വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; മൂവായിരത്തിലധികം ആളുകളെ മാറ്റി; ജാഗ്രതാ നിര്‍ദേശം

തൊടുപുഴ:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോള്‍ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.പെരിയാര്‍, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇന്നലെ രാത്രി 8 മണിക്ക് മുന്‍പ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ജില്ലാ കലക്ടര്‍ വി വിഗ്‌നേശ്വരി റവന്യൂ, പൊലീസ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ക്കായി ഇരുപതിലധികം ക്യാംപുകള്‍ ഒരുക്കിയതായും കലക്ടര്‍ അറിയിച്ചിരുന്നു. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പകല്‍ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്‌നാടിനോട് അഭ്യര്‍ഥിച്ചതായും കലക്ടര്‍ അറിയിച്ചു.ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം തയ്യാറാണ് വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആണ്. റവന്യൂ, പൊലീസ് അധികാരികളുടെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു

കേരളം

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍ അല്ലെങ്കില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതോ ഉപേക്ഷിക്കപ്പെട്ടതോ ആയ സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്ന ഈ പദ്ധതിയിലേക്ക് മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി ജൈന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന മേല്‍പ്പറഞ്ഞ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ശരിയായ ജനലുകള്‍/വാതിലുകള്‍/മേല്‍ക്കൂര/ഫ്‌ളോറിംങ് ഫിനിഷിംങ്/പ്ലംബിംങ്/സാനിറ്റേഷന്‍/ ഇലക്ട്രിഫിക്കേഷന്‍ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. ഈ തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം അല്ലെങ്കില്‍ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 ചതുരശ്രയടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന ലഭിക്കും. അപേക്ഷകയ്‌ക്കോ, അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള, അല്ലെങ്കില്‍ മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവര്‍ക്കും മുന്‍ഗണന നല്‍കും. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്. പുരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ നല്‍കാം. അപേക്ഷാ ഫോം https://minoritywelfare.kerala.gov.in/ എന്ന വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.

കേരളം

വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും

കൽപറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലും ശക്തമായ മലവെള്ളപ്പാച്ചിലും. നേരത്തെ ഉരുൾപൊട്ടലുണ്ടായ വെള്ളരിമലയിലാണ് ഉരുൾപൊട്ടിയതെന്നാണ് സൂചന.ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. വലിയ കല്ലുകൾ ഒഴുകി വരികയാണ്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്.

കേരളം

സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നതെന്നും ഇതിന് ഉദാഹരമായാണ് ഇന്നലെ രാത്രിയിൽ തിരുവനന്തപുരം തമ്പാനൂരിൽ എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ ആക്രമണമെന്നും എബിവിപി പ്രസ്താവനയിൽ പറഞ്ഞു

കേരളം

പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം, പൊതുജനങ്ങള്‍ക്കുള്ളതല്ലെന്ന് ഹൈക്കോടതി ഉത്തരവ്

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നാണ് നിലപാട്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹർജിക്കാർ വാദിച്ചു. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ വരുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പമ്പിലെ ശുചിമുറികൾ പരിമിതപ്പെടുത്തണമെന്ന ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. പെട്രോൾ പമ്പുകളുടെ സുരക്ഷ മുൻനിർത്തിയാണ് ഉത്തരവ്. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ്‌ കേസ് പരിഗണിച്ചത്.

കേരളം

ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം

താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി.ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.ജസ്റ്റിസ് ബെച്ചു കുര്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്.50,000 രൂപ ബോണ്ട് കെട്ടിവെക്കാനും, സാക്ഷികളെ സ്വാധീനിക്കരുതെന്നും ജാമ്യ വിധിയിൽ നിർദേശമുണ്ട്.

