വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

*'കണക്റ്റിംഗ് ഖുർആൻ'* ഫാമിലി മീറ്റും ഇഫ്താറും ഹൃദ്യമായി

ഈരാറ്റുപേട്ട: സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന കണക്റ്റിംഗ് ഖുർആൻ ക്യാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട ഏരിയ ഫാമിലി മീറ്റും ഇഫ്താറും സംഘടിപ്പിച്ചു. ഞായറാഴ്ച്ച അൽമനാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എരുമേലി ഹിറാമസ്ജിദ് ഇമാം സാജിദ് നദ്‌വി വിഷയമവതരിപ്പിച് സംസാരിച്ചു. പ്രശ്നോത്തരി 'അറിവുണർത്തൽ' ഹാഷിം കെ.എച്ച് നയിച്ചപ്പോൾ, കുട്ടികൾക്കായി ഹസീന ടീച്ചർ പ്രത്യേക സെഷൻ നടത്തി. സോളിഡാരിറ്റി ഏരിയാ പ്രസിഡൻ്റ് നൂർസമീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്ഫാ യാസിർ ഖിറാഅത്തും സെക്രട്ടറി വി.എം ബാദുഷ സ്വാഗതവും പറഞ്ഞു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് അർഷദ് പി അഷറഫ്, ജമാ അത്തെ ഇസ്ലാമി ഏരിയാ പ്രസിഡൻ്റ് അവിനാഷ് മൂസ എന്നിവർ പ്രസംഗിച്ചു.  ഇഫ്താറോട് കൂടി പ്രോഗ്രാം സമാപിച്ചു. റമീസ് പി.എസ്, അൻവർ പി.ച്, സിയഉൾ ഹഖ്, മാഹിൻ ഹിബ എന്നിവർ നേതൃത്വം നൽകി...

പ്രാദേശികം

*അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി രസതന്ത്ര ശില്പശാല*

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിലെ രസതന്ത്ര വിഭാഗം, +2 സയൻസ് വിദ്യാർത്ഥികൾക്കായി 2025 മാർച്ച് 27 ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ "ബ്രേക്കിംഗ് ബോണ്ട്സ് & മേക്കിംഗ് വണ്ടേഴ്സ്: ദി പവർ ഓഫ് കെമിസ്ട്രി" എന്ന ആവേശകരമായ രസതന്ത്ര വർക്ക്ഷോപ്പ് നടത്തുന്നു.രസതന്ത്ര പഠനത്തിനുള്ള തൊഴിൽ അവസരങ്ങളെയും സ്കോളർഷിപ്പുകളെയും കുറിച്ചുള്ള സെമിനാർ, രസകരമായ രസതന്ത്ര പരീക്ഷണങ്ങളെക്കുറിച്ചുള്ള പ്രായോഗിക പരിശീലനം, രസതന്ത്ര തീം ഗെയിമുകൾ, ആകർഷകമായ സമ്മാനങ്ങളോടെ ട്രഷർ ഹണ്ട് എന്നിവ ഉണ്ടായിരിക്കും.

പ്രാദേശികം

പൂഞ്ഞാർ സഹകരണബാങ്ക്: ഭരണസമിതിയെയും സെക്രട്ടറിയേയും പിരിച്ചുവിട്ടത് ഹൈക്കോടതി റദ്ദ് ചെയ്തു

ഈരാറ്റുപേട്ട: 2018 ഡിസംബർ മാസത്തിൽ തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ പൂഞ്ഞാർ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയെ എല്ലാ നിയമങ്ങളും ലംഘിച്ച് പിരിച്ച് വിട്ട് അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ കോട്ടയം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ നടപടിയും തുടർന്ന് 2019 മെയ് മാസം 31-ാം തീയതി റിട്ടയർ ചെയ്ത സെക്രട്ടറി ചാൾസ് ആൻ്റണിയെ 2019 ജൂൺ മാസം 3-ാം തീയതി 31.05.2019 തീയതി വെച്ച്, നിലവിൽ പാലിക്കേണ്ട നടപടിക്രമങ്ങളും നിയമങ്ങളും ലംഘിച്ച് പിരിച്ച് വിട്ട അഡ്മിനിസ്ട്രേറ്ററുടെ നടപടിയും കേരള ഹൈക്കോടതി റദ്ദു ചെയ്‌ത് ജസ്റ്റീസ് ഹരിശങ്കർ വി. മേനോൻ ഉത്തരവായി. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രമുഖ സഹകരണബാങ്കായ പൂഞ്ഞാർ സർവ്വീസ് സഹകരണബാങ്ക് 2008 മുതൽ ഭരണം നടത്തിയിരുന്നത് അന്നത്തെ ജനപക്ഷം, കോൺഗ്രസ്, കേരള കോൺഗ്രസ്(എം) മുന്നണിയായിരുന്നു. 2008-ൽ വന്ന ഭരണസമിതി നഷ്ടത്തിൽ ആയിരുന്ന ബാങ്കിനെ ലാഭത്തിൽ ആക്കി 25% ലാഭവിഹിതം നൽകി വന്നിരുന്നു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലായീസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയും സഹകരണ പെൻഷൻ ബോർഡിലെ ജീവനക്കാരുടെ പ്രതിനിധിയും ആയിരുന്നു ചാൾസ് ആന്റണി. ഹർജിക്കാർക്ക് വേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. ജോർജ് പൂന്തോട്ടം, അഡ്വ. പി.വി. ബേബി എന്നിവർ ഹാജരായി.

