തിരുവനന്തപുരം വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന്റെ കുതിപ്പും ഇടതിന്റെ കിതപ്പുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 18 വരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂർ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്. 2019 ൽ നിന്ന് വ്യത്യസ്തമായി എൻഡിഎയുടെ രണ്ട് സ്ഥാനാർത്ഥികളാണ് കേരളത്തിൽ മുന്നിട്ട് നിൽക്കുന്നത്. തിരുവനന്തപുരത്തും തൃശൂരും ബിജെപി സ്ഥാനാർത്ഥികളാണ് മുന്നിട്ട് നിൽക്കുന്നത്. തുടക്കം മുതൽ ലീഡ് നില ഉയർത്തിയാണ് തൃശൂരിൽ സുരേഷ് ഗോപി മുന്നേറുന്നത്. ഈ ട്രെന്റിനെ പിടിച്ചുകെട്ടാൻ വി എസ് സുനിൽ കുമാറിനോ കെ മുരളീധരനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേ രീതിയിൽ തുടർന്നാൽ തൃശൂരില്‍ സുരേഷ് ഗോപിക്ക് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാനാകും.
കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ട്രെന്റാണ് ബിജെപിയുടെ മുന്നേറ്റം. അതേസമയം എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥി കെ എസ് രാധാകൃഷ്ണൻ രണ്ടാമതുള്ളതൊഴിച്ചാൽ ബാക്കി 17 മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്താണ്. എന്നാല്‍ കോൺഗ്രസ് സ്ഥാനാർത്ഥികൾ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
തിരുവനന്തപുരത്ത് സിറ്റിങ് എംപി ശശി തരൂരിനെ പിന്നിലാക്കി രാജീവ് ചന്ദ്രശേഖർ മുന്നിൽ നിൽക്കുകയാണ്. തുടക്കം മുതൽ രാജീവ് ചന്ദ്രശേഖറും തരൂരും മാറി മാറി ലീഡ് ഉയർത്തുന്ന കാഴ്ചയാണ് മണ്ഡലത്തിൽ ഉള്ളത്. ആറ്റിങ്ങലിൽ അടൂർ പ്രകാശും പത്തനംതിട്ടയിൽ ആന്റോ ആന്റണിയും മുന്നിലാണ്. കൊല്ലത്ത് വ്യക്തമായ ലീഡോടെ എൻ കെ പ്രേമചന്ദ്രൻ മുന്നിലാണ്. ആലപ്പുഴയിൽ കെ സി വേണുഗോപാൽ 10000ന് പുറത്ത് ലീഡ് ഉയർത്തിയിരിക്കുകയാണ്. ഇടതിന്റെ ഏക സിറ്റിങ് എംപി എ എം ആരിഫ് ബഹുദൂരം പിന്നിലാണ്. രണ്ടാമതുണ്ടായിരുന്ന ശോഭ മൂന്നാമതായി.
കോട്ടയത്ത് ഫ്രാൻസിസ് ജോർജ് മുന്നിലാണ്. ഇടുക്കിയിൽ 40000 ന് മുകളിൽ ഭൂരിപക്ഷത്തിലാണ് ഡീൻ കുര്യാക്കോസ് മുന്നിട്ട് നിൽക്കുന്നത്. തുടക്കം മുതൽ ഡീൻ ലീഡ് നിലനിർത്തിയിരുന്നു. എറണാകുളത്ത് 50000 ന് മുകളിൽ വോട്ടിന് മുന്നിലാണ് ഹൈബി ഈഡൻ. ചാലക്കുടിയിൽ ബെന്നി ബെഹ്നാനും പൊന്നാനിയിൽ ഡോ. അബ്ദുൾ സമദ് സമദാനിയും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും വലിയ മുന്നേറ്റമാണ് നടത്തുന്നത്. മലപ്പുറം മുസ്ലിം ലീഗിന്റെ കോട്ടയാണെന്ന് ആവർത്തിക്കുന്നതാണ് ഇരു മണ്ഡലത്തിലേയും സ്ഥാനാർത്ഥികളുടെ മുന്നേറ്റം.
പാലക്കാട് വി കെ ശ്രീകണ്ഠൻ, കോഴിക്കോട് എം കെ രാഘവൻ, വടകരയിൽ ഷാഫി പറമ്പിൽ, കണ്ണൂരിൽ കെ സുധാകരൻ, കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ മുന്നിലാണ്. വയനാട്ടിൽ രാഹുൽ ഗാന്ധി 80000ന് മുകളിൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്. യുഡിഎഫിന്റെ മൂന്ന് സിറ്റിങ് എംപിമാര്‍ പിന്നിലാകുന്നതാണ് ഇപ്പോൾ തെളിയുന്ന ചിത്രം, ആലത്തൂരിൽ രമ്യ ഹരിദാസും തിരുവനന്തപുരത്ത് ശശി തരൂരും തൃശൂരിൽ കെ മുരളീധരനും പിന്നിലാണ്. തൃശൂരിൽ മുരളീധരൻ മൂന്നാം സ്ഥാനത്താണെന്നതാണ് ഇതിലേറ്റവും ശ്രദ്ധേയം.
➖➖➖➖➖➖➖➖➖➖