വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ജനങ്ങളുടെ ആ പ്രതീക്ഷയും മാഞ്ഞു സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടും; 13 സാധനങ്ങൾക്ക് വിലകൂട്ടാൻ മന്ത്രിസഭാ തീരുമാനം

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങൾക്ക് വില കൂട്ടാൻ മന്ത്രിസഭാ തീരുമാനം. നിലവിൽ സബ്സിഡിയുള്ള 13 ഇനം സാധനങ്ങളുടെ വില കൂടും. വിപണി വിലയിൽ 35% സബ്‌സിഡി നൽകി വില പുതുക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് വില വർധനയ്ക്ക് അംഗീകാരം നൽകിയത്. വിപണിയിൽ വലിയ വിലവരുന്ന മുളകിനും ഉഴുന്നിനുമെല്ലാം സപ്ലൈകോയിൽ വൻ വിലവർദ്ധനവാണ് ഉണ്ടാവുക. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്ക് വില കൂടും. വൻപയറിന് ഏഴ് രൂപ കൂടും. ചെറുപയറിന് പത്ത് രൂപയും ഉഴുന്നിന് 26 രൂപയും കറുത്ത കടലയ്ക്ക് അഞ്ച് രൂപയും തുവരപ്പരിപ്പിന് 47 രൂപയും കൂടും. 65 രൂപയാണ് നിലവിൽ തുവരപ്പരിപ്പിന് വില. ഇതോടെ സപ്ലൈകോയിൽ തുവരപ്പരിപ്പിന്റെ വില ഏകദേശം 112 രൂപയാകും.

കേരളം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു

മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പാമ്പ് കടിയേറ്റത്.കുട്ടിയുടെ കരച്ചിൽ കേട്ടാണ് രക്ഷിതാക്കൾ പരിശോധിച്ചത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

കേരളം

വാഹന രജിസ്ട്രേഷന് കേരളത്തിൽ നികുതി കൂടുതൽ, പുനഃപരിശോധിക്കും -മന്ത്രി .

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ കോൺട്രാക്ട് കാര്യേജ് ബസുകൾക്കുള്ള നികുതി കൂടുതലാണെന്നും ഇക്കാര്യം പുനഃപരിശോധിക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ.50ൽ താഴെ ബസുകളേ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. നാഗാലാൻഡിൽ രജിസ്റ്റർ ചെയ്താൽ കുറഞ്ഞ നികുതിയേ ഉള്ളൂ. വലിയ നികുതി വരുമാനമാണ് കേരളത്തിന് ഇതുവഴി നഷ്ടപ്പെടുന്നത്. വിഷയം ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും.കെ.എസ്.ആർ.ടി.സിയുടെ കുത്തക റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സാന്നിധ്യം കുറവാണ്. ഇത്തരം റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി വ്യാപിപ്പിക്കും. കെ.എസ്.ആർ.ടി.സിക്കുവേണ്ടി മാറ്റിവെച്ച റൂട്ടുകളിൽ ജനങ്ങളെ അനാഥരാക്കി വിടാനാകില്ല. - ഗണേഷ് കുമാർ പറഞ്ഞു.  

കേരളം

കെഎസ്ആർടിസിയിൽ ചെലവ് ചുരുക്കൽ; തുനിഞ്ഞിറങ്ങി മന്ത്രി ഗണേഷ്

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ചെലവ് ചുരുക്കൽ നടപടിക്ക്  മന്ത്രി ഗണേഷ് കുമാറിന്റെ നിർദേശം. സ്പെയർ പാർട്സ് വാങ്ങലിൽ ദീർഘകാല കരാറുകൾ ഒഴിവാക്കും. നിയമനം ഇനി കൂടുതലും ഡ്രൈവർ കണ്ടക്ടർ തസ്തികകളിലായിരിക്കും. മിനിസ്റ്റീരിയൽ സ്റ്റാഫുകൾ അത്യാവശ്യത്തിനു മാത്രമായി ചുരുക്കും. ഗതാഗത മന്ത്രി വിളിച്ച യോഗത്തിലാണ് നിർദേശങ്ങൾ ഉയർന്നത്. ഒരാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് നല്കാൻ ഉദ്യോഗസ്ഥർക്ക്  മന്ത്രി നിർദേശം നൽകി  ജീവനക്കാർക്ക് ഒന്നാം തിയ്യതി തന്നെ ശമ്പളം ഉറപ്പാക്കാൻ മന്ത്രി ഗണേഷ് കുമാർ നിർദേശിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിന് പിന്നാലെ ഇന്നലെ മാളകത്തെ വീട്ടിലും യോഗം ചേർന്നിരുന്നു.  കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അപകടാവസ്ഥയില്‍നിന്ന് കരകയറ്റാനുള്ള പരമാവധി ശ്രമം ഉണ്ടാകുമെന്ന് മന്ത്രിയായതിന് പിന്നാലെ കെ ബി ഗണേഷ്കുമാര്‍ പറഞ്ഞിരുന്നു.  തൊഴിലാളികളും യൂനിയനുകളും സഹകരിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രി.

