങ് ടണൽ, ഫ്രോസൺ ഷാഡോ, കളർ ഷാഡോ തുടങ്ങിയവ കാണുമ്പോഴാണ്. രണ്ടാം ഘട്ടം മോഷൻ സിമുലേറ്റർ, ഓഗ്മെന്റഡ് റിയാലിറ്റി, വിർച്വൽ റിയാലിറ്റി തീയറ്ററുകൾ, പ്രകാശ ശബ്ദസമന്വയ പ്രദർശനം, ജലധാര ,വാനനിരീക്ഷണ സംവിധാനം എന്നിവയാണ് രണ്ടാം ഘട്ടത്തിൽ  വിഭാവനം ചെയ്തിരിക്കുന്നത്.                                 പ്രവേശനം നാലു മുതൽ സയൻസ് സിറ്റിയിലേക്ക് ഉദ്ഘാടനപ്പിറ്റേന്നു മുതൽ പ്രവേശനം അനുവദിക്കും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്നത്. തിങ്കളാഴ്ചകളിൽ അവധിയായിരിക്കും. 30 രൂപയാണ് പ്രവേശന ഫീസ്. വിദ്യാർഥികൾക്ക് 20 രൂപയും.

കോട്ടയം

കോട്ടയത്തെ കോടിമത പാലത്തിനരികെ പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ച് 2 മരണം; ഡ്രൈവറെ പുറത്തെടുത്തത് ജീപ്പ് വെട്ടിപ്പൊളിച്ച്

കോട്ടയം: കോടിമത പാലത്തിനു സമീപം വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൊലേറോയിൽ സഞ്ചരിച്ചിരുന്ന കൊല്ലാട് സ്വദേശികളായ ജെയ്മോൻ (43), അർജുൻ (19) എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത് ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്നു. നാട്ടുകാർ ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പക്ഷേ ഡ്രൈവറെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഫയർഫോഴ്സെത്തി ജീപ്പ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളും കോട്ടയം മെഡിക്കൽ കോളജിലാണ്.

കോട്ടയം

വിഭാഗീയ രാഷ്ട്രീയത്തിന് പിടിച്ചുനിൽക്കാൻ കഴിയില്ല - റസാഖ് പാലേരി

ഈരാറ്റുപേട്ട: കപട മതേതരത്തത്തോടെ തിരഞ്ഞെടുപ്പുകളെ നേരിട്ടാൽ ജനം തള്ളികളയുമെന്നതിൻ്റെ ഉദാഹരണമാണ് കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു. പാർട്ടി ജില്ലാ കമ്മിറ്റി ഇല്ലിക്കല്ല് സംസ്കാരിക നിലയത്തിൽ നടത്തിയ നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ .കെ.എം സാദിഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ ഷെഫീഖ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വിവിധ സെക്ഷനുകളിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഇർഷാദ് സംസ്ഥാന സെക്രട്ടറി ഡോ. അൻസാർ അബൂബക്കർ ,സണ്ണി മാത്യു , സുനിൽ ജാഫർ, എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.എ നിസാം സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി അർച്ചന പ്രജിത് നന്ദിയും പറഞ്ഞു.