പ്രാദേശികം

രാജ്യത്തിൻ്റെ ഭരണനിർവഹണ പ്രക്രിയയിൽ നിന്നും യുവജനങ്ങൾ പിൻമാറുന്നത് അപകടകരം. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

അരുവിത്തുറ : രാജ്യത്തിൻ്റെ ഭരണ നിർവഹണ സംവിധാനങ്ങളിൽ നിന്നും യുവജനങ്ങൾ പിൻമാറുകയാണെന്ന് സെബാസ്റ്റാൻ കുളത്തുങ്കൽ എം എൽ എ പറഞ്ഞു. രാഷ്ട്രീയത്തിലെ മോശം പ്രവണതകളിൽ യുവജനങ്ങൾ അസംതൃപ്തരാണ്. ജനാധിപത്യ ഭദ്രതയെ വർഗ്ഗീയതയും പണാധിപത്യവും ഹൈജാക്കു ചെയ്യുമ്പോൾ യുവജനങ്ങളാണ് ഇതിനുള്ള മറുപടിനൽ കേണ്ടതെന്നും അദ്ധേഹം പറഞ്ഞു.  അരുവിത്തുറ സെന്റ് ജോർജസ് കോളേജ് പൊളിറ്റിക്സ് വിഭാഗം സംഘടിപ്പിച്ച നാഷണൽ യൂത്ത് പാർലമെൻറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . നിയമസഭയുടെ നടപടിക്രമങ്ങളും, കീഴ് വഴക്കങ്ങളും അദ്ധേഹം വിശദീകരിച്ചു. 2025 ലെ റിപ്പബ്ളിക്ക് ദിന പരേഡിൽ പങ്കെടുത്ത അൽഫോസ അലക്സിനെ അദ്ദേഹം ആദരിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ തോമസ് പുളിക്കൻ, അദ്ധ്യാപകരായ സിറിൾ സൈമൺ, അനിറ്റ്‌ ടോം തുടങ്ങിയവർ സംസാരിച്ചു. പാർലമെൻ്റിലെ ചോദ്യ ഉത്തര വേളയും, സഭാ നടപടികളും, ചർച്ചകളും, വാകൗട്ടുമെല്ലാം മനോഹരമായി അവതരിപ്പിച്ച പാർലമെൻ്റ് സമ്മേളനത്തിൽ വിദ്യാഭ്യാസ ബില്ലും അടിയന്തര പ്രമേയങ്ങളും അവതരിപ്പിച്ചു.

പ്രാദേശികം

⭕ പ്രവിത്താനത്തിന് സമീപം സ്‌കൂട്ടറിൽ കാറിടിച്ച് ഈരാറ്റുപേട്ട സ്വദേശിയായ ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരം.

പ്രവിത്താനത്തിന് സമീപം സ്‌കൂട്ടറിൽ കാറിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരം. പ്രവിത്താനം പ്ലാശനാൽ റോഡിൽ പള്ളിക്ക് സമീപം രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു . ഈരാറ്റുപേട്ട സ്വദേശി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന ഇബ്രാഹിം സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാൾ ഗുരുതര പരിക്കുണ്ട്. കാൽ ഒന്നിലധികം ഭാഗത്ത് ഒടിഞ്ഞു. തലയ്ക്കും ഗുരുതര പരിക്കുണ്ട്. ഇരുവരെയും പാലാ ജനറലാശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. സ്കൂട്ടർ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് കാർ ഡ്രൈവർ പറയുന്നത്. ഇയാൾ വെൺമണി സ്വദേശിയാണ്. ഭര ണങ്ങാനത്തേയ്ക്ക് പോകുംവഴിയാണ് അപകടം. ഇടിയെ തുടർന്ന് നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്ററിലും ഇടിച്ചുകയറി.

