വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

"ക്ലീൻ ഹോം ക്ലീൻ സിറ്റി"; മാലിന്യ പരിപാലനത്തിൽ സ്മാർട്ട് ആകാൻ നഗരസഭയിൽ സർവ്വേ ആരംഭിച്ചു

ഈരാറ്റുപേട്ട: "ക്ലീൻ ഹോം ക്ലീൻ സിറ്റി" എന്ന സമഗ്ര മാലിന്യ പരിപാലന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട നഗരസഭയിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ ഇനി സ്മാർട്ട് ആകും.  ശുചിത്വമിഷൻ, ഹരിത കേരള മിഷൻ, കെൽട്രോൺ, തുടങ്ങിയവരുടെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയിൽ കോട്ടയം ജില്ലയിലെ ആദ്യ നഗരസഭയായി ഈരാറ്റുപേട്ട മാറും. നഗരസഭയിൽ നടപ്പിലാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പിൻ്റെ സർവ്വേ പ്രവർത്തനങ്ങൾ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചു കഴിഞ്ഞു.പദ്ധതിയുടെ ഭാഗമായി  നഗരസഭയിലെ എല്ലാ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. ഇതിലൂടെ ഡിജിറ്റൽ സഹായത്തോടെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയും. ഇനിമുതൽ ഹരിത കർമ്മ സേന മുഖേന നൽകുന്ന എല്ലാ സേവനങ്ങളും ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ പൊതു ജനങ്ങൾക്ക് ലഭ്യമാകും. പദ്ധതിയുടെ ഭാഗമായ സർവ്വേ , ക്യു ആർ കോഡ് പതിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ  സെൻറ് ജോർജ് , എം.ഇ .എസ് കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും ഹരിത കർമ സേനകളുടെ യും സഹായത്തോടെയാണ് തുടക്കം കുറിച്ചിരിക്കുന്നു. 30 ടീമായി തിരിച്ചാണ് സർവ്വേ നടക്കുന്നത് ഒരു വാർഡിൽ 5 പേരാണ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം കൊടുക്കുന്നത്.  പരിശീനം ലഭിച്ച 100 വാളഡിയർമാരുടെ സേവനം  എന്‍ട്രോള്‍മെന്‍റിനായി വാര്‍ഡുകളില്‍ ലഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 20 ഓടു കൂടി  നഗരസഭയിലെ എല്ലാ വീടുകളിലും ഗാർബേജ് ആപ്പിന്റെ സേവനം ലഭ്യമായി തുടങ്ങുമെന്ന് ഈരാറ്റുപേട്ട നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സി എ നാസർ അറിയിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അംഗം ഡോ. സഹല ഫിർദൗസ് പ്രവർത്തനങ്ങൾ കോ-ഓഡിനേറ്റ് ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെറാൾഡ് , സോണി മോൾ ,വി എം നൗഷാദ്. കെൽട്രോൺ പ്രതിനിധികളായ ബിബിൻ, നിജി ജയിംസ്, ശ്രീകുമാർ  ഹരിത കേരളം മിഷൻ പ്രതിനിധികളായ അൻഷാദ് ഇസ്മായിൽ, അലീന വർഗീസ്, ശരത് ചന്ദ്രൻ, കൗൺസിലർ നാസർ വെള്ളൂപറമ്പിൽ എന്നിവർ പങ്കെടുത്തു. 

പ്രാദേശികം

തീക്കോയി ടെക്നിക്കൽ ഹൈ സ്കൂളിന് 7.5 കോടി; ശിലാസ്ഥാപന കർമം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും

ഈരാറ്റുപേട്ട : തീക്കോയി ടെക്നിക്കൽ ഹൈ സ്കൂളിന് 7.5 കോടി മുതൽ മുടക്കി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം  സെപ്റ്റംബർ 15 വ്യാഴാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. പ്രസ്തുത പ്രോഗ്രാമിന്റെ സ്വാഗതസംഘം മീറ്റിംഗ് പൂഞ്ഞാർ എം എൽ എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കുകയും സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർ പേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ, തീക്കോയ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ജെയിംസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന ഗോപാലൻ, മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ്. മുഹമ്മദ്‌ ഇല്യാസ്, ഈരാറ്റുപേട്ട വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റിസ്വാന സവാദ്, മുൻസിപ്പൽ കൗൺസിലർ നസീറ സുബൈർ, തീക്കോയ്‌ മെമ്പർമാരായ ജയറാണി, അമ്മിണി തോമസ്, സ്കൂൾ സൂപ്രണ്ട് ദാമോദരൻ, രമേശ്‌ ബി വെട്ടിമറ്റം, സ്കൂൾ പി റ്റി എ വൈസ് പ്രസിഡന്റ്‌ ഷെഫീക് കെ പി തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

