വഖഫ് നിയമ ഭേദഗതി പിൻവലിക്കുക; പ്രതിഷേധ സംഗമം14 ന്
ഈരാറ്റുപേട്ട: വഖഫ് നിയമ ഭേദഗതി ബില്ല് പിൻവലിക്കുക എന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങി സംയുക്ത മഹല്ല് ജമാഅത്ത് ഏകോപന സമിതി. ഭരണ ഘടനാ ശിൽപിയും പ്രമുഖ നിയമ പണ്ഡിതനുമായ അംബേദ്കറിന്റെ ജന്മദിനമായ ഏപ്രിൽ 14 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ഈരാറ്റുപേട്ട തെക്കേക്കര മുഹിയദ്ദീൻ മസ്ജിദ് അങ്കണത്തിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ എം.പി, എം.എൽ.എമാർ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക മതനിരപേക്ഷ ജനാധിപത്യ ചേരിയിലെ പ്രമുഖരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. ഭാരതത്തിലെ മതന്യൂനപക്ഷ മുസ്ലിം ജനകോടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടതെന്ന് യോഗം ആരോപിച്ചു. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുമായി സഹകരിക്കാനും നിയമ പോരാട്ടങ്ങളിൽ കക്ഷി ചേരാനും തീരുമാനിച്ചു. ഈ മാസം 10 ന് വ്യാഴാഴ്ച 7 മണിക്ക് പുതുപ്പള്ളി മഖാം ഓഡിറ്റോറിയത്തിൽ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനാ നേതാക്കളുടെയും മസ്ജിദ് പരിപാലകരുടെയും യോഗം ചേരുന്നതിനും തീരുമാനിച്ചു. മുഹമ്മദ് നദീർ മൗലവി, മുഹമ്മദ് സക്കീർ, ഇമാം മുഹമ്മദ് സുബൈർ മൗലവി, ഇമാം അഷറഫ് കൗസരി, അഫ്സാർ പുള്ളോലിൽ, സാലി നടുവിലേടത്ത്, പരിക്കൊച്ച് മോനി, അൻസാരി പി.എച്ച്., പി.എസ്. ഷഫീക്ക്, വഹാബ് പേരകത്തു ശ്ശേരി, സലീം കിണറ്റിൻ മൂട്ടിൽ, അഡ്വ എ.എസ്. സലീം, പി.ടി. ബഷീർകുട്ടി എന്നിവർ പങ്കെടുത്തു.