കേരളം

കോവിഡ് ; ജാഗ്രത വേണം, മറ്റ് രോഗമുള്ളവരും പ്രായമായവരും മുൻകരുതൽ എടുക്കണം:

പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കോവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വന്‍സിങ് നടത്തി വരുന്നുവെന്നും മന്ത്രി അറിയിച്ചു ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്‌സ്എഫ്ജി ആണ് കേരളത്തില്‍ കൂടുതലായി കണ്ടുവരുന്നത്. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗവ്യാപന ശേഷി കൂടുതലാണ്. സംസ്ഥാനത്ത് നിലവില്‍ 2223 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 96 പേരാണ് ചികിത്സയിലുള്ളത്. അവരില്‍ ഭൂരിപക്ഷം പേരും മറ്റ് രോഗങ്ങളുള്ളവരാണ്. എറണാകുളം ജില്ലയില്‍ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി. കോവിഡ് കാരണം അനാവശ്യമായി രോഗികളെ സ്വകാര്യ ആശുപത്രികള്‍ റഫര്‍ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കി. ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ചോ സാനിറ്റെസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം. ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. പ്ലാന്റേഷന്‍ ഏരിയകളില്‍ ഡെങ്കിപ്പനി വ്യാപനം കാണുന്നതിനാല്‍ ശ്രദ്ധിക്കണം. പ്ലാന്റേഷനുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.പൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടിസ് നല്‍കി നടപടി സ്വീകരിക്കുന്നതാണ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ പ്രതിരോധത്തിനായി മൈക്രോപ്ലാന്‍ അനുസരിച്ച് കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. എലിപ്പനിയ്‌ക്കെതിരെ നിരന്തര ജാഗ്രത വേണം. മലിനജലത്തിലിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം. രക്ഷാപ്രവര്‍ത്തനത്തിലിറങ്ങിയവര്‍ ഉള്‍പ്പെടെ പ്രത്യേകം ശ്രദ്ധിക്കണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പൊതുജനാരോഗ്യ നിയമ പ്രകാരം പരിശോധനകള്‍ നടത്തി കര്‍ശന നടപടി സ്വീകരിക്കണം.

കേരളം

തീപിടിച്ച കപ്പലിലെ ചരക്കുകളുടെ വിവരങ്ങൾ പുറത്തുവിട്ടു; 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകരമായ സാധനങ്ങൾ കപ്പൽ ചരിഞ്ഞു തുടങ്ങി

കൊച്ചി: കേരളത്തിൻ്റെ പുറം കടലിൽ തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. ആരുടെയും നിയ്രണത്തിലുമല്ല. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്.  കപ്പലിൽ നിന്ന് തീയും പുകയും ഇപ്പോഴും ഉയരുന്നുണ്ട്. ഫോർവേഡ് ബേയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണ്. കറുത്ത കട്ടിയുള്ള പുക ഇപ്പോഴും ഉയരുന്നുണ്ട്, കൂടുതൽ കണ്ടെയ്‌നറുകൾ വെള്ളത്തിലേക്ക് വീണിട്ടുണ്ട്. കണ്ടയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കപ്പൽ കമ്പനി സംഘം സ്ഥലത്തേക്ക് രാവിലെ തിരിച്ചു. തീപിടിക്കുന്നതും, വെള്ളവുമായി കലർന്നാൽ അപകടരമാകുന്നതുമായ രാസവസ്തുക്കൾ കപ്പലിലുണ്ടെന്ന് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. കപ്പൽ അപകടത്തിൽ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 6 പേരിൽ 2 പേരുടെ നില ഗുരുതരം. അപകടത്തിന്റെ ആഘാതം കുറച്ചത് നേവിയും കോസ്റ്റ് ഗാർഡും നടത്തിയ മിന്നൽ നീക്കങ്ങളാണ്. മൂന്നാഴ്ചക്കിടെ 2 വൻ കപ്പൽ ദുരന്തങ്ങളുണ്ടായതോടെ കേരളതീരം നേരിടുന്നത് സമാനതകളില്ലാത്ത പാരിസ്ഥിതിക ഭീഷണിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കണ്ടെയ്നറുകളിൽ ഉള്ള ടൺ കണക്കിന് കീടനാശിനികളും രാസ വസ്തുക്കളും കടലിൽ കലരുമെന്ന് ആശങ്കയുണ്ട്.