കേരളം

നാടെങ്ങും പുതുവത്സരാഘോഷം., 2024നെ വരവേറ്റ് ലോകവും;കേരളവും

തിരുവനന്തപുരം: നാടെങ്ങും പുതുവത്സരാഘോഷ ആഘോഷത്തിമിര്‍പ്പിലാണ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കിലമര്‍ന്നു. ലോകമെങ്ങും ന്യൂഇയര്‍ ആഘോഷത്തില്‍ ആറാടുമ്പോള്‍ രാജ്യത്തെ വിവിധയിടങ്ങളിലും കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലയിടത്തെയും പുതുവത്സരാഘോഷത്തില്‍ കടുത്ത സുരക്ഷാവലയമാണ് പൊലീസ് തീര്‍ത്തിരിക്കുന്നത്. ദില്ലിയിലും മുംബൈയിലുമെല്ലാം കടുത്ത നിയന്ത്രണങ്ങളോടെയാണ് പുതുവത്സരാഘോഷം നടക്കുന്നത്. പൊതു ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് പോലീസ് തടയുന്നുണ്ട്. രാജ്യത്തെമ്പെടും ആഘോഷപരിപാടികള്‍ പുരോഗമിക്കുകയാണ്.ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. പാട്ടും ഡാന്‍സുമൊക്കെയായി ജനങ്ങള്‍ ആഘോഷിക്കുകയാണ്. തിരുവനന്തപുരത്തെ മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം ആളുകളാണ് നിറഞ്ഞിരിക്കുകയാണ്. അലങ്കാര ദീപങ്ങളാല്‍ മനോഹരമാക്കിയ കനകക്കുന്നിലെത്തി ഫോട്ടോയെടുത്തും മറ്റു ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നുമാണ് ആളുകള്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ആഭ്യന്തര-വിദേശ സഞ്ചാരികളായ ആയിരങ്ങളാണ് കോവളത്ത് പുതുവര്‍ഷം ആഘോഷിക്കുന്നത്. ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി പുതുവത്സരാഘോഷം നടക്കുന്നുണ്ട്.

കേരളം

പിഎസ്‌എൽവി C58 കുതിച്ചുയർന്നു; പുതുവർഷത്തിൽ അറുപതാമത്തെ ഉപഗ്രഹവിക്ഷേപണവുമായി ഐഎസ്‌ആർഒ

പുതുവത്സര ദിനത്തിൽ അറുപതാമത്തെ ഉപഗ്രഹം വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. എക്സ്പോസാറ്റ് ഉപഗ്രഹവുമായി പിഎസ്എല്‍വി സി 58  രാവിലെ 9:10ന്  ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയര്‍ന്നു. ബഹിരാകാശ എക്സ്റേ സ്രോതസുകൾ പഠിക്കുകയാണ് എക്‌സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐഎസ്ആർഒയും ബംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് രൂപകൽപന. ബഹിരാകാശത്തെ നാൽപതോളം എക്സ്റേ സ്രോതസുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി. അമേരിക്കയ്ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് വിക്ഷേപണമാണ് എക്സ്പോസാറ്റിന്റേത്.

കേരളം

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്. ഡാമിലെ ജലനിരപ്പ് 139. 90 അടിയിലെത്തി. നീരൊഴുക്ക് കൂടിയതും, തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്.ഇതേ നീരൊഴുക്ക് തുടര്‍ന്നാല്‍ നാലു മണിക്കൂര്‍ കൊണ്ട് 140 അടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തമിഴ്നാട്ടിലും കനത്തമഴ പെയ്ത സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ചൊവ്വാഴ്ച തുറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ അണക്കെട്ട് തുറക്കാനുള്ള തീരുമാനം തമിഴ്നാട് ഉപേക്ഷിക്കുകയായിരുന്നു.

കേരളം

സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഉയരുന്നു; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്, 2 മരണം

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പുറത്തു വന്നു. തിങ്കളാഴ്ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയര്‍ന്നത്. കേരളത്തിലെ കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്നു വരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊവിഡ് ബാധിച്ച് കേരളത്തില്‍ ഇന്നലെ രണ്ടു പേര്‍ മരിച്ചു. 292 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം (ആക്ടീവ് കേസുകള്‍) 2041 ആയി ഉയര്‍ന്നു.  ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്. കര്‍ണാടകയില്‍ ഒമ്പതു പേര്‍ക്കും ഗുജറാത്തില്‍ മൂന്നു പേര്‍ക്കും ദില്ലിയില്‍ മൂന്നു പേര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന്‍റെ ജെഎന്‍1 ഉപവകഭേദം കേരളത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ കേസുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച കേരളത്തില്‍ ആക്ടീവ് കേസുകള്‍ 1749 ആയിരുന്നതാണ് ചൊവ്വാഴ്ച 2041 ആയി ഉയര്‍ന്നത്. ഇന്നലെ രാജ്യത്താകെ 341 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2311 ആയി ഉയര്‍ന്നു. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകളില്‍ 88ശതമാനത്തിലധികം കേസുകളും കേരളത്തിലാണ്.  അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലമാണ് കേരളം. ഇതിനാലാണ് ഇവിടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ വിശദീകരണം. രോഗലക്ഷണമുള്ളവരെ ഉള്‍പ്പെടെ കൂടുതലായി പരിശോധന നടത്തിയതിനാലുള്ള സ്വഭാവിക വര്‍ധനവാണിതെന്നും ആശങ്ക വേണ്ടെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.