പ്രാദേശികം

സൗജന്യ നിയമ സഹായ ക്ലിനിക്

ഈരാറ്റുപേട്ട: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രണ്ട് മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സൗജന്യ നിയമ സഹായ ക്ലിനിക് നടത്തും. സൗജന്യ നിയമ സഹായ ക്ലിനിക്കിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിക്കുള്ളിലുള്ള എല്ലാ പഞ്ചായത്തിൽ നിന്നും മുനിസിപ്പാലിറ്റിലയിൽ നിന്നും ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9447036389

പ്രാദേശികം

വൈദ്യുതി, സഹകരണ മേഖലകളെ തകർക്കുന്ന നിയമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണം; സിഐടിയൂ പൂഞ്ഞാർ ഏരിയ സമ്മേളനം

ഈരാറ്റുപേട്ട : വൈദ്യുതി, സഹകരണ മേഖലകളെ തകർക്കുന്ന നിയമങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്ന് സിഐടിയൂ പൂഞ്ഞാർ ഏരിയ സമ്മേളന പ്രമേയത്തിലൂടെ ആവിശ്യപെട്ടു.  കെആർ ശശിധരൻ നഗറിൽ ( ഭരണങ്ങാനം വെട്ടുകല്ലേൽ ആർകേഡ്) നടക്കുന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ഓണത്തിന് മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ ഓണാക്കിറ്റ് നൽകുന്ന സംസ്ഥാന സർക്കാർ തീരുമാനത്തെ പ്രതിനിധികൾ അഭിനന്ദിച്ചു.  ഏരിയ പ്രസിഡന്റ്‌ പി എസ് ശശിധരൻ സമ്മേളനത്തിന് ആദ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ ടി ആർ ശിവദാസ് സ്വാഗതവും, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ റെജി രക്തസാക്ഷി പ്രമേയവും, എം എച് ഷനീർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.  ഏരിയ സെക്രട്ടറി ജോയി ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷർളി മാത്യു, ജില്ലാ കമ്മിറ്റി അംഗം കെ ജെ അനിൽകുമാർ, ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സിജി നോബിൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ - പ്രസിഡന്റ്‌ : ടിഎസ് സ്നേഹധനൻ, വൈസ് പ്രസിഡന്റ്‌ : ടി മുരളി, എം എച് ഷനീർ, മിനി ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി : സിഎം സിറിയക്ക്, ജോയിന്റ് സെക്രട്ടറി : ടി എസ് സിജു, വികെ മോഹനൻ, സിജി നോബിൾ, ട്രെഷറർ : പിഎസ് ശശിധരൻ അടങ്ങുന്ന 30 അംഗ കമ്മിറ്റി.

