വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

ചക്ക കഴിച്ച് 'ഫിറ്റാ'യി! ബ്രെത്ത് അനലൈസറില്‍ കുടുങ്ങി കെഎസ്ആര്‍ടിസി ഡ്രൈവര്‍

മലയാളികളുടെ പ്രിയപ്പെട്ട പഴമാണ് ചക്ക. എന്നാല്‍ ഒരു ചക്ക കൊടുത്ത പണി കാരണം അന്തംവിട്ടിരിക്കുകയാണ് പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാര്‍. എന്താണ് കാര്യം എന്നല്ലേ… ചക്ക കഴിച്ചവരെയെല്ലാം ആപ്പിലാക്കിയിരിക്കുകയാണ് ബ്രെത്ത് അനലൈസര്‍. വെള്ളിയാഴ്ച്ച രാവിലെ വീട്ടില്‍ നിന്ന് വരുമ്പോള്‍ നല്ല വരിക്ക ചക്ക കിട്ടി. എന്നാല്‍, ഈ ചക്ക സഹപ്രവര്‍ത്തകര്‍ക്ക് കൂടി കൊടുക്കാമെന്നാണ് കരുതിയാണ് ഒരു ഡ്രൈവർ ചക്ക ഓഫീസിലേക്ക് കൊണ്ടുവന്നത്. രാവിലെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍ കൊണ്ടുവന്ന ചക്കപ്പഴം എല്ലാവരും ആസ്വദിച്ച് കഴിച്ചു. എന്നാല്‍, പണി കിട്ടിയത് വെറും വയറ്റിലാണെന്ന് പോലും ഓര്‍ക്കാതെ മൂന്ന്, നാല് ചക്കച്ചുള കഴിച്ച ഒരു ഡ്രൈവര്‍ക്കായിരുന്നു. ഡിപ്പോയില്‍ പതിവായി നടക്കുന്ന ഊതിക്കല്‍ പരിപാടിയില്‍ ബ്രത്തലൈസര്‍ പൂജ്യത്തില്‍ നിന്ന് പത്തിലേക്ക് കുതിച്ചു. എന്നാല്‍ അപ്പോഴും ചക്കയെ ഒന്ന് സംശയിക്കുക പോലും ചെയ്യാതെ ഡ്രൈവര്‍ പറഞ്ഞു, 'ഞാന്‍ മദ്യപിച്ചിട്ടില്ല സര്‍'. ബ്രത്തലൈസര്‍ അങ്ങനെ കള്ളം പറയുമോ. എന്നാല്‍ ഒന്ന് പരിശോധിക്കാമെന്ന് കരുതി അവിടെ നിന്ന മറ്റൊരാളെക്കൊണ്ട് ഊതിച്ച് നോക്കി. ബ്രത്തലൈസര്‍ അനങ്ങിയില്ല. ഡ്രൈവര്‍ ആകെ ആശയ കുഴപ്പത്തിലായി. എന്നാലും, താന്‍ മദ്യപിച്ചിട്ടില്ല എന്ന വാദത്തില്‍ അയാള്‍ ഉറച്ച് നിന്നു. വേണമെങ്കില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാകാമെന്നും ഇയാൾ സമ്മതിച്ചു. ഡ്രൈവറെ വിശ്വാസമുണ്ടെങ്കിലും ബ്രത്തലൈസറിനെ പൂര്‍ണമായും തള്ളിക്കളയാനാവാത്തതിനാല്‍ വൈദ്യപരിശോധന നടത്താമെന്നായി അധികൃതര്‍.

കേരളം

സംസ്ഥാന വ്യാപകമായി നാളെ കെഎസ്‌യു പഠിപ്പുമുടക്ക്..

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.യു പ്രതിഷേധം ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ കെ.എസ്.യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.    