പ്രാദേശികം

തലപ്പലത്തിന് സമീപം പ്ലൈവുഡ് ലോറി മറിഞ്ഞ് അപകടം, ഡ്രൈവർക്ക് പരിക്ക്

തലപ്പലം: തലപ്പലത്തിന് സമീപം പ്ലൈവുഡുമായി പോയ ലോറി മറിഞ്ഞ് അപകടം. പ്ലാശനാൽ കയ്യൂർ റോഡിൽ അഞ്ഞൂറ്റിമംഗലത്തിന് സമീപമാണ് പുലർച്ചെ ഒരു മണിയോടെ അപകടമുണ്ടായത്. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു.വലിയകാവുംപുറത്തെ പ്ലൈവുഡ് കമ്പനിയിൽ നിന്നും ലോഡുമായി പുറത്തേയ്ക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം. നാഷണൽ പെർമിറ്റ് ലോറിയുടെ നിയന്ത്രണം നഷ്ടമായതോടെ ഡ്രൈവർ സൈഡിൽ ഇടിപ്പിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകൾ തകർത്ത് സമീപത്തെ കൈതത്തോട്ടത്തിലേക്ക് ലോറി മറിയുകയായിരുന്നു. ഒരു വശത്തേക്ക് മറിഞ്ഞ ലോറിയിൽ നിന്നും കെട്ടുപൊട്ടി പ്ലൈവുഡ് പ്രദേശമാകെ ചിതറി വീണു.ചെങ്കുത്തായ ഇറക്കത്തിൽ റോഡരികിൽ നിരവധി വീടുകൾ ഉണ്ടങ്കിലും വീടുകളിലേക്ക് പതിക്കാതിരുന്നത് വൻ അപകടം ഒഴിവാക്കി. അപകടത്തിനു ശേഷം എത്തിയ പോലീസും ഫയർ ഫോർസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റ ഡ്രൈവറെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചത്.

പ്രാദേശികം

ടീം എമർജൻസി ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ഇഫ്താർ സംഗമവും നടത്തി

ഈരാറ്റുപേട്ട: ടീം എമർജൻസി കേരളയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും ഇഫ്താർ സംഗമവും പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഷറഫ് കുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അഡ്വ. സുഹൈൽ ഖാൻ സ്വാഗതം ആശംസിച്ചു. ഇഫ്താർ സംഗമം പൂഞ്ഞാർ എം.എൽ.എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.  ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ ഐ.ആർ.എസ് മുഖ്യപ്രഭാഷണം നടത്തി. ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ നിർവഹിച്ചു. പ്രശസ്ത സിനി ആർട്ടിസ്റ്റ് കുമാരി മീനാക്ഷി അനൂപ് മുഖ്യ അതിഥിയായിരുന്നു. സാമൂഹിക പ്രവർത്തകൻ ഈപ്പച്ചൻ അത്യാലിയിൽ, ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് സക്കീർ, ടീം എമർജൻസി രക്ഷാധികാരി ജോഷി മുഴിയാങ്കൽ, നാസർ കല്ലാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ മദ്രസ വിദ്യാഭ്യാസ ബോർഡിൽ ഉന്നത വിജയം കരസ്ഥമാക്കിയ എമർജൻസി പ്രവർത്തകൻ ഖലീൽ കൊല്ലം പറമ്പിലിന്റെ മകൾ ആൽഫാ ഹലീലിന് ജ്യോതിസ് മോഹൻ ഐ.ആർ.എസ് ഉപഹാരം സമർപ്പിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ഇഫ്താർ ചടങ്ങിൽ ട്രഷറർ ആരിഫ് നന്ദി അറിയിച്ചു.

പ്രാദേശികം

ഓട്ടോക്കാരൻ ചെങ്ങായി പദ്ധതിയുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട :ദിവസവും നൂറുകണക്കിന് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും, പല അടിയന്തരസാഹചര്യങ്ങളിലും മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ചെങ്ങായ്മാരാണ് നമ്മുടെ ഓട്ടോ ഡ്രൈവേഴ്സ്. ഈ ചെങ്ങായിമാരുടെ ആരോഗ്യവും കുടുംബ സുരക്ഷയും മുൻനിർത്തി "ഓട്ടോക്കാരൻ ചെങ്ങായി" പദ്ധതി അവതരിപ്പിചിരിക്കുകയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ    സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷെഫ്‌ന അമീൻ "ഓട്ടോക്കാരൻ ചെങ്ങായി" പദ്ധതി യുടെ ഉദ്ഘാടനം നിർവഹിച്ചു. ഓട്ടോ ഡ്രൈവേഴ്‌സിനും അവരുടെ കുടുംബാങ്ങങ്ങൾക്കും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളെയും സേവനങ്ങളെയും കുറിച്ച് ഹോസ്പിറ്റൽ ജനറൽ മാനേജർ ശ്രീ. അബീഷ് ആദിത്യൻ വിശദീകരിച്ചു.      തുടർന്ന് നടന്ന യോഗത്തിൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം കൺസൾട്ടന്റായ ഡോ. ബെൻ ബാബു വിന്റെ നേതൃത്ത്വത്തിൽ ഓട്ടോ ഡ്രൈവേഴ്‌സിനായി പ്രത്യേക BLS ക്ലാസ്സുകളും നടത്തപ്പെട്ടു.