പ്രാദേശികം

ദിലീപ് കേസുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

ഈരാറ്റുപേട്ട: പി.സി.ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. നടന്‍ ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടെന്ന് വരുത്താന്‍ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രമുഖരുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന. പി.സി.ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ പേരിലുള്ള സ്ക്രീന്‍ ഷോട്ടുകളും പ്രചരിച്ചിരുന്നു. ഇത് അയച്ചത് ഷോണിന്റെ നമ്പറില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതി വാങ്ങിയാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. ദിലീപിന്റെ സഹോദരനുമായി ഷോണ്‍ സംസാരിച്ചതിന്റെ പേരിലാണ് റെയ്ഡെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ടയിൽ ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: സംരംഭക വർഷം 2022- 23ന്റെ  ഭാഗമായി താലൂക്ക് വ്യവസായ ഓഫീസ് മീനച്ചിലിന്റെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യാപാര ഭവൻ ഹാളിൽ വച്ച്  ലോൺ ലൈസൻസ് സബ്സിഡി മേള സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ  സുഹറ അബ്ദുൾഹാദർ മേള ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈരാറ്റുപേട്ട ബ്ലോക്ക് വ്യവസായ വികസന ഓഫീസർ നിഷാമോൾ എ.വി. മുഖ്യപ്രഭാഷണം നടത്തി. എസ്.ബി.ഐ., ഫെഡറൽ ബാങ്ക്, കേരളാ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, മീനച്ചിൽ ഈസ്റ്റ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്ക്, ഈരാറ്റുപേട്ട അർബൻ സൊസൈറ്റി എന്നിങ്ങനെ എട്ടോളം ബാങ്കുകളും കുടുംബശ്രീ, എൻ.യു.എൽ. എം., എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഫിഷറീസ്, കേരള പിന്നോക്ക വികസന കോർപ്പറേഷൻ, കെ.എഫ്.സി., മുൻസിപ്പാലിറ്റി ഹെൽത്ത് സെക്ഷൻ, വ്യവസായ വകുപ്പ്, ഫിഷറീസ് വകുപ്പുകളുടെ ഉദ്യോഗസ്ഥരും എസ്.സി., എസ്.ടി. പ്രമോട്ടഴ്സും പങ്കെടുത്തു. 150 ഓളം പേർ പങ്കെടുത്ത മേളയിൽ വെച്ച് ലോൺ, ലൈസൻസ്, സബ്സിഡി എന്നിവ വിതരണം  ചെയ്യുകയുണ്ടായി. സംരംഭം തുടങ്ങാൻ ആവശ്യമായ ലൈസൻസുകളും മറ്റ് അനുബന്ധ ഡിപ്പാർട്ട്മെന്റ്കളുടെ സഹായവും മേളയിൽ വെച്ച് തന്നെ ലഭ്യമാക്കുകയുണ്ടായി. വ്യവസായ വകുപ്പും ഈരാറ്റുപേട്ട  മുൻസിപ്പാലിറ്റിയും ചേർന്ന് സംഘടിപ്പിച്ച  മേള ഒരു വൻ വിജയമായിരുന്നു എന്ന് ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ അറിയിച്ചു.

പ്രാദേശികം

വനിതകളുടെ അഭിമുഖ്യത്തിൽ പായസോത്സവം സംഘടിപ്പിച്ചു

പൂഞ്ഞാർ: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പൂഞ്ഞാർ ഏരിയ സമ്മേളനം ഓഗസ്റ്റ് 28 ഞായറാഴ്ച പൂഞ്ഞാർ തെക്കേക്കരയിൽ നടക്കുന്നതിനോട് അനുബന്ധിച്ചു തെക്കേക്കര മേഖല കമ്മിറ്റി പായസോത്‌സവം സംഘടിപ്പിച്ചു. എ.ഐ.ഡി.ഡബ്ലു  സംസ്ഥാന കമ്മിറ്റിയംഗം  രമാ മോഹൻ പായസോത്സവം ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ മുഖ്യധാരയുടെ വക്താക്കളാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തന വിജയം തന്നെയായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. സി.പി.ഐ.എം ഏരിയ കമ്മിറ്റിയംഗം ടി.എസ് സ്നേഹാധരൻ , ലോക്കൽ സെക്രട്ടറി ടി.എസ്‌ സിജു , നിഷ സാനു, ബിന്ദു സുരേന്ദ്രൻ , രാജി വിജയൻ, ബീന മധുമോൻ , ജോസ്ന ജോസ് , ദേവസ്യാച്ചൻ വാണിയപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

സ്ത്രീകൾക്കായുള്ള 'ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി'; ധനസഹായം നൽകുന്നു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട 'മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി , ജൈന, എന്നീ ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിധവ/വിവാഹബന്ധം വേർപ്പെടുത്തിയവർ / ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ഒരു വീടിൻറെ അറ്റകുറ്റപ്പണികൾക്ക് 50,000/-  രൂപയാണ് ധനസഹായം. വീടിൻറെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റ് . അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകരായിരിക്കണം. ബിപിഎൽ , ശാരീരിക മാനസിക വെല്ലുവിളി, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക എന്നിവർക്കു മുൻഗണന. പത്തുവർഷത്തിനുള്ളിൽ ഭവന പുനരുദ്ധാരണത്തിന് സഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറം കളക്ടറേറ്റിൽ നിന്നോ http://www.minoritywelfre.kerala.gov.in  എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കും പൂരിപ്പിച്ച അപേക്ഷകൾ, അനുബന്ധ രേഖകൾ സഹിതം കലക്ട്രേറ്റിലെ ന്യൂനപക്ഷ സെല്ലിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ന്യൂനപക്ഷ ക്ഷേമ, സെക്ഷൻ ജില്ലാ കളക്ടറേറ്റ് കോട്ടയം, എന്ന വിലാസത്തിൽ തപാൽ മുഖാന്തരം അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022/8/ 30. കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റിലെ  0481-2562201 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഈരാറ്റുപേട്ട നഗരസഭാ സെക്രട്ടറി അറിയിക്കുന്നു.