കേരളം

എ.ഐ ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങി പിഴ കിട്ടിയിട്ടും അടയ്ക്കാത്തവരെ പൂട്ടാന്‍ മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം:-എ.ഐ ക്യാമറയില്‍ ഉള്‍പ്പെടെ കുടുങ്ങി പല തവണ പിഴ കിട്ടിയിട്ടും അടയ്ക്കാതെ അതേ വാഹനത്തില്‍ തന്നെ സവാരി നടത്തുന്നവരെ പൂട്ടാന്‍ മോട്ടോര്‍ വാഹനവകുപ്പ്.നിയമലംഘനവും പിഴയടയ്ക്കാതിരിക്കലും ശീലമാക്കിയവരുടെ വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കും. പിഴപ്പലിശ സഹിതം അടച്ച്‌ തീര്‍ത്ത് നിയമ നടപടികള്‍ പൂര്‍ത്തിയാക്കുമ്ബോള്‍ അതുവരെ വാഹനം സൂക്ഷിച്ചതിന്റെ വാടക കൂടി ഈടാക്കും. മോട്ടോര്‍വാഹനവകുപ്പ് ഓഫീസ് വളപ്പുകളിലും പൊലീസ് സ്റ്റേഷനുകളിലും വാഹനങ്ങള്‍ സൂക്ഷിക്കുന്നതില്‍ നിലവിലുള്ള സ്ഥലപരിമിതി മറികടക്കാനായി സ്വകാര്യ കേന്ദ്രങ്ങളിലായിരിക്കും വാഹനങ്ങള്‍ സൂക്ഷിക്കുക. പിഴ വകുപ്പിനും വാടക സ്വകാര്യ സംരംഭകനും ലഭിക്കും. തിരുവനന്തപുരം ഈഞ്ചയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് മോട്ടോര്‍വാഹന വകുപ്പ് ഈ രീതിയില്‍ വാഹനങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തത് തടസമായിരുന്നു. പെര്‍മിറ്റും ഫിറ്റ്‌നസും ഇല്ലാത്ത ഓട്ടോറിക്ഷകളും, സാങ്കേതിക പോരായ്മയുള്ള സ്വകാര്യ ബസുകളും ടാക്‌സി കാറുകളും നിരത്തിലുണ്ട്. സൂക്ഷിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയാല്‍ ഉടന്‍ ഇവയും പിടിച്ചെടുക്കും. അമിതഭാരം കയറ്റുന്ന ചരക്ക് വാഹനങ്ങളും പിഴ ഒടുക്കിയില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കും. ഇതോടെ പിഴ, നികുതി കുടിശ്ശിക ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.ഭദ്രമായി സൂക്ഷിക്കും എം.വി.ഡിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്വകാര്യ വ്യക്തികള്‍ക്ക് വാഹന കണ്ടുകെട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാം.ചുറ്റുമതിലും നിരീക്ഷണ ക്യാമറകളും വേണം. സുരക്ഷാ ജീവനക്കാരനെയും നിയോഗിക്കണം. വാഹന പരിശോധനയ്ക്കിടയില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ ഇവിടേയ്ക്ക് കൈമാറും. ഓഫീസില്‍ നിന്നും പിഴ അടച്ച രസീതുമായി വന്ന് വാഹനം തിരികെ കൈപ്പറ്റാം. വാഹനം സൂക്ഷിക്കുന്നതിന് നിശ്ചിത തുക വാഹന ഉടമയില്‍ നിന്നും ഈടാക്കും.  

കേരളം

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

 നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്‌ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കം കുറിച്ചത്. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ കഴിഞ്ഞ ദിവസം യമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ചർച്ചകളിൽ പങ്കാളികളായിരുന്നു. ഹബീബ് അബ്‌ദുൾ റഹ്മാൻ മഹ്ഷൂസിന്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിന്റെ ഉന്നതതല സംഘം തലാലിന്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിലാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്. ഉത്തരയമനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം. ഈയൊരു സാഹചര്യത്തിൽ തലാലിന്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യം തന്നെയുണ്ടായിരുന്നു. എന്നാൽ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു എന്നതാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളിൽ നിർണ്ണായകമായത്. കേന്ദ്ര സർക്കാരിന് പോലും ഇടപെടാൻ പരിമിതിയുണ്ടായിരുന്ന വിഷയത്തിലായിരുന്നു കാന്തപുരം ഇടപെട്ട് അനൗദ്യോഗിക ചർച്ചകൾക്കുള്ള സാധ്യത തുറന്നത്.  

