വാഗമൺ: വാഗമണ്ണിൽ വിനോദയാത്രയ്ക്കെത്തിയ ഈരാറ്റുപേട്ട സ്വദേശികളായ കുടുംബത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നുവെന്ന് പരാതി. ഭിന്നശേഷിക്കാരിയെയും കുട്ടികളെയുമടക്കം ക്രൂരമായി മർദ്ദിച്ചിട്ടും പ്രതികളെ പിടികൂടാൻ പോലീസ് തയാറാകാത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
ആക്രമണക്കേസിലെ പ്രതികൾ മുൻകൂറായി ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം കോടതി അത് തള്ളിരുന്നു. തൊടുപുഴ സെഷൻസ് കോടതിയിലാണ് പ്രതി ചേർക്കപ്പെട്ടവരായ ക്രിസ്റ്റി ഭാഗ്യരാജ് (24), കണ്ണൻ (26), അജിത് കുമാർ (24), സുരേഷ് (55) എന്നിവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ജാമ്യം നിഷേധിക്കപ്പെട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറാകാത്തത് അവർക്ക് പോലീസ് സംരക്ഷണം ലഭിക്കുന്നു എന്നതിന്റെ തെളിവാണെന്ന് ആരോപണമുയരുന്നു.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വിനോദസഞ്ചാര മേഖലയിലെ ക്രമസമാധാന പാലനം ഗുണ്ടാ സംഘങ്ങൾക്ക് വിട്ടുനൽകിയ അവസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായില്ലെങ്കിൽ, അക്രമികളെ സംരക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളും പ്രതിഷേധങ്ങളും ശക്തമാക്കുമെന്ന് ഇരയാക്കപ്പെട്ട കുടുംബം അറിയിച്ചു. വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം സംഭവങ്ങളിൽ പോലീസ് തുടരുന്ന നിഷ്ക്രിയത്വം വിനോദസഞ്ചാര മേഖലയ്ക്ക് തന്നെ വലിയ കളങ്കമാണ് ഉണ്ടാക്കുന്നത്.ഈ വിഷയത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും അടിയന്തരമായ ഇടപെടൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കുടുംബവും.