കേരളം

മൂവാറ്റുപുഴയിൽ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ചു: 25പേർക്ക് പരുക്ക്

മൂവാറ്റുപുഴ: പോത്താനിക്കാട് ആയങ്കരയിൽ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരുക്ക്. ആരുടേയും നില ​ഗുരുതരമല്ല.ശനി രാവിലെ പോത്താനിക്കാട് മൂവാറ്റുപുഴ റോഡിൽ കക്കടശ്ശേരിയിലാണ് അപകടം സംഭവിച്ചത്. ബസ്സും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ 8 മണിക്കാണ് അപകടം സംഭവിച്ചത്. മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരുക്കേറ്റത്.ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ കോതമംഗലത്തെയും മൂവാറ്റുപുഴയിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കേരളം

സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ. കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പഠിപ്പുമുടക്കും. സർവകലാശാലകൾ കാവി വത്കരിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെയായിരുന്നു ഇന്നലെ എസ് എഫ് ഐ പ്രതിഷേധം. കേരളാ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 30 പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് നാളെ പഠിപ്പ്മുടക്ക്. 

കേരളം

കല്ലേറിനെ പേടിക്കണം; ഹെൽമെറ്റ് ധരിച്ച് വണ്ടിയോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

റാന്നി: ദേശീയ പണിമുടക്ക് ദിനത്തിൽ നിരത്തിലിറങ്ങിയ കെഎസ്ആർടിസി ബസുകളെ സമരാനുകൂലികൾ തടഞ്ഞു. ചുരുക്കം ചില ജില്ലകളിൽ സർവീസ് നടത്തിയ ബസുകളെയാണ് തടഞ്ഞത്. കൊച്ചിയിലും തിരുവനന്തപുരത്തും സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസ് തടയുന്ന സംഭവമുണ്ടായി. ഇതോടെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവച്ചു.ഇതിനിടയിൽ ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെൽമെറ്റ്‌ ധരിച്ചു വണ്ടി ഓടിച്ചത്. കല്ലേറ് ഭയന്നാണ് ഹെൽമറ്റ് ധരിച്ച് ബസ് ഓടിക്കാൻ ഡ്രൈവർ തീരുമാനിച്ചത്. എന്നാൽ, ഈ ബസ് അടൂരിൽ സമരാനുകൂലികൾ തടഞ്ഞതോടെ സർവീസ് നിർത്തേണ്ടതായി വന്നു.

കേരളം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്കില്‍ പങ്കെടുക്കും; ഗതാഗതമന്ത്രിയെ തള്ളി യൂണിയനുകള്‍

തിരുവനന്തപുരം :നാളെ നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിനെ തള്ളി തൊഴിലാളി സംഘടനകള്‍. കെഎസ്ആര്‍ടിസി യൂണിയനുകള്‍ ദേശീയ പണിമുടക്കില്‍ പങ്കെടുക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബിഎംഎസ് മാത്രമാണ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് സംഘടനകള്‍ സിഎംഡിയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ നാളെ സര്‍വീസ് നടത്തുമെന്നും ജീവനക്കാര്‍ സന്തുഷ്ടരാണെന്നും അതുകൊണ്ട് അവര്‍ക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു. ജീവനക്കാരുടെ ആരോഗ്യപ്രശ്‌നങ്ങളെല്ലാം പരിഗണിച്ചു. അവര്‍ക്ക് ഒരു അസംതൃപ്തിയുമില്ല. കെഎസ്ആര്‍ടിസി പൊതുഗതാഗത സംവിധാനമാണ്. പണിമുടക്കില്‍ നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാരെ ഒഴിവാക്കുമെന്നാണ് വിശ്വാസം. സമരം ചെയ്യാന്‍ പറ്റുന്ന ഒരു സാഹചര്യമല്ല കെഎസ്ആര്‍ടിസിക്കുള്ളത്’, എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് 10 തൊഴിലാളി യൂണിയനുകളാണ് സംയുക്തമായി പണിമുടക്കുന്നത്. നാളെയാണ് അഖിലേന്ത്യാ പണിമുടക്ക്. വിവിധ വിഭാഗങ്ങളിലായി 25 കോടിയോളം വരുന്ന തൊഴിലാളികള്‍ പങ്കെടുക്കുമെന്നാണ് യൂണിയനുകള്‍ പറയുന്നത്. യൂണിയനുകള്‍ മുന്നോട്ടുവെച്ച 17 ഇന നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.